Friday 14 October 2011

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി.....

അലയരുതിനിയൊരു സ്വര്‍ഗ്ഗം തേടി
അതുരുകിത്തീര്‍ന്നു പ്രഹേളികയായി
അടിമുടി മാറി അലകും പിടിയും
അതി ദ്രുതമീയൊരു നാടും പ്രജയും  .

നാടും നഗരവുമോന്നായ് തീര്‍ന്നു
നല്ലൊരു ഭാവി നഞ്ചായ്‌ തീര്‍ന്നു
നവയുഗ ലോക പിറവിക്കായി
നാട് ഭരിച്ചവര്‍ മറവിയിലാണ്ടു

കാലം മാറി കഥയും മാറി
കാണെക്കാണേ ജീവിതവും
കാണ്മാനില്ല നല്ല കിനാക്കള്‍
കത്തും വയറിന്‍ കാരണവും .


പണമുള്ളോര്‍ക്കൊരു സ്വര്‍ഗ്ഗം കാണാം
പറ്റാത്തോര്‍ക്കത് നരകവുമാകാം
പത്തു പണത്തിനു കുത്ത് നടത്താം
ഒത്തു കളിച്ചത് ഇല്ലാതാക്കാം

പെണ്ണിന്‍ മേനി നല്ല ചരക്കായ്
പൊന്നിന്‍ വിലയും മേല്‍പ്പോട്ടായ്
പാവം പെണ്ണിന് ജീവിതമെന്നത്‌
പണ്ടേപ്പോലെ നടക്കാതായ് .

കള്ളന്മാര്‍ക്കൊരു കൂട്ടിന്നായി
ഭരണക്കാരൊരു കൊള്ളക്കാരായ്.
പാവങ്ങള്‍ക്കൊരു കരാഗൃഹമായ്
പാരിന്‍ നടുവിലീ ഭാരതവും.

പണ്ട് നമുക്കായ് പലരും വന്നു
ബുദ്ധനും ക്രിസ്തുവും ഗാന്ധിയുമായവര്‍
പലതും ചൊല്ലി ഭ്രാന്തു കുറച്ചു
പാവം ജനത തന്‍ കണ്ണ് തുടച്ചു .

ഇന്ന് നമുക്കിനി വരുവാനില്ല
പണ്ടേപ്പോലെ മഹാന്മാരോത്തിരി
വട്ടു പിടിച്ച ജനത്തിനെയാകെ
നേര്‍വഴിയോന്നു നയിച്ചീടാനായ്.

ജനിച്ചവരൊക്കെ മരിച്ചീടേണം
മരിക്കുംവരെയും ജീവിക്കേണം
കഷ്ട്ടം ജീവിതമിത്തരമെങ്കില്‍
ജനിക്കും മുന്‍പേ മരിച്ചീടേണം .







Tuesday 11 October 2011

എന്നുടെ ജീവിതം

ചറ പറ ചറ പറ മഴ പെയ്തു
കള കളമൊഴുകീ മഴവെള്ളം,
പലവഴിയോഴുകീ മഴവെള്ളം
ഒരു നീര്‍ച്ചാലായ്  മഴവെള്ളം .


പല നീര്‍ച്ചാലുകള്‍ ഒന്നായി
ഒരു കുഞ്ഞരുവിയായ്  കുളിരായി,
ഒരു കുഞ്ഞരുവീ കുളിരരുവീ
ഒരു ചെറു തോടായ് കൈത്തോടായ് .


ചെറു തോടുകളൊരു വന്‍ തോടായ്
ഒരു പുഴ തന്നില്‍ അലിയുകയായ്
ഒരു പുഴ പലപുഴ ഒഴുകി ചേര്‍ന്നതു
വന്‍ കടലായി പെരുങ്കടലായ് ..


കടലില്‍ തിരകള്‍ ചുഴികള്‍ മലരികള്‍
എന്നുടെ ജീവിതമത്‌ പോലെ...

Monday 26 September 2011

സ്വപ്നലോകം

ചന്ദനപ്പല്ലക്കില്‍ ഞാന്‍ പോയ ലോകങ്ങള്‍
ചാലിച്ചെടുത്തു നിനക്ക് ഞാന്‍ നല്‍കുകില്‍
മധുര സ്വപ്‌നങ്ങള്‍ പോലെ നിനക്കതു
മറക്കുവാനാവില്ല ജീവിതത്തില്‍

ചാമരം വീശുന്ന കൊച്ചു കാറ്റില്‍
ചാഞ്ചാടിയാടുന്ന കൊച്ചു മാവില്‍
ചെഞ്ചോര നിറമാര്‍ന്ന തേന്‍ കനികള്‍
ചെമ്മേ പഴുത്തു വിളഞ്ഞാടി നില്‍ക്കും.

