Friday 29 August 2014

എങ്കിലും തമ്പ്രാ....!


ങ്കരാ എന്തിനീ പാപം സ്വന്തം 
ചങ്ക് കലക്കുന്ന പാതകം നിന്‍റെ 
ഉടുമുണ്ട് പോലും ഉടുക്കാന്‍ 
കഴിയാതുഴലുന്ന കോലം..? 

ശങ്കരാ മറക്കണം എല്ലാം 
ദുഃഖമെല്ലാര്‍ക്കുമുണ്ടെന്നുമോര്‍ക്കണം 
സോമപാനം നടത്തുന്നതല്‍പ്പവും 
കേമമല്ലെന്നറിയണം നീയും ..

നിത്യക്കൂലിയായ് കിട്ടുന്ന നാണയം 
സ്വന്തം മക്കള്‍ക്ക്‌ കിട്ടേണ്ട അന്നം 
എന്തിനെണ്ണിക്കൊടുത്തു നീ 
അന്തി നേരത്തു ബോധം കെടുന്നു..?

തമ്പ്രാ പൊറുക്കണം മാപ്പാക്കണം 
ഇനിയില്ല ഇതുപോലെ പാനം 
ഇത്തരം ഉപദേശമല്‍പ്പം അവിടുന്ന് 
നല്‍കണം അങ്ങേടെ മോനും... 

എങ്കിലും തമ്പ്രാ മാപ്പ് 
നിര്‍ത്തി ഞാന്‍ എല്ലാം തമ്പ്രാന്‍റെ 
ചെറിയ മോനോത്തുള്ള കൂട്ടും
കള്ളുഷാപ്പിലെ ഒരുമിച്ച കുടിയും...!

Sunday 24 August 2014

പൊള്ളുന്ന നോവ്‌


റെ പ്രിയപ്പെട്ടൊരാളെ പ്രതീക്ഷിച്ചു 
രാവു വെളുക്കുവാന്‍ കാത്തിരുന്നെത്രയോ 
വരുമെന്ന ചിന്തയില്‍ പുകഞ്ഞിരിന്നെത്രയോ 
കറുത്തു വെളുത്തു മറഞ്ഞ ദിനങ്ങളില്‍ 

നിനക്കെന്‍റെ ഉള്ളം  അമ്മാനമാടുവാന്‍ 
നെഞ്ചിന്‍റെ കൂട് കുത്തിപ്പിളര്‍ക്കുവാന്‍ 
കഴിയുന്ന മനസ്സിതെങ്ങനെ തോഴാ 
കൈവന്നിതോട്ടും എനിക്കാവില്ല ഓര്‍ക്കാന്‍ 

ഏറ്റം പ്രിയങ്കരമെന്നു നിനച്ചു ഞാന്‍ 
ഊറ്റം കൊണ്ടൊരാ നാളില്‍ ഒരിക്കലും 
ഓര്‍ത്തില്ല ഉയര്‍ച്ചകള്‍ താഴ്ച്ചകളിത്രമേല്‍ 
ചേര്‍ത്തു ഞെരിക്കുമെന്‍ ജീവനെ ഒട്ടും...

അകന്നില്ല എന്നില്‍നിന്നത്രയ്ക്കുമെങ്കില്‍ 
പകയില്ല എന്നെ ദഹിപ്പിയ്ക്കാനെങ്കില്‍
മടങ്ങണം നിനക്കായി നോമ്പു നോറ്റെന്നും  
പഞ്ചാഗ്നി മദ്ധ്യേ ഉരുകുന്നെനിക്കായി ...

കളങ്കിതയല്ലൊരു ചിന്തയാല്‍ പോലും
ചഞ്ചലയല്ല ഞാന്‍ ഇന്നോളമൊട്ടും 
അറിയണം ഓര്‍ക്കാന്‍ നീ അറയ്ക്കുന്ന സത്യം 
നീ പിരിഞ്ഞേറെ പോകുകിലെപ്പോഴും 
പിറക്കുന്ന നോവെന്നെ കൊല്ലുന്നു നിത്യവും ..

Monday 18 August 2014

ഇരകളുടെ ദൈവങ്ങള്‍ , വേട്ടക്കാരുടേയും...



