Saturday 30 July 2011

എന്‍ ഗ്രാമ കാഴ്ചകള്‍

മലകള്‍ പുഴകള്‍ നിറയും ഗ്രാമമേ
മന്ദാര മലര്‍വനിയുള്ളൊരു  നാടേ 
മാനസ സാരസാം മഞ്ജുള മേടേ
മനം നിറച്ചീടുമൊരു സൌമ്യയാം ഭൂവേ

നിന്‍ മടിത്തട്ടില്‍ വീണു മുളക്കുവാന്‍

നിന്‍ മണിമേടയില്‍ ഉരുണ്ടു കളിക്കുവാന്‍
നിന്‍റെ വിശാലമാം ഭൂവില്‍ വളരുവാന്‍
നിസ്തുല ഭാഗ്യം ഇതെനിക്കീശന്‍ നല്‍കിയോ

നിറവാര്‍ന്ന ഭംഗിയില്‍ കുളിച്ചു നീ നിന്നു

നിറമാര്‍ന്നു  തുള്ളി തുളുമ്പി നീ നിന്നു
നിത്യമെന്‍ കണ്ണില്‍ പുഞ്ചിരിയായി നീ 
നിത്യ ഹരിത പൂ ചൂടി നിന്നു

നിലാവില്‍ കുളിക്കുമീ നിത്യ സൗന്ദര്യം

നിറവാര്‍ന്നു കേള്‍ക്കുമീ നൂപുര സംഗീതം
നിലവിളക്കുപോല്‍ പ്രകാശിതമാകുമീ
നിറകുട സൌന്ദര്യമേ നമിക്കുന്നു ഞാന്‍

നീ ചൂടുമീ  വയല്‍പൂവുകള്‍

നീ കുളിച്ചീറന്‍ മാറുന്ന മഞ്ഞല
നീ ചുറ്റും ഹരിതാഭശോഭയാം പൊന്നാട
നേര്‍ത്ത കിനാവിന്‍റെ പൂവണി പൂമേട

നിലക്കാതെ ഒഴുകട്ടെ നീര്‍മണിച്ചാലുകള്‍

നിറുത്താതെ പെയ്യട്ടെ മഞ്ഞണി  മുത്തുകള്‍
നിറമാര്‍ന്ന ഗ്രാമത്തിന്‍ നിലാവണി കാഴ്ചകള്‍
നിറക്കട്ടെ കണ്ണുകളില്‍ ആനന്ദക്കാഴ്ചകള്‍ 

Sunday 24 July 2011

നിലാക്കിളി ഞാനൊന്നുറങ്ങിക്കോട്ടേ ....

നിറയുക നിറയുക
നീയെന്നില്‍ നിറയുക
നിറ വെണ്ണിലാവാം അഴകേ...
പൊതിയുക പൊതിയുക
നീയെന്നെ പൊതിയുക
നിറ കതിര്‍ ചൊരിയും നിലാവേ ...

നേര്‍ത്ത മന്ദസ്മിതത്തിന്‍  പൊരുളാം നീ

ലോല കപോലത്തിന്‍ ഉടമസ്ഥ നീ
നീരാടും രാക്കുളിരോളം നീ
നിറ തിങ്കളാകും പെണ്മണി നീ

നിനക്കായ് തുടിക്കുന്ന ഹൃദയത്തിനുള്ളിലെ

നീരത നീഹാര മണിമുത്തുകള്‍
നേര്‍ക്കുനേര്‍ ചൂടുവാന്‍ മോഹിക്കും മനസ്സിലെ
നയവേദ്യമാകുമെന്‍ പൂമ്പൊടികള്‍

നീയൊരു വാസന്തദേവിയായ് വിടരൂ

നീയെന്നെ പൂവിതള്‍ കൊണ്ടൊന്നു പൊതിയൂ
നിലക്കാതെ ഒഴുകുമാ ഗാനത്തിന്‍ നിറവില്‍
നിലാക്കിളി ഞാനൊന്നുറങ്ങിക്കോട്ടേ ....

ഞാന്‍ മോഹിക്കുന്നത്.......

ഞാന്‍ തിരയുന്നത്
എന്‍റെ കണ്ണിനു കാണാത്തത്
എന്‍റെ കാതിനു കേള്‍ക്കാത്തത്
എന്‍റെ ചുണ്ട് കൊണ്ട് മൊഴിയാത്തത് ..