തെളി നീരോഴുകുന്ന കുളിരരുവീ , ഇതില്‍
പാദം നനച്ചാല്‍ കുളിര് കോരും
പ്രകൃതിക്ക് കിട്ടിയതെവിടെന്നിത്രയും
മുത്തുകള്‍ വാരി വിതറുവാനായ്

ഇരുളും വെളിച്ചവും ഇണചേര്‍ന്നു രമിക്കുമീ
ബാല്യം തിമര്‍ത്തോരീ ഇടവഴികള്‍
പാദങ്ങള്‍ ചേര്‍ത്തൊന്നു വെക്കുകില്‍ ചൊല്ലിടും
പഴങ്കഥയേറെ നിനക്ക് കേള്‍ക്കാന്‍ .

ചെമ്പാവ് നിറകതിര്‍ ചാര്‍ത്തിയ പാടങ്ങള്‍
അതിരിട്ട കല്പ്പവൃക്ഷത്തിന്‍ തോപ്പുകള്‍ ,
പൂ ചൂടും മാമാരക്കുടകള്‍ക്ക്  താഴെ
നിറസന്ധ്യ കുങ്കുമം പൂശിയ ചെറു വഴികള്‍.

തൂമഞ്ഞു തൂകുന്നപ്രഭാതങ്ങള്‍ കണ്ടുവോ
തുള്ളിത്തെറിക്കുമീ മഴത്തുള്ളി കണ്ടുവോ
ഉള്ളം നിറയ്ക്കുമീ തണുത്ത കാറ്റും
പൊള്ളുന്ന വേനലും തൊട്ടറിഞ്ഞോ ?

പറയുവാനേറെയുണ്ടെങ്കിലും തോഴീ
ചൊല്ലുവാനാവില്ല നിറസ്വപ്നക്കാഴ്ചകള്‍ .
നേരിട്ട് കാണുവാനാവില്ല നിനക്കിതു
കാണുവാന്‍ സ്വപ്‌നങ്ങള്‍ മാത്രമാണാശ്രയം.

Wednesday 21 September 2011

പഥികന്‍

പഥികന്‍ ഞാന്‍ പൊരിവെയിലില്‍
പലതവണ തലചായ്ച്ച
പൂമരം വെട്ടിയതാരണാവോ?
ലോകര്‍ക്ക് മുഴുവനും തണലേകി നിന്നോരീ
പൊന്‍ മരം വെട്ടിയതാരാണാവോ  ?

പൊരിവെയില്‍ പൊള്ളിച്ച പാദങ്ങളോടെ ഞാന്‍

പലതവണ കേറിക്കിടന്ന ഗേഹം ,
പകലറുതി വിതാനിച്ച പഴം തുണിക്കെട്ടുകള്‍
തലയിണയാക്കി കിടന്ന ഗൃഹം .
പലതും ചിന്തിച്ചു പിഞ്ഞിയ മനതാരില്‍
പലവര്‍ണ്ണ സ്വപ്‌നങ്ങള്‍ തെളിഞ്ഞ ലോകം .

പാതിമെയ്യും പിന്നെ പിറന്നൊരു മക്കളും

ദയയോട്ടുമില്ലാതെ എറിഞ്ഞ ദേഹം .
ജീവിതം തീരുന്ന കാലം വരേയ്ക്കും
തെണ്ടി തീര്‍ക്കേണ്ട പാപ ജന്മം .
ആരാരും കൂട്ടിനില്ലാത്തോരീ ജീവിത
സാഗരം താണ്ടേണ്ട മനുഷ്യ ജന്മം .

പാമ്പും തേളും  പെരുച്ചാഴിയും

വിഷസഞ്ചി നിറച്ചൊരീ മരച്ചുവട്ടില്‍
പാതി മെയ്യായവള്‍ക്ക് പകരമായ്
കൂടെ ശയിപ്പരിവര്‍ കൂട്ടുകാരായ്.

താണ്ടുവാനിനിയെത്ര ഉണ്ടെന്നറിയാതെ

തെണ്ടുന്നു ഞാനിന്നും ഏകനായി
താണ്ടി തീരുമ്പോള്‍ തെണ്ടിക്കഴിയുമ്പോള്‍
തീരുമെന്‍ ജന്മം പാഴ് ചണ്ടിയായ്.

