Friday 25 September 2015

സ്വര്‍ഗ്ഗരാജ്യം കീഴടങ്ങുമ്പോള്‍...!


കിനാവ്‌ കാണുന്നവര്‍ക്കുള്ളതല്ല ജീവിതമെന്ന് 
കാലമെനിക്ക് കാട്ടിത്തന്നപ്പോഴും 
പറുദീസകള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച 
നിന്നോടെന്നിക്ക് പരിഭവമില്ല , പരാതിയും,,,

പിരിയാന്‍ നേരം ചൊല്ലുന്ന വാചകങ്ങള്‍ 
ഉരുകി ഒന്നായവര്‍ക്ക് മരണമൊഴിയാണ് 
ജീവശ്വാസം നിലയ്ക്കുന്നതിനു മുന്‍പുള്ള 
അവസാനത്തെ നിലവിളി .

ഉറ്റവരും ഉടയവരും പടനയിച്ചപ്പോള്‍ 
പിടിച്ചുനില്‍ക്കാനാവാതെ പോയത് 
നിന്‍റെ മാത്രം കുറ്റം,
രാജമുദ്രകള്‍ അടിയറ വെയ്ക്കും മുന്‍പ് 
എന്നെക്കുറിച്ചു നീ ഓര്‍ത്തതേയില്ലല്ലോ...

പ്രിയനേ...
ഹൃദയത്തിലാഴ്ന്ന നിന്‍റെ ഓര്‍മ്മകളെ
മായ്ച്ചു കളഞ്ഞേക്കാം ,പക്ഷെ 
ഉദരത്തിലൂറിയ നിന്‍റെ സ്വരൂപത്തെ...?

Sunday 20 September 2015

കൂടപ്പിറപ്പേ...!


പെങ്ങളേ.... 
നിനക്ക് വേണ്ടിയാണ് ഞാനാദ്യം 
ചെന്നിനായകം നുണഞ്ഞത്... 
ഇഷ്ടമില്ലാതിരുന്നിട്ടും 
അമ്മയുടെ നെഞ്ചില്‍ നിന്ന് 
പറിച്ചെറിയപ്പെട്ടത്‌...! 

നിനക്കുവേണ്ടിയാണ് ഞാനാദ്യം 
തോട്ടിലിലുറക്കം ഉപേക്ഷിച്ചത്... 
തണുത്ത തറയിലെ 
വെറും വിരിപ്പിലുറങ്ങിയത്...!  

ഓലപ്പീപ്പിയും പാല്‍ക്കുപ്പിയും 
പങ്കുവെച്ചത്...  
പോത്തുപോലെ വലുതായവനെന്നു 
പഴി കേട്ടത്....!

അച്ഛന്‍റെ മിഠായിപ്പോതിയിലെ 
എന്‍റെ ഇഷ്ട മധുരക്കൂട്ടുകള്‍ 
എനിയ്ക്ക് മുന്‍പേ എന്നും 
നിനക്കേകാന്‍ അമ്മ ഒച്ച വെച്ചത്..

നിന്‍റെ കുസൃതികള്‍ക്കെന്നും  
മുറ തെറ്റാതെ ശിക്ഷിക്കപ്പെട്ടത്...
നിന്‍റെ പെങ്ങളല്ലെടാ അതെന്ന് 
നിരന്തരം ഓര്‍മ്മിപ്പിക്കപ്പെട്ടത്‌...! 

ഇന്നും,,,,
എനിയ്ക്കും മേലെ ആളായിട്ടും   
വളര്‍ന്ന് വലിയ പെണ്ണായിട്ടും 
ആണൊരുത്തന് കൈപിടിച്ചേകുവോളം 
നിന്നെക്കുറിച്ചുള്ള വിഹ്വലതകള്‍   
ഈയേട്ടന്‍റെ ഇടനെഞ്ചിലിങ്ങനെ  
അലയൊടുങ്ങാത്ത കടല്‍ തീര്‍ക്കുന്നതും 
അണയാത്ത കാട്ടുതീ കൂട്ടുന്നതും.... 

എന്നാലും കൂടപ്പിറപ്പേ...
രക്തം കൊണ്ട് തീര്‍ക്കുന്ന ബന്ധം 
ഉരുക്കാലെ തീര്‍ത്തെന്നാലും
ഇത്രയ്ക്കാകുന്നതെങ്ങനെ...?

Saturday 12 September 2015

നാഥാ....


