Monday 26 January 2015

വ്യഥ



രശ്ശതമുണ്ടാകാം ദുഃഖം സദാ 
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും 
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...  
  

Sunday 18 January 2015

കുഞ്ഞു കവിതകള്‍


ണ്ണ് മടുത്തു നിനക്കിന്നു കേറി 
വിണ്ണിലായ് താമസം ഹാ എന്തൊരത്ഭുതം 
ഇന്ന് നിന്‍ ശ്വാസം നിലച്ചാലറിയുമോ 
മണ്ണല്ലാതാരുണ്ട് പുല്‍കിടാന്‍ നിന്നെ ...?

*****************
ന്ന് മതി നിനക്കിനിയെന്നു ചൊന്നവര്‍ 
നാലെന്നും അഞ്ചെന്നും പുലമ്പുന്നിതിപ്പോള്‍ 
തിട്ടൂരമിത്രക്കിതേകിടാന്‍ മാത്രം
നട്ടെല്ലുരുക്കായി തീര്‍ന്നിവര്‍ക്കെന്നോ..?
*********************
മൃഷ്ടാന്നമുണ്ടും പോരാഞ്ഞു പിന്നെയും 
അസതിയെ തേടിയലഞ്ഞും 
ലഹരി വിളമ്പിടും  സത്രങ്ങളില്‍ ചെന്ന് 
സേവിച്ചുന്‍മത്തരായി മദിച്ചും, അല്‍പ്പവും 
ആഹരിച്ചിടാനൊട്ടും ഇല്ലാത്ത മര്‍ത്ത്യരെ 
തെല്ലുമോര്‍ക്കാത്ത നിന്നെയും സൃഷ്ട്ടിച്ചതീശന്‍...!

Monday 12 January 2015

വൃഷക പുരാണം


നിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും, 
ചിലപ്പോ രണ്ടും ശവങ്ങളും 
ഭാര്യയും ഭര്‍ത്താവുമാകാം.... 
അല്ലെങ്കില്‍ തലതെറിച്ച 
രണ്ടു വികൃതി പിള്ളേരാകാം,
തമ്മില്‍ ഒരു പരിചയവുമില്ലാത്ത 
രണ്ടു പേരാകാം....  
എന്തായാലും മണ്‍വെട്ടികൊണ്ട് 
ഒരു കുഴിയെടുത്ത് 
രണ്ടിനെയും വലിച്ചിഴച്ച് 
ഒറ്റക്കുഴിയിലിട്ടു മൂടണം. 

ഇന്നലെ കറിയ്ക്കരച്ചതിന്‍റെ ബാക്കി 
ഒരു മുറി നാളികേരം, 
കുഞ്ഞിമോള്‍ക്ക് ഓണത്തിനെടുത്ത 
പൂക്കളുള്ള കുഞ്ഞുടുപ്പ്, 
ഉണ്ണിക്കുട്ടന് ഏറ്റവും പ്രിയപ്പെട്ട 
ചുവന്ന വള്ളിനിക്കര്‍, 
രണ്ടെണ്ണം കൂടി കരണ്ട് തീര്‍ത്തത് 
ഒന്നും രണ്ടുമല്ല , ഒരുപാടാണ്‌ .

അതൊന്നും സാരമില്ല.... 
എന്‍റെ തലയ്ക്കു വട്ടാണെന്ന് 
അവളിടക്കിടക്ക് പറയുമ്പോഴും 
ഉറക്കമൊഴിച്ച് ഞാനെഴുതിവെച്ച
കരളായ എന്‍റെ കവിതകള്‍.... 
കഷ്ണങ്ങളായി മുറിച്ചപ്പോഴാണ്
എന്‍റെ കണ്ണ് തള്ളിയത് .  

അവസാനം ഞാനൊന്ന് തീരുമാനിച്ചു 
ഉണക്കമീനിന്‍റെ ചുട്ടെടുത്ത തലയില്‍
ഈ പാഷാണമല്‍പ്പം തൂവി വെടിപ്പാക്കി 
ഇന്നടുക്കളയില്‍ വെച്ചിട്ടുണ്ട്..

അതുകൊണ്ടാണ് പറയുന്നത്
എനിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും...  
ഒറ്റക്കുഴിയില്‍ രണ്ടിനെയും...
അല്ലെങ്കില്‍ വേണ്ട,
രണ്ടിനെയും വേറെ വേറെ അടക്കണം 
ശവങ്ങളാണെങ്കില്‍ പോലും രണ്ടും 
ഇനി ഒറ്റക്കുഴിയില്‍ ഉറങ്ങരുത് ... 

Tuesday 6 January 2015

ഇന്നൊന്നുറങ്ങും ഞാന്‍...


