Sunday 1 February 2015

മുല്ലേ.....

മുല്ലേ.....
വറുതിയുടെ ആകാശത്ത് നീയെനിയ്ക്ക്‌ 
സമൃദ്ധിയുടെ നക്ഷത്രമാണ് 
കൊടുങ്കാറ്റുലയ്ക്കുന്ന നടുക്കടലില്‍ നീ
തിരയെടുക്കാത്ത തുരുത്താണ്.
എന്നിട്ടും, 
ഒരു ചുടു ചുബനത്തിന് ചുണ്ട് കൂര്‍പ്പിച്ച നിന്നെ 
കേട്ടുമടുത്ത അനശ്വര പ്രേമ ഗാഥകള്‍ ചൊല്ലി
ഇതാണ് ത്യാഗം , ഈ ത്യാഗമാണ് സ്നേഹമെന്ന് 
പറഞ്ഞു പറഞ്ഞ് പറ്റിച്ചവനാണ് ഞാന്‍..

കണ്ണകന്നാല്‍ കരളകന്നുവെന്നു പറയുന്നത്
ശരിയാണെന്ന് വാശിപിടിച്ച  നിന്നോട്
പിണക്കത്തിന്‍റെ പുറം പൂച്ചിലൊളിച്ച്
മുഖം കറുപ്പിച്ചവനാണ് ഞാന്‍...

എനിയ്ക്കിണയായത്‌ കൊണ്ട് മാത്രം
നിനക്കേറ്റം പ്രിയതരമായ സ്വപ്‌നങ്ങള്‍ 
ഇന്നും കരിമ്പടം മൂടി സൂക്ഷിക്കുന്ന നിനക്ക്
ഞാനെന്താണ് പ്രായശ്ചിത്തം ചെയ്യേണ്ടത് ?

നീ കരഞ്ഞു തീര്‍ത്ത കറുത്ത നാളുകളിനി  
ചിരി മധുരം പുരട്ടി മടക്കിത്തരാന്‍
ദൈവത്തോളം വലിയവനല്ലെങ്കിലും മുല്ലേ...  
നിനക്കായി സൂക്ഷിക്കുന്നുണ്ട് ഞാന്‍
നിന്നോടുള്ള സ്നേഹമല്ലാതൊന്നും
ഇന്നോളം മിടിക്കാത്തൊരു ഹൃത്തടം..... 

7 comments:

  1. 'വിധുര'മീ പ്രണയ കാവ്യം !

    ReplyDelete
  2. Replies
    1. നന്ദിയുണ്ട് ട്ടോ ...അനു രാജ് ..

      Delete
  3. Replies
    1. ബിപിന്‍ ജി ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി ,,,

      Delete
  4. കണ്ണകന്നാല്‍ കരളകന്നുവെന്നു പറയുന്നത്
    ശരിയാണെന്ന് വാശിപിടിച്ച നിന്നോട്
    പിണക്കത്തിന്‍റെ പുറം പൂച്ചിലൊളിച്ച്
    മുഖം കറുപ്പിച്ചവനാണ് ഞാന്‍...

    ReplyDelete