Wednesday 26 November 2014

യാചന


വിശുദ്ധിയോടെയല്ലാതെ അന്യന്‍റെ 
ജീവിതത്തിലേക്ക് കടക്കുന്നവള്‍ 
വേശ്യക്ക് തുല്യയെന്ന് വാദിച്ചവളോടാണ്
ഞാനെന്‍റെ അറുത്തെടുത്ത പാതി ഹൃദയം  
തിരികേ യാചിക്കുന്നത്‌... 

ഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍ 
മുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച് 
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍ 
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ് 
ഞാനെന്‍റെ പകുത്തെടുത്ത കരള്‍ 
തിരിച്ചു ചോദിക്കുന്നത്... 

തമ്മില്‍ പിരിയേണ്ടി വന്നാല്‍ പിന്നെ 
മരിച്ചെന്ന്‍ കരുതിയാല്‍ മതിയെന്ന് 
മുഖം മാറിലണച്ച് തേങ്ങിയവളോടാണ്
ഞാനെന്‍റെ കട്ടെടുത്ത യൗവ്വനം 
തിരികെ വേണമെന്ന്അപേക്ഷിക്കുന്നത്... 

സ്വപ്നങ്ങളോളം ശബളിമ യാഥാര്‍ത്ഥ്യത്തിനില്ലെന്ന് 
തിരിച്ചറിയാന്‍ വൈകിപ്പോയ പടുവിഡ്ഢിയ്ക്ക് 
ചതിയുടെ ചിതല്‍ തിന്ന് തീര്‍ത്ത ഈ ജീവിതത്തില്‍ 
യാചിയ്ക്കാനല്ലാതെ മറ്റെന്തിനാകും...?

ജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
പരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്, 
നമുക്കൊരു കരളുമാത്രമുണ്ടായിരുന്നകാലത്തെ 
ഒരു മാത്രപോലും ഉള്ളുരുക്കാത്ത നിനക്കിപ്പോള്‍ 
ചേരുന്നത് തന്നെയീ കരിങ്കല്ല് ഹൃദയം ..!  

Tuesday 18 November 2014

മഷിത്തണ്ട് പറഞ്ഞ കഥ


താമരക്കുളത്തിലെ കല്‍പ്പടവുകളിലെ 
മഷിത്തണ്ടുകള്‍ മൂകമായി പറഞ്ഞതാണ് 
എന്നോടീ അരും കൊലയുടെ കഥകള്‍ ... 
സുന്ദരിമാരുടെ പാദം നുകര്‍ന്ന് മദിച്ച 
കുളിക്കടവിലെ കണ്ണെഴുതിയ പരലുകള്‍ 
സത്യം സത്യമെന്നോതി ഒക്കെയും ശരിവെച്ചു.

പക്ഷെ കണ്ടാലാരും പറയില്ല കെട്ടോ 
പായല്‍,പച്ച പതിച്ച കല്‍പ്പടവുകള്‍ക്കുള്ളില്‍ 
നീല ചേല ചുറ്റിയ മനോഹരിയിവളാണ്
ചതിക്കുഴി കുത്തി മരണക്കയത്തിലേക്കിവരെ 
കൈ പിടിച്ച് ക്ഷണിച്ചതെന്ന്... 

ഒരു മകരമാസക്കാലത്തെ പ്രഭാതത്തില്‍ 
ആവി പറക്കുന്ന കുളത്തിനു മീതെ 
ഒരു മരത്തടിപോലെ പൊങ്ങിക്കിടന്ന  
പാവം നാടോടിയുടെ അര്‍ദ്ധനഗ്ന മേനി..

താമരപ്പൂക്കളെ അതിരറ്റു സ്നേഹിച്ച 
മൈനക്കണ്ണുള്ള മൊഞ്ചത്തിയുടെ 
സഹായിയ്ക്കണേയെന്ന ആര്‍ത്തനാദം,
രക്ഷക്കായി കേണ്ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ 
പൊട്ടന്‍ ശങ്കുവിന്‍റെ തടിച്ച ശരീരം ....

