.

Pages

Wednesday, April 15, 2015

ശൈലപുത്രീ...

ശൈലപുത്രീ... 
നിനക്കൊപ്പമിങ്ങനെ 
എന്നെ മറന്നിരിക്കാന്‍   
എനിക്കിഷ്ട്ടമാണ്.. 
എന്തെന്നാല്‍, 
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ 
മനം വിങ്ങുന്ന തേങ്ങല്‍ 
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം 
ആരും കേള്‍ക്കില്ല...

നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍ 
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി 
മുഖം കഴുകാം 
ആരും കാണില്ല.... 

ആകുലതകളിങ്ങനെ 
ഉടല് നീറ്റുമ്പോള്‍ 
നിന്നെ തഴുകിയെത്തുന്ന 
കുഞ്ഞിളം കാറ്റില്‍ 
എനിക്കൊന്ന് ഉടല് തണുപ്പിക്കാം  
ആരും അറിയില്ല ...

ആരും കേള്‍ക്കാതെ 
ആരും കാണാതെ , അറിയാതെ 
ഭാരമൊക്കെയും ഇറക്കിവെച്ച് 
നിനക്കൊപ്പമല്ലാതെ 
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍ 
എനിക്കൊരു തൂവലാകാന്‍ പറ്റും ...?

Tuesday, April 7, 2015

കാളപറമ്പിലെ കാഴ്ചകള്‍


ഴ്ച്ചച്ചന്ത കൂടുന്ന കവലയില്‍
അന്തിച്ചന്തം മങ്ങി മായുമ്പോള്‍  
ആല്‍മരത്തിന്‍റെ അഴിച്ചിട്ട തലമുടിയില്‍
അന്തിമേഘങ്ങള്‍ പറന്നിറങ്ങാറുണ്ട്... 
  
അന്യ ദേശങ്ങളിലേക്ക് യാത്ര ചെയ്ത് 
അന്നത്തെ അന്നം തേടി പോയ പറവകള്‍ 
വലിയവായില്‍ ശബ്ദമുണ്ടാക്കിയീ  
വന്‍ മരമുകളില്‍ തമ്പടിക്കുമ്പോള്‍  
വെറിപിടിച്ച സൂര്യന്‍ ദൂരെ ദൂരെ 
വാരകിയില്‍ ചാടി ചാവുകയാകും.

കാത് രണ്ടും കേള്‍ക്കാനാവാതെ 
കാളപറമ്പിലെ തെരുവ് കച്ചവടക്കാര്‍ 
തലയില്‍ കൈവെച്ച് ഇവറ്റകള്‍
മുടിഞ്ഞ് പോട്ടേയെന്നു പ്രാകും  
വണ്ടികാത്തു നില്‍ക്കുന്ന വല്യമ്മച്ചിമാര്‍ 
ഇതുങ്ങള്‍ക്കിതെന്തിന്റെ  കേടാണെന്ന് 
പല്ലുകടിച്ച് മുറു മുറുക്കുന്നുണ്ടാകും. 

അപ്പോഴും കുളക്കടവിലെ പെണ്ണുങ്ങളെപ്പോലെ 
വാലിട്ടു കണ്ണെഴുതിയ മൈനകള്‍ 
വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും
കറുകറുത്ത കാക്കക്കറുമ്പികള്‍ 
കലപില കൂട്ടിക്കൊണ്ടിരിക്കും...  

വിശേഷങ്ങള്‍ പങ്കുവെച്ചും സങ്കടപ്പെട്ടും 
കുശുമ്പു കാട്ടിയും കളിപറഞ്ഞും 
അന്തിമായും വരെ അവരിങ്ങനെ 
ഈ ആല്‍മരം ഒരു പൂരപ്പറമ്പാക്കും.. 

കണ്ണ് മറന്നിട്ടും കരളു മറക്കാതെയീ 
കാഴ്ചയുണ്ടിന്നും പൂത്തു നില്‍ക്കുന്നു 
മരിച്ചു പോയ കാലത്തിന്റെ വെട്ടു വഴികളില്‍
മായ്ച്ചിട്ടും മാറയാന്‍ മടിച്ചിന്നും...... 

വേനലില്‍ ഉണക്കിയും ഉരുക്കിയും 
വര്‍ഷത്തില്‍ നനച്ചും കുതിര്‍ത്തും
നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍  ,    
നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ 
നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്  
നമ്മളിനിയെന്ത് നേടാനാണ് ..?
  

Wednesday, April 1, 2015

ഞാന്‍...


ന്നി നിലാവ് പൂക്കേണ്ട 
കണ്ണുകള്‍ രണ്ടെണ്ണം 
കാരാഗൃഹത്തിലടച്ച് ,  

കസ്തൂരി മണക്കേണ്ട 
കവിളുകള്‍ രണ്ടും 
കണ്ണീരാല്‍ നനച്ച് , 

സ്വപ്നത്തില്‍ പൂത്ത
സ്വര്‍ഗ്ഗം പൂകാന്‍ 
കാത്തിരിക്കുന്നുണ്ട്.... 

കടലുമാകാശവും 
ഒന്നാകുന്നിടം നോക്കി 
തിര മുറിച്ചു തുഴഞ്ഞ് 
അര മുറുക്കി പണിത് , 

ജീവിതം വറ്റിയ 
തോണിക്കാരന്‍ ,
ഞാന്‍...