Monday 23 February 2015

നീ...



നിന്നെ മാത്രം വരച്ചു 
തേഞ്ഞു തീര്‍ന്ന 
കുറ്റിപ്പെന്‍സില്‍, 
തഴമ്പെടുത്ത വിരലുകള്‍.. 

നിനക്കൊരു പൂ തരാന്‍ 
നട്ടു വളര്‍ത്തി
പൂമണം വറ്റിയ  
പൂന്തോട്ടം.. 

നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് 
കൈവിരലുകള്‍ക്കിടയില്‍ 
തേഞ്ഞ് തീര്‍ന്ന 
ജപമാല മണികള്‍.. 

മിന്നാമിനുങ്ങും മഴവില്ലും 
കൂടൊഴിഞ്ഞു പോയ 
സ്വപ്നലോകം... 

നീ ഉപേക്ഷിച്ചു പോയപ്പോള്‍ 
മരിച്ചു പോയത് 
ഞാന്‍ മാത്രമല്ലല്ലോ ...!

Tuesday 17 February 2015

പൊറുക്കട്ടെ ദൈവം ...!


ടുത്തെറിയുന്നു ബന്ധങ്ങള്‍ സര്‍വ്വവും
നടുക്കുന്ന ജീവിത ചിന്തകളൊക്കെയും
അത്രമേല്‍ ജീവിത ക്ലേശങ്ങള്‍ ജീവന്‍റെ  
ചിത്രത്തില്‍ ചായങ്ങള്‍ കോരിയൊഴിക്കവേ  

ഇന്നിതവസാന രാത്രിയെനിയ്ക്കും 
എനിയ്ക്കേറ്റം പ്രിയമുള്ള ഗേഹിനി മക്കള്‍ക്കും
ഏറിയ നാളും സഹിച്ചീ നരകത്തെ 
വേറൊരു വഴിയില്ല ഒഴിയാതീ രൗരവം 

ഇല്ലിനി നേരം ചിന്തിയ്ക്കാനല്‍പ്പവും  
പുലരിയുദിപ്പതിന്‍  മുന്‍പേ പിരിയണം 
അല്ലലാല്‍ മാത്രം തീര്‍ത്തൊരീ ഓല തന്‍ 
ആലയം വിട്ടുടന്‍ പറക്കവേണം 

അവസാന അത്താഴം തിളയ്ക്കുന്നടുപ്പില്‍
വിവശതയില്ല ആ  ചിന്തകള്‍ അത്രമേല്‍   
അശാന്തി പെറ്റു കൂട്ടിയ ദുഃഖങ്ങള്‍
നിശാന്തമിതിലെന്നെ കരയിച്ചിരുന്നു 

ജീവിത കഷ്ടങ്ങള്‍ നേരിടാനാവാതെ 
ഈവിധം മരണത്തെ പുല്‍കുന്നതൊട്ടും 
ശരിയല്ലയെങ്കിലും ഇനിയില്ല തെല്ലും 
പ്രകാശം പരത്തിടും ജനാലകള്‍ വേറെ

നഷ്ടമെന്നോതുവാന്‍ ഒന്നുമില്ലെങ്കിലും
നോവുന്നെനിയ്ക്കല്‍പ്പം ഓര്‍ത്തെന്‍റെ മക്കളെ 
വിടര്‍ന്നില്ല അവരോട്ടും ജീവിതവാടിയില്‍ 
അടരുന്നതിന്‍ മുമ്പേ ക്ഷമിക്കണം നിങ്ങളും 
ഞങ്ങള്‍ക്ക് ജനിച്ചെന്ന  കുറ്റത്താലിപ്പൂക്കള്‍ 
വിടരാതെ കൊഴിയട്ടെ , പൊറുക്കട്ടെ ദൈവം...! 

Friday 13 February 2015

എങ്കിലും ശോഭിതേ...


രൊക്കെയുണ്ട് താമസം തിങ്കളില്‍
അറിയുവാനൊരു ചെറു മോഹം മുളപ്പിച്ചു  
പണ്ടേ കൊതിപ്പിച്ചതാണെന്നെ ചന്ദ്രിക
കണ്ടാലും കൊതി തീരാതുള്ളോരീ ശോഭിത.