കള്ളടിച്ച് കുടിയിലേക്കുള്ള വഴിയെ 
കാലു കഴുകാന്‍ പടവിലേക്കിറങ്ങിയ 
കണാരന്‍റെ താമരവള്ളിയില്‍ കുരുങ്ങിയ 
കറുത്തു മെല്ലിച്ച ദേഹം 

കഥകളിങ്ങനെയാക്കെണെങ്കിലും 
വര്‍ഷത്തില്‍ നീലയും വേനലില്‍ പച്ചയും 
ചേലകള്‍ ചുറ്റി. പങ്കജപ്പൂക്കള്‍ വിടര്‍ത്തി 
നിലാവില്‍ തിളങ്ങി ,വശ്യമായി 
താമരക്കുളം പിന്നെയും ചിരിച്ചു... 

നിലാവിലുറങ്ങാത്ത , വെയിലത്ത് വാടാത്ത 
കല്‍പ്പടവുകളിലെ മഷിത്തണ്ടുകളെയും 
താമരവള്ളിക്കുടിലില്‍ പുളച്ചു നടക്കും 
പരല്‍മീനുകളേയും സാക്ഷിയാക്കി...

Friday 14 November 2014

അടയാളങ്ങളാണ് ജീവിതം


റ്റച്ചവിട്ടിന് അട്ട ചുരുണ്ടതു പോലെ ചുരുണ്ട്  
ചലനമറ്റ അമ്മയെ കണ്ട് നിലവിളിച്ചതിന് 
അച്ഛന്‍റെ  തന്ന ശിക്ഷയുടെ പാടുകള്‍  
മായാത്തൊരടയാളമായി മനസ്സിലിപ്പോഴുമുണ്ട്...

സ്വന്തം മകനെ കളിയായി നുള്ളിയത്തിന്  
രണ്ടാനമ്മയുടെ ചട്ടുകപ്രയോഗമിപ്പോഴും 
വലതു കാല്‍ത്തുടയില്‍ കറുത്തു തടിച്ച് 
മാഞ്ഞുപോകാതെ കിടപ്പുണ്ട്...

മീശ മുളയ്ക്കുന്ന പ്രായത്തിലെപ്പോഴോ 
ഞാന്‍ നിന്‍റെ പെണ്ണെന്ന് ചൊല്ലി, പിന്നെ 
കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞവള്‍
ഹൃത്തടം പൊള്ളിച്ച പാട് ഇപ്പോഴുമുണ്ട്... 

ജീവിത സൗകര്യങ്ങള്‍ തികയാതെ വന്നപ്പോള്‍
രണ്ടു മക്കളെ എനിക്കൊപ്പം തനിച്ചാക്കി 
അയല്‍ക്കാരനോപ്പം വീടുവിട്ട നല്ലപാതി 
കനിഞ്ഞേകിയതാണീ കരളിലെ പാടുകള്‍..

ജീവിതാന്ത്യത്തില്‍ , ഇയാളെന്ന് തീരും എന്നോര്‍ത്ത് 
വ്യാകുലപ്പെടുന്ന സ്വന്തം രക്തത്തുള്ളികള്‍ 
നിത്യവും എനിയ്ക്കേകുന്ന മായാ ക്ഷതങ്ങള്‍
ശരീരത്തിലിപ്പോള്‍ എല്ലായിടത്തുമുണ്ട്...

നിങ്ങള്‍ക്കല്ലെങ്കിലും  എനിയ്ക്കിത് സത്യം  
മരിച്ചാല്‍ പോലും മാഞ്ഞുപോകാത്ത     
കുറേയേറെ അടയാളങ്ങളാണ് ജീവിതം ...!

Saturday 8 November 2014

പെണ്‍പൂവേ...


മിഴിയിതളില്‍ മയ്യെഴുതി കറുപ്പിച്ച പെണ്‍കൊടി 
കണ്ണിലെ കൃഷ്ണമണിയെന്നപോലെ 
നട്ടു വളര്‍ത്തുന്ന പൂവാടി തന്നിലെ 
കരളായ പനിനീര്‍ ചെടിയുടെ കൊമ്പിലായ് 
വിടര്‍ന്നൊരു പൂവിന്‍റെ  കണ്ണാടിക്കവിളത്ത് 
ചുണ്ടൊന്നു ചേര്‍ത്തൊരു മുത്തവും നല്‍കീട്ട് 
ഒരു വാക്കും മൊഴിയാതെ പൊയ്പ്പോയ കാറ്റിനെ 
വെറുതെയെന്നാകിലും കാത്തിരുന്നീടുന്നു 
വെറും നാല് ദിനം കൊണ്ട് വാടിക്കൊഴിയുന്ന 
ചെമ്പനീര്‍പ്പൂവിന്‍റെ അന്തരഗം.....