ന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനമെന്നത് 
നമുക്കെന്നേക്കും കര്‍ണ്ണ പിയൂഷം 
ദുഷ്ചിന്തകര്‍ക്കല്ലാതെ സമാധാനമില്ലെന്നത് 
നടപ്പ് കാഴ്ചകളുടെ രൂപഭേദങ്ങള്‍ ..

അധര്‍മ്മം ചെയ്യാതെ ധര്‍മ്മയുദ്ധം നടത്തുന്നത് 
പേടിപ്പെടുത്തുന്ന ഒരു വല്ലാത്ത തമാശയാണ്
ബലിയര്‍പ്പിക്കപ്പെടുന്നവയുടെ സ്വപ്‌നങ്ങള്‍  
ഊണ്‍മേശയിലെ അലങ്കാരങ്ങളാകുന്നത് പോലുള്ള 
ഭയത്തിന്‍റെ നിറം പിടിപ്പിച്ച ഒരു തമാശ...!

വേട്ടക്കാരന്‍ നിരാശ്രയനായ ഇരയെ കൊല്ലുമ്പോള്‍ 
ഇരകളുടെ സംരക്ഷകര്‍ ,അവരുടെ ദൈവങ്ങള്‍ ,
അവരപ്പോള്‍ എന്ത് ചെയ്യുകയായിരിക്കാം ..?
മുട്ടിയാല്‍ തുറക്കാത്ത വാതിലുകള്‍ തീര്‍ത്ത്‌ 
തുറക്കുന്നത് വരെ മുട്ടാന്‍ പറഞ്ഞവര്‍  
എന്തായിരിക്കും അപ്പോള്‍ ചെയ്യുന്നുണ്ടാവുക ?

ദൈവങ്ങളുടെ വട്ടമേശ സമ്മേളനത്തില്‍ 
ശ്വാസം നിലയ്ക്കുന്നതു പോലെ ഒരു പൊട്ടിച്ചിരി
അതിപ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ഉണ്ടെങ്കിലും ഇല്ലെങ്കിലും ...

വേദങ്ങള്‍ നാലുമഞ്ചുമാക്കി തിരിച്ച  
സാരോപദേശങ്ങളുടെ തടിച്ച പുസ്തകങ്ങള്‍ 
പാപമോചനം കാംക്ഷിച്ച് ഇരന്നു വാങ്ങിയിട്ടും 
ലജ്ജാവഹം ...നമ്മിളിപ്പോഴും ഇങ്ങനെയൊക്കെത്തന്നെ..!.

Wednesday 6 August 2014

വിട പറയും നേരം ..


തിരികെ മടങ്ങുവാന്‍ നേരമായെങ്കിലും 
പറയുവാന്‍ ബാക്കി നിന്നോടെനിക്കിന്നും
ചൊല്ലുവാന്‍ ഞാനുള്ളില്‍ നിനച്ചതെല്ലാം പക്ഷെ 
വാക്കായി പൂക്കാതെ പോയല്ലോ കഷ്ടം ..

ഇന്നിനി പുലരുവാന്‍ അത്രയില്ലാ യാമം 
ഇനിയില്ല പുറപ്പെടാനത്രയും നേരം  
എന്നിനി കാണുവാനാവുമെന്നറിയാതെ
മുടന്തണം ജീവിതത്തെരുവോരമെല്ലാം 
ഭിക്ഷ യാചിച്ചിനി എത്ര കാലം ?

ഋതുക്കളിങ്ങനെ വിരുന്നെത്തും പോകും 
മരണത്തിലേക്ക് നാം ഒരുപാടടുക്കും 
തമ്മില്‍ പുണര്‍ന്നും കരഞ്ഞും തീരാതെ 
പിരിഞ്ഞിടാനെങ്ങനെ പ്രേയസീ നാം ?

ദൈവം ചിലര്‍ക്കായി നല്‍കുന്ന ജീവിതം 
പാരം ക്ലേശമാണിതുപോലെയെന്നും
ശേഷം സ്വര്‍ഗ്ഗം നമുക്കേകിയിട്ടെന്ത് 
കണ്ണുനീരുപ്പു ചുവയ്ക്കുന്ന രാവുകള്‍ 
നമുക്കീ ലോകത്തില്‍ ബാക്കിയല്ലേ ...?