കാലിലെ ഞരമ്പുകള്‍ പോലെ പിണഞ്ഞോരീ

വേരുകള്‍ വല തീര്‍ത്ത പൊന്‍ പൂമരം
ആരോരുമില്ലാത്തവര്‍ക്കായി പ്രകൃതി തന്‍
കൊട്ടാരമീ വന്‍ പൊന്‍ പൂമരം.

പച്ചയാം കുട നീര്‍ത്തി പരിലസിക്കുന്നോരീ

വന്മരക്കുടകളെ നശിപ്പിക്കുവോര്‍
മനുഷ്യ കുലത്തിന്‍റെ തായ് വേരറുത്തിടും
ഭൂമിയൊരു മരുഭൂവായ് മാറ്റിടും നിശ്ചയം ..! 

Wednesday 17 August 2011

എന്‍റെ നാട്

നമ്മള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ
ഭരിക്കുന്ന 
നാട്ടിലെ കൌതുകങ്ങള്‍
 
ഭരിക്കപ്പെടുന്ന
ജനങ്ങള്‍ തന്‍റെ
ആരും കേള്‍ക്കാത്ത സങ്കടങ്ങള്‍....!


കട്ട് മുടിക്കുവാനുള്ളതൊന്നും
കഴിവതും ഒഴിവാക്കാ മനുഷ്യ ജന്മം
ഭരണാധിപന്‍മാരായി പിറവി  കൊണ്ടാല്‍ 
നഷ്ടപ്പെടുന്നത് നമുക്ക് മാത്രം .

കേരള നാട്ടിലെ റോഡു കണ്ടാല്‍

തോടുകള്‍ പോലെ തോന്നുമെങ്കില്‍
തെറ്റെന്നു ചോല്ലുവാനായിടുമോ
കുറ്റം പറഞ്ഞിടാനായിടുമോ ?

അധോലോക സംഘങ്ങള്‍ മാഫിയാകള്‍

ആരെയും പേടിക്കുവാനില്ലത്തവര്‍
കൈകളും കാലും കണക്കു പറഞ്ഞു
കനിവോട്ടുമില്ലാതെ ചേദിക്കുവോര്‍ ..!

കഴുത്തിലെ മാലയോന്നണിയുവാനാകില്ല   

കല്യാണമൊന്നു കൂടുവാന്‍ പോലും
 ഏതു നേരത്തും വഴിയോരത്ത് നിന്നും
പൊട്ടിച്ചെടുത്തിടും ആരെങ്കിലും..!

അമ്മയുമില്ല അച്ചനുമില്ല

കൂട്ടുകുടുംബങ്ങള്‍ ഒന്നുമില്ല
കാമം ഇഴനെയ്ത പയകള്‍ക്കുള്ളില്‍
ബന്ധങ്ങള്‍ക്കൊട്ടുമേ വിലയുമില്ല ..!

സ്നേഹവുമില്ല കരുണയില്ല

സഹജീവി സ്നേഹം തീരെയില്ല
അലിവില്ലാ ഹൃത്തടവുമായി പിറക്കുവോര്‍
മാര്‍ജ്ജാര വംശത്തില്‍ പോലുമില്ല ..!

പരിതപിച്ചീടുവാന്‍ നേരമില്ല

പലതും പറഞ്ഞിടാന്‍ സമയമില്ല
പടവാളെടുക്കുക പോരാടുക
ഒരു നല്ല നാളേക്ക് വേണ്ടിയെന്നും ...!