Sunday 2 November 2014

അഞ്ചുറുപ്പ്യക്കള്ളന്‍


തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകുമ്പോള്‍ 
ദാ കെടക്ക്ണു പാടവരമ്പത്ത് ഒരഞ്ചിന്‍റെ നോട്ട് 
ഒന്ന് കുനിഞ്ഞാല്‍ കൈകൊണ്ടെടുക്കാം... പക്ഷെ..

കന്ന് പൂട്ടാന്‍ വര്ണ്‌ണ്ട് കോരന്‍ 
കോരന്‍ കണ്ടാല്‍ കാര്യം പോക്കാ... 
നോട്ടിന്‍റെ ഉടമസ്ഥനോട് പറഞ്ഞു കൊടുക്കും 
അയാളപ്പൊ ചെന്ന് അമ്മയോട് പറയും.

സ്കൂള് വിട്ടു വിശപ്പോടെ വീട്ടില്‍ ചെല്ലുമ്പോള്‍ 
അമ്മേടെ കയ്യീന്ന് വയറു നിറച്ചു കിട്ടും. 
വൈകീട്ടച്ഛന്‍ വരുമ്പോള്‍ പിന്നെ പറയേണ്ട 
അച്ഛന്‍റെ വകയായുണ്ടാകും നല്ലൊരു സദ്യ...

രാവിലെ സൌമ്യയും ഷഫീക്കും അറിയും 
അഞ്ചുറുപ്പ്യ കള്ളന്‍ ന്നു അവര് കളിയാക്കും.. 
പിന്നെ ക്ലാസിലെ കുട്ട്യോളൊക്കെ പറയും.  
ചന്തൂന്‍റെ ചായക്കടേല് രാവിലെ വരണ 
വായില് പല്ലില്ലാത്ത നരച്ച തന്താര് 
വാസൂന്‍റെ മോനാരാ മോന്‍ ന്ന്‍ കളിയാക്കും..

പിന്നെ ആ തന്തല്ല്യാത്ത ചെക്കന്‍ ണ്ടല്ലൊ 
ഉണ്ടക്കണ്ണന്‍ രാജന്‍, ന്‍റെ ശത്രു ,  
ന്‍റെ പോക കാണാന്‍ നടക്കണ ആ പന്നിയ്ക്ക് 
ന്നെ കള്യാക്കാന്‍ പിന്നെ അത് മത്യാകും..

ഭാസ്കരമ്മാവന്‍ കണ്ണ് തുറിച്ച്, മീശ വെറപ്പിച്ച്
എന്താടാ പന്ന്യേ കാട്ട്യേ ന്ന് ചോദിക്കാന്‍ വരും... 
വേണ്ട... ഒന്നും വേണ്ട... അല്ലെങ്കിത്തന്നെ ന്ന് 
ഹോം വര്‍ക്ക് ചെയ്യാത്തേന് ഒറപ്പായും 
കണക്കു മാഷ്‌, ആ കപീഷ്, ചന്തിയിലെ തോലുരിയും

വേണം വേണ്ടാന്നു വെച്ച് സ്കൂളിലേക്കോടുമ്പോ 
വെറുതെ തിരിഞ്ഞു നോക്കേണ്ടായിരുന്നു... 
അതോണ്ടല്ലേ ആ കോരന്‍ , വൃത്തികെട്ടവന്‍ 
നാലുപാടും നോക്കി,ആരും കാണുന്നില്ലാന്നു ഉറപ്പിച്ച്   
ആ അഞ്ചുറുപ്പ്യ അരയില്‍ തിരുകി വെയ്ക്ക്ണത്  
നെഞ്ചിടിപ്പോടെ കാണേണ്ടിവന്നത്...?!!!!.