Saturday 20 September 2014

കയറ്റിറക്കങ്ങളുടെ കുരുക്ക്


ജീവിതത്തിലെ കയറ്റങ്ങള്‍ കയറാനാവാതെ 
ശ്വാസം മുട്ടിയാണ് അച്ഛന്‍ ജീവിതമൊഴിഞ്ഞത്
എന്നിട്ടും ... 
കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ്‌ ജീവിതമെന്ന് 
തെര്യപ്പെടുത്തിയാണ് അച്ഛന്‍ കണ്ണുകളടച്ചത്

തെക്കേ തൊടിയിലെ അച്ഛന്‍റെ കുഴിമാടത്തില്‍ 
പുല്ലു കിളിര്‍ത്തു തുടങ്ങും മുന്‍പേ 
എനിക്ക് പറ്റില്ലെന്നോതി ,പരിഭവം പറഞ്ഞ് 
പ്രാരാബ്ദങ്ങളുടെ തോളൊഴിഞ്ഞ് 
ജ്യേഷ്ട്ടനും കുടുംബവും പടിയിറങ്ങി..

കുടുംബ ഭാരം താങ്ങാന്‍ ഉരുക്ക് തൂണാകാന്‍ 
നിനക്കാവും നിനക്കാവും എന്ന് 
മനസ്സിനെ പലതവണ പറഞ്ഞു പഠിപ്പിച്ചിട്ടും 
ഞാനൊടുവില്‍ തോറ്റു പോയോ?

ഇറക്കങ്ങളുമുണ്ട്  ജീവിതത്തില്‍ എന്ന്
പലവട്ടം പറഞ്ഞു പഠിപ്പിച്ച അച്ഛനും
ഒടുവിലെന്നെ ചതിക്കുകയായിരുന്നെന്ന് 
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു... 

കയറിത്തീര്‍ക്കാനാവാത്ത ജീവിതത്തിലെ 
കൊടും കയറ്റങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി
ഞാനിതാ ആദ്യത്തേതും അവസാനത്തേതുമായ 
ഇറക്കത്തിലേക്ക് കൂപ്പുകുത്തുന്നു ...

ഇപ്പോള്‍....
മാവിന്‍ കൊമ്പില്‍ കെട്ടിയ ഈ കുരുക്ക് 
ആ ഇറക്കത്തിലേക്കെന്നെ നയിക്കുമത്രേ ...!

Tuesday 16 September 2014

നിനക്കെന്തറിയാം...?.


നീയെന്തറിവൂ ഈ ലോകലീലകള്‍ 
മായക്കാഴ്ചകള്‍ അലിവറ്റ വാക്കുകള്‍
ദയ വറ്റി ഇരുളാര്‍ന്ന ഹൃദയങ്ങള്‍  
പക മുറ്റി കനലായ ജീവിതങ്ങള്‍ ..!

നീതി പടികടന്നെങ്ങോ മറഞ്ഞ 
ഭീതി ചേക്കേറും നീതിപീഠങ്ങള്‍
അര്‍ത്ഥം ഭരിക്കും കാര്യാലയങ്ങള്‍ 
വ്യര്‍ത്ഥം ഇതെന്തിനോ രാജാവും ഭരണവും ..?

പൊന്നായി വിളങ്ങേണ്ട സൗഹൃതങ്ങള്‍ 
കൊന്നു കൊല വിളിച്ചീടുന്ന കൂട്ടങ്ങള്‍ 
കലികാല വൈഭവം മായം കലര്‍നിന്നു 
കണ്ണുനീര്‍ തുള്ളിയും അമ്മിഞ്ഞപ്പാലും...

നിനക്കെന്തറിയാം നിഴല്‍ നാടകങ്ങള്‍ 
കനിവറ്റ ചെയ്തികള്‍ കാട്ടുനീതി, നീ 
പിറക്കാതിരിക്കാന്‍ ഒരു വരം വാങ്ങുകില്‍ 
മരിക്കാതിരിക്കാം വിഷം തീണ്ടിടാതെ ...! 

Friday 12 September 2014

പ്രക്ഷുബ്ദ ജീവിതം


രറാന്തലിന്‍ തിരി താഴ്ത്തിയുറങ്ങട്ടെ 
ഇരുളിനെ പുണര്‍ന്നു ഞാന്‍ സ്വസ്ഥമായി 
മരുവിലൊരിക്കലും പൊഴിയാത്തോരിറ്റു 
മഴയൊന്നു കാത്തിരുന്നീടട്ടെ ഞാന്‍.. 

അന്ധകാരത്തില്‍ ദൂരെയായ് തെളിയുന്ന 
ബന്ധങ്ങള്‍ ആശ്രയമെന്നോര്‍ത്തു ഞാന്‍ 
ഗന്ധമില്ലാതെയീ തോപ്പില്‍ വിരിഞ്ഞുള്ള 
പൂവിനെപ്പോലെ പരിതപിപ്പൂ ..

ആത്മഹത്യക്ക് മുമ്പുള്ലൊരുവന്‍റെ  
തപ്ത വിചാരങ്ങള്‍ പോലെയല്ലോ 
കലുഷിതമീയെന്‍റെ മാനസം പ്രക്ഷുബ്ദ 
കടല്‍ പോലെ അലയോടുങ്ങാത്ത മട്ടില്‍..

ജീവിതം നമ്മളെ കൊണ്ടുചെന്നാക്കിടും  
ഈ വിധം ഊരാ കുരുക്കുകള്‍ക്കുള്ളില്‍
രക്ഷിക്ക വേണമെന്നാരും ഒരല്‍പ്പവും 
ഇച്ഛിയ്ക്കയില്ല അശ്ശേഷമൊരിക്കലും.. 

മനമുണര്‍ന്നോരോ ചിന്തയിലുടക്കുമ്പോള്‍ 
കുനുകുനേ പൊങ്ങി വരുന്ന സന്ദേഹം  
മനശ്ശാന്തിയെ തിന്നു കൊഴുത്തു മദിയ്ക്കവേ   
എവിടുന്നെനിക്കാര് നല്‍കിടാനല്‍പ്പം
ശുഭചിന്ത മനമൊന്നു തണുത്തിടുവാന്‍..

Sunday 7 September 2014

നപുംസകങ്ങളുടെ പാത


ഞാന്‍ ലോക സമാധാനത്തെ കുറിച്ച് 
രണ്ടു വരി കവിതയെഴുതാം.....

നീയാ സമയം കൊണ്ടൊരാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട് 
നിലവിളിയുടെ സ്വരജതി കൊണ്ട് 
നിറുത്താതെ  വിപ്ലവകവിതകളെഴുതുക.

തിളങ്ങുന്ന വാള്‍ മുനകൊണ്ട് 
തിരണ്ടിവാല് കൊണ്ട് ..
തെളിച്ചമുള്ള നക്ഷത്രങ്ങളെ 
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത 
വിയര്‍പ്പിന്‍റെ വിലയറിയാത്ത 
വിപ്ലവകാരികളുടെ കൂട്ടത്തെ 
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ 
വിലാപത്തിന്‍റെ  ഈണത്തില്‍  
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ... 

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ 
നിന്‍റെ പാത പിന്തുടരുവാന്‍ 
നിയോഗിക്കപ്പെട്ട ഞങ്ങളെ 
നപുംസകങ്ങളെന്നു വിളിച്ചേക്കുക....

Saturday 6 September 2014

ഓണാശംസകള്‍

   

പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.