Saturday 13 August 2011

മുഖഭാവം

ആദ്യമായി യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു  സ്നേഹത്തോടെ ഉള്ളം കയ്യിലെ നെല്ലിക്ക ഒരിളം ചിരിയോടെ അവള്‍ എനിക്ക് നേരെ നീട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വേണ്ട " എന്ന് . അന്ന് എന്തായിരുന്നു ആ മുഖത്തെ ഭാവം എന്ന് എനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ വയ്യ . പിന്നെ ഹൈസ്കൂളില്‍ വെച്ച് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ വെളുത്തു തടിച്ചു വാലിട്ടു കണ്ണെഴുതി എന്നും മുഖത്തൊരു പുഞ്ചിരി ഒളിപ്പിച്ചു വന്നിരുന്ന ആ പാവം പെണ്ണിന് ഒരു മറുപടിയും കൊടുക്കാതെ തല താഴ്ത്തി നടന്നു നീങ്ങിയപ്പോഴും അവളുടെ മുഖത്തെ ഭാവം എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസം .പിന്നെയും സ്കൂളിലും കൊളെജിലുമായി എത്ര പേര്‍..?  ഞാന്‍ ആരെയും മനസ്സ് തുറന്നു പ്രേമിച്ചിട്ടില്ല . എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരോടൊക്കെ ഞാന്‍ പറഞ്ഞതും ചെയ്തതും നിഷേധഭാവത്തിലായിരുന്നു .പഠിത്തം കഴിഞ്ഞ് പിന്നെയും എത്ര പേര്‍ ...രമ്യ മേനോന്‍ ..അശ്വതി വര്‍മ ...ലതിക ...ഗീത .. പിന്നെ..  അങ്ങനെ എത്ര പേര്‍..?  എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു . എനിക്കും എല്ലാവരെയും ഇഷ്ടമായിരുന്നു പക്ഷെ ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല
എല്ലാം കേട്ട് കഴിഞ്ഞ് ഭാര്യ പറഞ്ഞു .."ശരിയാണ് നിങ്ങള്‍ക്ക് പ്രേമിക്കാനറിയില്ല ..ഈ എന്നെയും " അത് പറഞ്ഞു അവള്‍ തിരിഞ്ഞു കിടന്നു . ഇരുട്ടാണെങ്കിലും ഭാര്യയുടെ മുഖത്തെ ഇപ്പോഴത്തെ  ഭാവം എന്താണെന്ന് എനിക്കിപ്പോള്‍ കൃത്യമായി വായിച്ചെടുക്കാനാവുന്നുണ്ട് .

ഇനിയില്ല തോഴീ ...

കളിവീണ മീട്ടിയെന്‍ കരളു കൊണ്ടെങ്കിലും
കരളേ മറക്കുവതെങ്ങനെ നിന്നെ ഞാന്‍
കരയുന്നു ഞാനിന്നു നീറുന്ന മനസ്സുമായ്
കര കേറുവാനാവാത്ത  ദുഖത്തിന്‍ കടലിലായ്

വ്യാകുല ചിന്തകളല്ലാതെ മറ്റൊന്നും

വ്യര്‍ത്ഥമെന്‍ ജീവിത പന്ഥാവിലില്ലല്ലോ
എത്ര കഴിഞ്ഞാലും മറക്കാത്തോരോര്‍മ്മകള്‍
എന്തിനു നല്‍കി മറഞ്ഞു നീ ഓമലെ

പിരിയുമ്പോള്‍ തമ്മില്‍ പറഞ്ഞോരാ വാക്കുകള്‍

നൊമ്പരത്തീയില്‍ വിളഞ്ഞോരാ കനലുകള്‍
എല്ലാം മറഞ്ഞുവോ എലാം മറന്നുവോ
കാലം കടക്കവേ കാമിനി നീ

തിരിച്ചെത്തി നീയെന്‍റെ സ്വന്തമെന്നോര്‍ത്തു ഞാന്‍

ഓര്‍മ്മയില്‍ സൂക്ഷിച്ചൊരായിരം കിനാവുമായ് 
ഓര്‍ത്തെടുത്തീടുവാനാവില്ല വാക്കുകള്‍
നീയെന്നെ അനാഥനായ്‌ മാറ്റിയ വാക്കുകള്‍

മറഞ്ഞു നീ ചക്രവാളത്തിന്‍റെ  സീമയില്‍

ചെറിയൊരു ഓര്‍മത്തെറ്റായി തോഴീ
ഇനി നിനക്കില്ല ഞാനെന്ന തോഴന്‍
ഇനി നിന്നെയോര്‍ത്തു കരയുന്ന കാമുകന്‍

Saturday 6 August 2011

ചക്രവാളങ്ങള്‍ ചുവക്കുന്ന നേരം

ചക്രവാളങ്ങള്‍ ചുവക്കുന്ന നേരം
ചുവക്കുന്നു നിന്നുടെ കവിളുകളെന്‍  സഖീ
പുലരിയുദിക്കുന്ന  നേരത്ത് നിന്നുടെ
പൂമേനി പോന്നായ്‌ തിളങ്ങുന്നു തോഴീ..!

ചന്തം തികഞ്ഞൊരു പൂമേനി കണ്ടിട്ടു

ചന്ദ്രിക പോലും നമിക്കുന്നു നിന്നെ
ചാരത്തിരിക്കിലോ സുന്ദരീ നിന്‍ ഗന്ധം
ചന്ദനം പോലെ എത്ര മനോഹരം..!