ഞാന്‍ മോഹിക്കുന്നത്
എന്‍റെ ശരീരം അറിയാത്തത്
എന്‍റെ മനസ്സിന് ലഭിക്കാത്തത്
എന്‍റെ ഹൃദയത്തിന് മനസ്സിലാകാത്തത്

ഞാന്‍ മോഹിക്കുന്നത്
നിന്നെ....

Tuesday 19 July 2011

നീയെന്ന വേദന ..!

നഷ്ടപ്പെട്ടുവെന്നു ഞാനറിഞ്ഞ നിമിഷം ..എനിക്കത് വല്ലാത്ത വേദന...നീ എനിക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ നിന്നെപ്പറ്റി ഓര്‍ത്തതെ ഇല്ല ഇങ്ങനെ കരയാന്‍ മാത്രം ഞാനും നീയും തമ്മിലെന്താണ് ?ഒരുമിച്ചു ഒരേ സ്വപ്‌നങ്ങള്‍കണ്ടതോ ഒരേ കാര്യം സംസാരിച്ചതോ ഒരൊറ്റ രീതിയില്‍ ചിന്തിച്ചതോ ഒരു കടലാസ് തോണി പോലെ
ജീവിതനദിയില്‍ ഒഴുകിപ്പടര്‍ന്നതോ?
കാലം കണ്ണ് പൊത്തിക്കളിച്ചപ്പോള്‍    നമ്മുടെ വഴി രണ്ടായിപ്പിരിഞ്ഞു .ആദ്യമൊക്കെ എനിക്കുനിന്നെകാണാമായിരുന്നു എനിക്ക് നിന്നെ കേള്‍ക്കാമായിരുന്നു പിന്നെ  പിന്നെ കാഴ്ച നഷ്ട്ടപ്പെട്ടു കേള്‍വിയും ...ഇപ്പോള്‍,മരുഭൂമിയാണ് മുമ്പില്‍ .  മനം  നിറയെ നിന്നോര്‍മ്മകളും,മധുരിക്കുന്ന ബാല്യകാലവും ..ഈ ഊഷര ഭൂമിയില്‍ എന്‍റെ തേങ്ങലുമാത്രം ആരും കേള്‍ക്കുവാനില്ല .ഉണങ്ങി വരണ്ട ഈ കാറ്റുമാത്രം എന്നോട് മന്ത്രിച്ചു
"നീ വര്‍ത്തമാന കാലത്തിലേക്ക് മടങ്ങുക"

ഇനി നീ നീയാവുക ...!

നീ
എനിക്കെന്‍റെ കുഞ്ഞനുജന്‍
ഇടയ്ക്കു പിണങ്ങിയും
പിന്നെ അതിലേറെ ഇണങ്ങിയും
എന്‍റെ കൈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചവന്‍ ..

നീ
എന്നോടൊത്തു ഉണ്ടവന്‍
എന്നോടൊത്തു ഉറങ്ങിയവന്‍ ..
എന്‍റെ മിഴികളിലെ ഇരുളും വെളിച്ചവും
എന്നെക്കാളേറെ അനുഭവിച്ചവന്‍

നീ
എനിക്ക് പ്രിയപ്പെട്ടവന്‍ ..
എന്‍റെ പരിഭവത്തിനു നേരെ
മുഖം കറുപ്പിച്ചവന്‍
എന്‍റെ പ്രിയപ്പെട്ടവന്‍

നീ
എന്‍റെ വെണ്ണിലാവ്
എനിക്ക് നേരെ കോപത്തോടെ
വാളോങ്ങിയവര്‍ക്ക് നേരെ
എനിക്ക് പരിചയായവന്‍

നീ
ഒരു കോപത്തിന് മറുകണ്ടം ചാടിയവന്‍
മറു കോപത്തിന് തിരികെ വന്നവന്‍
ഇനി നീ നിലക്കാത്ത പ്രവാഹമാവുക
ഇനി നീ നീയാവുക.

ഓര്‍മ്മപ്പെടുത്തലുകള്‍ .