പുറം തോല് പൊള്ളിയടരുന്ന 
വിയര്‍പ്പു വറ്റിച്ചു ഉപ്പുണ്ടാക്കുന്ന
കഞ്ഞിവെള്ളം കുടല്‍ നനയ്ക്കുന്ന 
കുന്നിന്മുകളിലെ പകലുകളില്‍ 
നട്ടുനനച്ചുണ്ടാക്കിയതാണ്
ഇക്കാണുന്ന കാച്ചിലും കപ്പയും
ചേമ്പും ചേനയും വാഴയും 

വെയില്‍ ചുവന്ന് ചലനമറ്റ് 
നീണ്ടു നിവര്‍ന്ന് കിടന്ന്   
അന്ത്യശ്വാസം വലിയ്ക്കുമ്പോള്‍ ,  
മൂവന്തി കറുത്ത പുതപ്പിട്ട്   
മൌനം കുടിച്ചു മയങ്ങുമ്പോള്‍ ,  
പാതിരാക്കാറ്റോടി ഓടിത്തളര്‍ന്ന്‍
മുറ്റത്തെ മാവിന്‍ ചില്ലയില്‍ 
ചത്തപോലുറങ്ങുമ്പോള്‍...,

അപ്പോള്‍...

ഒറ്റക്കൊമ്പ് തേച്ചു മിനുക്കി 
കൂട്ടം കൂടി ആരവം മുഴക്കി 
മുക്രയിട്ട്‌ ചവിട്ടിക്കുലുക്കി
എല്ലാം നശിപ്പിക്കാന്‍ കച്ച കെട്ടി  
അണയുമെന്നും ഇക്കൂട്ടര്‍, 
പിശാചിന്‍റെ  സന്തതികള്‍
കാടിറങ്ങുന്ന ക്രൂരതകള്‍ ‍.. 

ഇന്ന് നിങ്ങളിങ്ങു തുള്ളിവരുമ്പോള്‍
ഉയരെ കെട്ടിയ ഏറുമാടത്തില്‍  
പ്രതികാരത്തിന്‍റെ ഇരുമ്പു കുഴലില്‍
പകയുടെ ലോഹക്കഷ്ണമിട്ട് 
ലാക്ക് നോക്കി ശ്വാസം പിടിച്ച്
കാത്തിരിപ്പുണ്ടിവിടെ ഞാന്‍...

നഷ്ട്ടങ്ങളുടെ കണക്കിന്നടിയില്‍ 
അവസാനത്തെ ചുവന്ന വരയിട്ട് 
ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് 
എല്ലാം മറന്നിന്ന് ഒന്നുറങ്ങും ഞാന്‍ .... 

Friday 2 January 2015

ചുടല നൃത്തം


റുത്തു പറഞ്ഞാലും ഇല്ലെങ്കിലും 
മുറുമുറുക്കുന്ന നിനക്ക്
മരണമില്ലെന്ന തോന്നലാകാം ഈ 
മദം പൊട്ടലിനുള്ള കാരണം.

മധുരം പുരട്ടിയ വാക്കുകള്‍ 
ആരതി ഉഴിയുമ്പോള്‍ 
മദനനാവേശിച്ചു തുടിയ്ക്കും ദേഹം 
മധു നിറഞ്ഞു വഴിയുമ്പോള്‍  
സുരത സ്വര്‍ഗ്ഗ തമോഗര്‍ത്തങ്ങളുടെ 
ആഴമറിയാതെ പോയതെന്‍റെ കുറ്റം
എന്‍റെ മാത്രം കുറ്റം...!

വെറുപ്പിന്‍റെ കട്ടി നൂലുകൊണ്ട് 
ഇറുക്കിത്തുന്നിയ കഞ്ചുകം ധരിച്ച് 
മരിയ്ക്കുവോളം നീയെന്നെയിങ്ങനെ
ശാപവാക്കുകള്‍ കൊണ്ട് മൂടണം... 

കരയാന്‍ പോലുമാകാതെ വാ പൊത്തി 
കണ്ണുകള്‍ തുറിച്ച് ശ്വാസം മുട്ടി 
പിടയുന്നത് കണ്‍പാര്‍ത്തെങ്കിലും 
ഒടുങ്ങിത്തീരട്ടെ നിന്‍റെയീ പെരും പക  .

ചുടല  നൃത്തമാടി തളരുമ്പോള്‍ നിനക്ക്  
ഉടല് മുറിച്ചൊരു ചിരട്ട നിറച്ചു നല്‍കാം 
കൊഴുത്ത കടും ചുവപ്പിലെന്‍റെ 
ഇളം ചൂടുള്ള ഉയിരിന്‍റെ ചോര ..

മതിയായില്ലെങ്കില്‍ ...
കനല് വീണു പോള്ളിയടര്‍ന്നയെന്‍ 
കരള് വറുത്തൊരു പാത്രം നല്‍കാം 
പക തീരുവോളം കറുമുറെ 
കൊറിച്ചുല്ലസിച്ചു തീര്‍ക്കാന്‍...  

ഉച്ചിക്ക് വെച്ച കൈകള്‍ കൊണ്ട് 
ഉദകക്രിയ ചെയ്യാന്‍ അറപ്പറ്റ നിനക്ക് 
അല്പം അലിവെന്നോട് തോന്നുകില്‍  
അന്നായിരിയ്ക്കും ഈ ലോകാവസാനം..