മാനുണ്ട് മയിലുണ്ട് മരതകക്കുന്നുണ്ട് 
മായാവിയായുള്ള മാന്ത്രികനൊന്നുണ്ട്
മല്ലാക്ഷിയുണ്ടൊരു മാതാവും കുഞ്ഞും 
മനം മയക്കുന്നോരീ നിശാകേതു തന്നില്‍ .

ഇനിയുമാരോക്കെയുണ്ട് തേജസ്വിനീ 
ഈ പ്രപഞ്ചത്തിന്‍റെ മൂലയ്ക്കിരിക്കും 
പാവമാമിവനൊട്ടും ഗോചരമല്ലാത്ത
പൂര്‍ണ്ണിമേ നിന്‍റെ പൂമടിത്തട്ടില്‍ ? 

Tuesday 10 February 2015

കര , കടല്‍



 ജന്മനാട്

****************
നിഴല്‍ പുതച്ചിന്നും കിടപ്പുണ്ട് വെട്ടുവഴി
മുക്കുറ്റി തുമ്പകള്‍ചിരിതൂകുമിടവഴി
മേടം പൂക്കാത്ത  മകരം തണുക്കാത്ത
കനലെരിയും മണല്‍ക്കാട്ടിലിന്നോളം
കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി... 


കര , കടല്‍

***************** 
രയുകയല്ലീ  കടല്‍ തല തല്ലി
കരയുടെ മാറില്‍ കദനത്താല്‍ 
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.  
 


വ്യഥ

**********
രശ്ശതമുണ്ടാകും ദുഃഖം സദാ
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...

Sunday 1 February 2015

മുല്ലേ.....

മുല്ലേ.....
വറുതിയുടെ ആകാശത്ത് നീയെനിയ്ക്ക്‌ 
സമൃദ്ധിയുടെ നക്ഷത്രമാണ് 
കൊടുങ്കാറ്റുലയ്ക്കുന്ന നടുക്കടലില്‍ നീ
തിരയെടുക്കാത്ത തുരുത്താണ്.
എന്നിട്ടും, 
ഒരു ചുടു ചുബനത്തിന് ചുണ്ട് കൂര്‍പ്പിച്ച നിന്നെ 
കേട്ടുമടുത്ത അനശ്വര പ്രേമ ഗാഥകള്‍ ചൊല്ലി
ഇതാണ് ത്യാഗം , ഈ ത്യാഗമാണ് സ്നേഹമെന്ന് 
പറഞ്ഞു പറഞ്ഞ് പറ്റിച്ചവനാണ് ഞാന്‍..

കണ്ണകന്നാല്‍ കരളകന്നുവെന്നു പറയുന്നത്
ശരിയാണെന്ന് വാശിപിടിച്ച  നിന്നോട്
പിണക്കത്തിന്‍റെ പുറം പൂച്ചിലൊളിച്ച്
മുഖം കറുപ്പിച്ചവനാണ് ഞാന്‍...

എനിയ്ക്കിണയായത്‌ കൊണ്ട് മാത്രം
നിനക്കേറ്റം പ്രിയതരമായ സ്വപ്‌നങ്ങള്‍ 
ഇന്നും കരിമ്പടം മൂടി സൂക്ഷിക്കുന്ന നിനക്ക്
ഞാനെന്താണ് പ്രായശ്ചിത്തം ചെയ്യേണ്ടത് ?

നീ കരഞ്ഞു തീര്‍ത്ത കറുത്ത നാളുകളിനി  
ചിരി മധുരം പുരട്ടി മടക്കിത്തരാന്‍
ദൈവത്തോളം വലിയവനല്ലെങ്കിലും മുല്ലേ...  
നിനക്കായി സൂക്ഷിക്കുന്നുണ്ട് ഞാന്‍
നിന്നോടുള്ള സ്നേഹമല്ലാതൊന്നും
ഇന്നോളം മിടിക്കാത്തൊരു ഹൃത്തടം.....