ണല്‍ക്കാട്ടിലടിയനിതു കാലമിതെത്രയായ് 
തണലൊന്നു തേടി അലയുന്നതിപ്പോഴും 
കേണും കണ്ണീരോലിപ്പിച്ചുമിങ്ങനെ 
വീണുമിഴഞ്ഞുമീ മരുഭൂവിലങ്ങനെ ...! 

കൂര്‍ത്ത ചിന്തകളെല്ലാമീ രാത്രിയില്‍ 
ചേര്‍ത്തു വെക്കുമ്പോള്‍ പിരിയുന്നു നിദ്രയും 
രാവിതിലെത്രയോ യാമങ്ങള്‍ ബാക്കിയിനി 
വേവുന്നൊരുടലുമായ് നിദ്രയെത്തേടി ഞാന്‍... 

സങ്കടമൊക്കെയും ചൊല്ലി ഞാനെന്‍റെ 
ഇംഗിതമൊക്കെയും നാളെയുദിക്കുകില്‍  
പുലരുമെന്നോര്‍ത്തു കഴിക്കുന്നു കാലവും 
തളരാതെയടിയനേ കാക്കണേ നാഥാ..! 

അല്ലെങ്കിലടിയനിനി ഇല്ലയൊരു മാര്‍ഗ്ഗവും
അങ്ങ് കനിഞ്ഞേകിയെന്‍ ജീവനെ ഞാനിനി 
അങ്ങേക്ക് തന്നെ തിരിച്ചേകിടാനായ് 
ചിന്തിക്കവേണ്ടയിനിയൊരു മാത്രയും തെല്ലും.       

ജീവിതമാണിത് തളരുമ്പോഴോക്കെയും
ഈവിധം നേര്‍വഴിക്കല്ലാത്ത ചിന്തകള്‍
മഥിക്കുന്നു മനസ്സിനത്രയും പോരാ 
വിധിയെ ചെറുക്കുവാനാവും മനോബലം... !!!   

Sunday 6 September 2015

അശ്രുപൂജ


മിഴ്ന്ന് കിടന്നു മണ്ണിനെ ചുബിച്ചുറങ്ങുന്നുണ്ട്
കടല്‍ തീരത്തൊരു ഒട്ടും വിരിയാ പൂമൊട്ട് 
അക്രമികളുടെ തോക്കിന്‍ മുനയില്‍ നിന്ന് 
അനിശ്ചിതത്തിന്‍റെ തടവറയില്‍ നിന്ന്
അഭയതീരത്തേക്കുള്ള പാലായനത്തില്‍ 
ആഴിയിലോടുങ്ങിയ അനാഘ്രാത സൂനം..

ദൈവരാജ്യം സ്ഥാപിക്കാന്‍ പടനയിക്കുന്നവരുടെ 
വെളിച്ചം കെട്ട കാരിരിമ്പു ഹൃദയങ്ങള്‍
പിശാചിന്‍റെ പണിശാലകള്‍ പോലെ പിന്നെയും
അശരണരുടെ ആയുസ്സ് ഭുജിയ്ക്കുമ്പോള്‍...   

ഊരും ഉയിരും കിനാവും  നഷ്ട്ടപ്പെട്ട 
പശി പുതച്ചുറങ്ങുന്ന അഭയാര്‍ത്ഥികളില്‍
നീലക്കണ്ണുകളും നിറമാറിടവും തിരയുന്നവര്‍ 
ഏതു ദൈവത്തിന്‍റെ സന്നിധിയിലേക്കാണ് 
ഊടുവഴികള്‍ തുറക്കുന്നത് ...? 

കടലേ...
നീ തീരത്തണച്ച ഞെട്ടറ്റ പൂവിന്‍റെ 
നിഷ്കളങ്ക ചിത്രമെങ്കിലും 
കരള് കല്ലാക്കിയ നരാധമന്‍മാരുടെ ,
കള്ളക്കണ്ണീരുകൊണ്ട് കവിള് നനച്ച
കാടരുടെ , കൊടും കപടവിശ്വാസികളുടെ 
കണ്ണ്‍ തുറപ്പിച്ചെങ്കില്‍... 

അയ്‌ലന്‍ , റിഹാന്‍ , ഗാലിബ്, അസദ്...,,,
പിന്നെ ആഴക്കടലില്‍ അലിഞ്ഞു തീര്‍ന്ന  
പേരറിയാത്ത എന്‍റെ സഹോദരങ്ങളേ 
സ്വര്‍ഗ്ഗപ്പൂങ്കാവനം ഇനി നിങ്ങള്‍ക്കല്ലോ...