നിറവര്‍ണ്ണ സ്വപ്‌നങ്ങള്‍ എനിക്കിനിയില്ല
നിര്‍വൃതിയേകും നിമിഷങ്ങളില്ല
നിഴല്‍ക്കുത്ത് നാടകം നിറഞ്ഞൊരീ ജീവിതം
നിരാലംബമായി കിടക്കുന്നു വീഥിയില്‍

നിന്നെയോര്‍ത്തോന്നു  കേഴുന്നു കാമിനീ
നിദ്രയില്ലാത്തോരീ രാവുകള്‍ തോറും
നീയെനിക്കേകിയ നിര്‍മ്മാല്യ സൂനങ്ങള്‍
നെഞ്ചോടമര്‍ത്തി തേങ്ങുന്നു ഞാനിന്നും

ഓര്‍മ്മകാണില്ല  നിനക്കിന്നു ജിവിതം
ഓര്‍മ്മിച്ചെടുക്കാനുമാവില്ല  സത്യം
ഒത്തിരി മോഹിച്ചു നിര്‍മ്മല സാമീപ്യം
ഒറ്റക്കായെന്നു തോന്നിയ നേരവും .

മറ്റൊരു പൂവിനെ തേടിപ്പറന്നു നീ
മറ്റൊന്നും നിനക്കാത്തോരെന്നെ പിരിഞ്ഞു നീ
മായാത്ത ശോകത്തിന്‍ കടലിലെറിഞ്ഞു നീ
മറയാത്തൊരശ്രു കുടീരം പണിഞ്ഞു നീ

ഇനിയില്ല ജീവിതം മുന്നോട്ടു പ്രിയ സഖേ
ഇനിയില്ല സ്വപ്‌നങ്ങള്‍ കാണുന്ന കാലം
ഒഴുകുമീ ജീവിത കളിയോടമെന്‍ സഖീ
ഓര്‍മ്മപ്പെടുത്തലായ് ജീവിതം മുഴുവനും .

നിനക്ക് വേണ്ടി മരിക്കാം ...!

നീ ജനിക്കും മുമ്പേ ..
നിന്നെയും തേടി
നീല നിലാവില്‍ ഏകനായി
നിന്നെ തേടിയലഞ്ഞവന്‍ ഞാന്‍..

നീലത്താമര തന്‍ നിരുപമ സൌന്ദര്യം
നെഞ്ചിലേറ്റാന്‍ കൊതിച്ചവന്‍ ...
നിറമുള്ള സ്വപ്‌നങ്ങള്‍
നിനക്കൊപ്പം പങ്കുവെച്ചവന്‍

നിന്നെയോര്‍ത്തു കരഞ്ഞവന്‍ ..
നിന്നെയോര്‍ത്തു ഉറങ്ങാതിരുന്നവന്‍
ഒടുവിലിപ്പോള്‍ ...
നിന്നെയോര്‍ത്തു മരിച്ചവന്‍

നീയെന്‍റെ  പാതി മേയ്യായവള്‍  ..
പകലുറക്കത്തില്‍ പൊന്‍ കിനാവായവള്‍..
ഏകാന്ത ജീവിത യാത്രയില്‍
എനിക്ക് കൂട്ടായവള്‍..
പിഴുതെറിയാന്‍ എനിക്കാവില്ല ..
പിരിയാനും...
പിന്നെയും എനികൊന്നു ചെയ്യാം...
നിനക്ക് വേണ്ടി മരിക്കാം

ഇനിയോന്നെന്‍ മനമൊന്നറിഞ്ഞിടും നീ ...!

പനിനീര്‍പ്പൂപോലെ തുടുത്തൊരു പെണ്ണിവള്‍
പുലര്‍ക്കാല മഞ്ഞിന്‍റെ കുളിരാണിവള്‍
പാലൊളി ചന്ദ്രിക മുഖമുള്ളവള്‍
 പൊന്നാമ്പല്‍ പൂവൊത്തരഴകുള്ളവള്‍.

കസവിന്‍റെ ഞൊറിയുള്ള പാവാടയിട്ടവള്‍
കനകത്തിന്‍ പാദസരം കണങ്കാലിലിട്ടവള്‍
കണ്ണിണ രണ്ടും കരിമഷിയിട്ടവള്‍
കടമിഴിക്കോണിനു കുസൃതി കൂട്ടായവള്‍.

മുട്ടോളമെത്തുന്ന മുടിയുള്ളവള്‍
മുത്താന്‍ കൊതിക്കുന്ന ചുണ്ടുള്ളവള്‍
മുല്ലപ്പൂ മൊട്ടൊത്ത പല്ലുള്ളവള്‍
മുക്കാണി മൂക്കുത്തിയിട്ടുള്ളവള്‍.

