Saturday 27 June 2015

എങ്ങിനാണാവോ ?


ല്ലാം കരിയ്ക്കുന്ന വേനല്‍ച്ചൂടില്‍ 
തലയ്ക്കും കാലിലും ഓരോ 
മീസാന്‍ കല്ലിന്‍റെ നിഴല് മാത്രം പുതച്ച് 
ആറടിയുടെ മണ്ണറയില്‍  
വിധികാത്തു കിടക്കുന്ന നിന്‍റെ  
പകലിരവുകള്‍ എങ്ങിനാണാവോ ?

കഞ്ഞീലല്‍പ്പം ഉപ്പ് കൂടിയെന്നും 
കുഞ്ഞിനെ വെറുതെ കരയിച്ചെന്നും
ഒന്നിനുമൊരു അടുക്കും ചിട്ടയുമില്ലെന്നും 
പറഞ്ഞു പിണങ്ങുന്നുണ്ടാകുമോ ?

പാത്രം കഴുകിക്കഴുകി കഴിയാഞ്ഞ്  
പശുവിനെ കറന്ന് തീരാഞ്ഞ് 
വെകിളി പിടിച്ചോടുന്നെന്നെ 
വൈകാതൊരു  വേലക്കാരി വരുമെന്ന്
വെറുതെ ആശ്വസിപ്പിക്കുന്നുണ്ടാകുമോ ?

ഇടവപ്പാതിമഴ നനഞ്ഞ് കുതിരുമ്പോള്‍
മരം കോച്ചുന്ന മകരമഞ്ഞു വീഴുമ്പോള്‍  
കൊടും വേനലിലും പുതച്ചുറങ്ങുന്നയാള്‍ക്ക്
തണുത്തു വിറയ്ക്കുന്നുണ്ടാകുമോ ?

അവസാന യാത്രയില്‍ നിന്‍റെയീ 
കവിത പെയ്യുന്ന കണ്ണു രണ്ടും പെണ്ണേ
കൂടെ കൊണ്ടുപോയ്ക്കൊട്ടേ ഞാനെന്ന് 
കളി പറയുന്നുണ്ടാകുമോ ?  

മരിച്ചു പിരിയുമ്പോള്‍ നീ കൊണ്ടു പോയത് 
വരച്ച് തീരാത്ത നമ്മുടെ ജീവിതമാണെന്ന്
കൊതിച്ചു കിട്ടിയ മധുരക്കനിയാണെന്ന്    
തിരിച്ചറിഞ്ഞു കരയുന്നുണ്ടാകുമോ ?

ഒരുമിച്ചു മരിച്ചിടാന്‍ മോഹിച്ച നമ്മളെ  
കെണിവെച്ചു പിടിച്ചു പിരിച്ച മരണത്തോട് 
ഈയുള്ളവളെയും  കൂടെ കൂട്ടാന്‍
പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ ?   

Monday 22 June 2015

വിളക്കുകാല്‍



മാശയത്തില്‍ തൂങ്ങിച്ചത്ത വിശപ്പിനെ 
കുപ്പത്തൊട്ടിയില്‍ തിരയുവോരെ, 
അഴുക്കു ചാലിലെ ചെളിയില്‍   
അഴുകിത്തീര്‍ന്ന ഭ്രൂണത്തെ, 
വാക്ക് മൂത്ത് വഴക്കായൊടുവില്‍ 
വയറു തുരന്ന വടിവാളിനെ....

ശകടമേറിയ മരണം ഭുജിക്കുന്ന 
സ്വേദം നനച്ച ജീവനെ, 
സ്നേഹം കൊടുത്ത് പിന്നെ ചതിച്ചു 
സത്യം മറന്ന വപുസ്സിനെ, 
ലഹരിപ്പുകക്കുള്ളില്‍ എല്ലാം മറന്നു 
വിഹഗങ്ങളായ മാലോകരെ....

ഉടുമുണ്ടഴിച്ചും മക്കളെ പോറ്റും 
ഉദാത്തരായൊരു മാതാക്കളെ,
മക്കളാല്‍ ഭ്രഷ്ടരായൊരു വൃദ്ധരേ 
ദിക്കറിയാത്തുന്മത്തരാം  യുവതയെ.... 

കണ്ണടച്ചാലും ഇരച്ചെത്തും കാഴ്ചകള്‍ 
കണ്ണിമ മുട്ടി ആര്‍ത്തു വിളിച്ചിടും
എല്ലാത്തിനും സാക്ഷിയാകാന്‍ വിധിച്ചൊരു 
വിളക്കുകാലേ നിന്‍ ജന്മം ഭയാനകം....!

Monday 8 June 2015

ശ്മശാനം പറയുന്നത്...


ചിതയെരിയുന്ന ശ്മാശാനത്തിലൂടെ 
വെറുതെ , നീയൊന്നു നടക്കണം 
പാതി വെന്ത  കളേബരങ്ങള്‍
പുകഞ്ഞു തീര്‍ന്ന  മോഹങ്ങളുടെ
പുതിയ കഥ പറയുന്നത്‌,   
പകലറുതി കാക്കാതെ പൊലിഞ്ഞ
പ്രകാശത്തിന്‍റെ കവിത പാടുന്നത്... 
നീയൊന്നു കേള്‍ക്കണം.  

കടപുഴകിയ , ചേതനയറ്റ മാമരം 
കലിയോടുങ്ങാതെ നക്കിത്തുടച്ച്   
കനല്‍ കണ്ണുള്ള ചന്ദനമുട്ടികള്‍
നിന്നെ നോക്കി പല്ലിളിക്കുന്നത് 
വെറുതെയൊന്നു കാണണം. 

നെടുവീര്‍പ്പുകളുടെ കൊടുങ്കാറ്റുകള്‍ 
ഇടയ്ക്ക് നിന്നെ ഉലയ്ക്കുമ്പോള്‍ 
ആത്മാവിന്‍റെ ചിത്രം വരച്ച് പുകച്ചുരുള്‍ 
മരണമെന്തെന്ന് ഓര്‍മ്മിപ്പിക്കുന്നത് 
വെറുതെയൊന്ന് അനുഭവിക്കണം. 

ആരോടെന്നില്ലാതെ പൊട്ടിത്തെറിച്ച് 
അസ്ഥികള്‍ പക തീര്‍ക്കുന്നത്, 
നല്ലതും ചീത്തയും കയറി മേഞ്ഞ  
തലച്ചോറുരുകിയൊലിക്കുന്നത്...
എല്ലാമൊന്ന് നീ അറിയണം..  

ഇപ്പോള്‍... 
മരിച്ചിട്ടും മായാന്‍ മടിക്കുന്ന മോഹങ്ങള്‍ 
കത്തിയമരാതെ പുകയുന്നോരുവന്‍  
അകക്കണ്ണില്‍  തെളിയുന്നുവെങ്കില്‍ ഓര്‍ക്കുക..! 
അത് ഞാനാണ് ,  നീയാണ്.... പിന്നെ...  
നമ്മളോക്കെയാണ്...