ചെന്തളിരോത്ത കപോലങ്ങള്‍ രണ്ടിലും

ചുംബന പൂകൊണ്ട് മൂടുവാന്‍ മോഹം
ചെന്താമര മൊട്ടു കൂമ്പുന്ന മാറില്‍
ചായാന്‍ എനിക്കുള്ളില്‍ വല്ലാത്ത മോഹം..!

പരല്‍മീന്‍ പോലെ പായുന്ന കണ്ണില്‍

പകല്‍ കിനാവുകള്‍  ഒളിപ്പിച്ചു നീ പൊന്നെ
പലവട്ടം കൊതിപ്പിച്ചു പൈങ്കിളി നീ  എന്നെ
പല നാളില്‍ മോഹിച്ചു പെണ്‍മണീ നിന്നെ..!

ഇന്നെന്‍റെ കരളകം നോവിച്ചു പോയി നീ

ഇന്നെന്‍റെ ഹൃത്തടം വേവിച്ചു മാഞ്ഞു നീ
ഇനി വരാത്തൊരാ ദൂരത്തു മറഞ്ഞു നീ
ഇനിയാരെ തേടി അലയണം ഞാനിനി .?

Thursday 4 August 2011

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ പ്രതീക്ഷകളുടെ ഒരു കൊച്ചു കടലാസ് തോണിയിറക്കി ജീവിത പ്രാരാബ്ദങ്ങളുടെ മറുകര ലക്ഷ്യമാക്കി കയ്യും മെയ്യും മറന്നു തുഴയുന്നവരാണ് പ്രവാസികള്‍ ..ദൂരെയെവിടെയോ തനിക്കു മാത്രമായി ഒരു സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടെന്ന് കിനാവ്‌ കാണുന്നവര്‍.കഷ്ട്ടപ്പടുകളുടെ കണക്കില്ലാത്ത കാര്‍മേഘങ്ങളും കൊടുങ്കാറ്റും ഉരുണ്ടു കൂടുമ്പോഴും താന്‍ സ്നേഹിക്കുന്നവരുടെ മുഖങ്ങള്‍ മനസ്സിലാവാഹിച്ചു നല്ല നാളെയുടെ പോന്നമ്പിളി തെളിയുമെന്ന് സ്വപ്നം കണ്ട് ലക്‌ഷ്യം മാത്രം മനക്കണ്ണില്‍ കണ്ട് തുഴയുന്നവര്‍.......ഒടുവില്‍ ജീവസ്സറ്റ ജന്മം ഒരു പാഴ്ച്ചണ്ടിയുടെ വിലപോലും ലഭിക്കാതെ വലിച്ചെറിയപ്പെടുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.........!.

Tuesday 2 August 2011

അമ്മ

അമ്മേ ഞാനറിഞ്ഞീല നിന്‍ മൃദുഭാവം
ആരും കൊതിക്കുന്ന ശാലീന ഭാവം
ആര്‍ദ്രത തുളുമ്പുമീ  ആത്മഭാവം
അമ്മതന്‍ നിര്‍മ്മല ശാന്ത ഭാവം

ആത്മ നൊമ്പരം കരള്‍ തിന്നും നേരത്ത്
ആരും കൊതിക്കുന്ന സാന്നിധ്യം നീ
അലയാഴി പോലെ ജീവിതം കയര്‍ക്കുമ്പോള്‍
അരികിലൊരു സാന്ത്വനമാകുന്നു നീ

അപകടം കണ്‍മുന്നില്‍  തിറയാടും നേരത്ത്
ആരും തിരിഞ്ഞോടാന്‍ മറക്കുന്ന നേരത്ത്
അമ്മേ എന്നോരാ വിളി മാത്രമേകുന്ന
ആത്മ ധൈര്യം വേറെ എനിക്കാരു നല്‍കും

അലിവിന്‍റെ സാഗരം നീയെന്നറിയുന്നു
അനന്തമാം സ്നേഹം നീയെന്നറിയുന്നു
അവിരാമം ഒഴുകും കരുണതന്‍ കടലേ
ആപാദചൂടം അറിയുന്നു നിന്നെ


അറിയുന്നു ഞാനീ പാദങ്ങള്‍ തന്‍ ചോട്ടില്‍
അണിയുന്നു സ്വര്‍ഗ്ഗങ്ങള്‍ നീയെങ്കിലും
അറിവില്ലാ പൈതങ്ങള്‍ സ്വര്‍ഗങ്ങള്‍ തേടുന്നു
അറിയാതെ അറിയാതെ ഈ ലോകമെങ്ങും