ചന്ദനമണമുള്ള പെണ്ണാണിവള്‍
ചക്കരവാക്ക് മൊഴിയുന്നവള്‍
ചാരത്തു വന്നാല്‍ കൊഞ്ചുന്നവള്‍
ചേലൊത്ത മാറുള്ള പൊന്‍പൂവിതള്‍.

കാതരയാണിവള്‍ കളവാണിയാണിവള്‍
കാമദേവന്‍റെ  അമ്പാണിവള്‍
സൌമിനിയാണിവള്‍  ശാലീനയാണിവള്‍
സൌഭാഗ്യദായിനി സുരസുന്ദരി

ഇവളെന്‍റെ പ്രിയസഖി, ഇവളെന്‍റെ മധു മൊഴി
ഇവളെന്‍റെ  ജീവിത പ്രാണേശ്വരി
ഇനിയെന്നെന്‍ മനമൊന്നറിഞ്ഞിടും നീ
ഇണയായി വരുവതും എന്നാണു നീ.?

എന്‍റെ ചോര.

എന്‍റെ ഹൃദയത്തിലെ ചോര ഊറ്റി എടുത്താണ് നീ ഈ കവിതകളത്രയും എഴുതിയത്.

എഴുതി എഴുതി നിന്‍റെ പേനയിലെ ചോര വറ്റുമ്പോള്‍ വീണ്ടും നീ എന്‍റെ ഹൃദയത്തില്‍ നിന്ന് ഊറ്റിയെടുക്കുന്നു...

ഒടുവില്‍ നിനക്ക് വിശ്വ സാഹിത്യ പുരസ്കാരവും കിട്ടി..

ഇപ്പോള്‍ എന്‍റെ ഹൃത്തടം ചുരത്തുന്നത് ചോരയല്ല.. ചുവന്ന നിറമുള്ള ഒരു ദ്രാവകം ...

കാരണം എന്‍റെ ചോര മുഴുവനും നിന്‍റെ ചിന്തയായി വെളു വെളുത്ത കടലാസിലേക്ക് പകര്‍ത്തപ്പെട്ടു കഴിഞ്ഞു ...

വേദനയോ വിഷമമോ ഇല്ലെനിക്ക് ...എങ്കിലും....

എന്നെ പറ്റി നീ രണ്ടു വരി എഴുതിയില്ലല്ലോ .....!

ഞാന്‍...


ഞാന്‍ ......
പാലക്കാട് ജില്ലയിലെ  ചെര്‍പ്പുളശ്ശേരിക്കടുത്ത കുലുക്കല്ലൂര്‍ ഗ്രാമവാസി .ജീവിത തിരശ്ശീലയില്‍ പല വേഷങ്ങള്‍  പകര്‍ന്നാടി അവസാനം
ഏറ്റവും ക്രൂരമായ  പ്രവാസി വേഷം കെട്ടി ഇപ്പോള്‍   കുറച്ചു വര്‍ഷങ്ങളായി സൗദി അറേബ്യയില്‍...... 
പെയ്തൊഴിഞ്ഞ പെരുമഴയിലെ  മഴത്തുള്ളികള്‍ ചെറുമണല്‍  തരികളില്‍ വരച്ചിട്ട ചിത്രങ്ങളെ പോലെ പിടികിട്ടാത്ത വാക്കുകള്‍ക്കും ചിന്തകള്‍ക്കും എന്‍റെ ഭാഷയില്‍ 
നിര്‍വ്വചനങ്ങള്‍ ഒരുക്കി  സംതൃപ്തിയടയുകയാണ്  ഞാന്‍ ...
അടുക്കും ചിട്ടയുമില്ലാത്ത  ഭ്രാന്തു പിടിച്ച വാക്കുകളെ ചിട്ടപ്പെടുത്താന്‍ ആവതു ശ്രമിച്ചിട്ടുണ്ട് ..ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .
ഇത്രയും ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞത് ...ഞാന്‍ എഴുതിയവ വായിക്കുന്ന നിങ്ങള്‍ക്ക്, നിങ്ങളുടെ മനസ്സില്‍ എന്നെപ്പറ്റി തോന്നുന്നതാണ്  യഥാര്‍ത്ഥത്തില്‍ ഞാന്‍ ...
E-mail :- salimkulukkallur@gmail.com
Mobile:- 00 966 5 66 77 06 03