Wednesday 29 October 2014

നേരും നുണയും


ചില നേരുകളുണ്ട്, 
നുണകളാണെന്നു തോന്നിപ്പിച്ച് 
അകന്നു പോകുമ്പോള്‍ മാത്രം 
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ... 

ചില നുണകളുണ്ട്, 
നേരെന്നു തോന്നിപ്പിച്ച് 
പിരിഞ്ഞു പോകുമ്പോള്‍ 
വൃഥാ സങ്കടപ്പെടുന്നവ... 

നേരിനും നുണയ്ക്കുമിടയില്‍ 
മറ്റൊന്നുണ്ട്..

രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍ 
പെടാപ്പാടുപെട്ട് വിയര്‍ത്ത്  
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം 
രണ്ടും ദുഖമായിരുന്നെന്ന്  
തിരിച്ചറിയുന്ന ജീവിതം ...! 

Monday 27 October 2014

ചങ്കരചരിതം


നഞ്ഞ പൂച്ചയെപ്പോലെ മൂവന്തിയില്‍ 
കള്ളുഷാപ്പിന്‍റെ നനുത്ത ഇരുട്ടിലേക്ക് 
ചങ്കരന് ഒരു പോക്കുണ്ട് 
മൂന്ന് കുപ്പി കള്ളടിച്ച് ഒരേമ്പക്കവും വിട്ട് 
പിന്നെ ചങ്കരന്‍ തിരിച്ചിറങ്ങുന്നത്
ഹാലിളകിയ പുപ്പുലി പോലെയാണ്

പുറത്തിറങ്ങുന്ന ചങ്കരന്‍റെ മസ്തിഷ്ക്കത്തില്‍ 
കാക്കത്തൊള്ളായിരം പേജുള്ള നിഘണ്ടു തുറക്കും 
പൂവും കൂവും കൊണ്ട് തുടങ്ങുന്ന 
വാക്കുകളുടെ പൂമരങ്ങള്‍ അതില്‍ പൂത്തുലയും

കള്ളടിച്ച് കിറുങ്ങുമ്പോള്‍ ചങ്കരന്
ഭൂപടത്തിലെ ഒരു ചരാചരവും റെറ്റിനയില്‍ തെളിയില്ല 
ലഹരിപ്പുരയില്‍ നിന്ന് നേരേ ഒരൊറ്റ വഴി  
അത് നേരെ സ്വന്തം ഭവനത്തിലേക്ക്‌ മാത്രം 

നേര്‍ത്ത ഇരുട്ടില്‍ ആടിയുലഞ്ഞും വീണുരുണ്ടും
ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുമ്പോള്‍  
ചങ്കരന്‍ നിഘണ്ടു ഉരുവിട്ട് മനപ്പാഠമാക്കും...!
കൊടുങ്ങല്ലൂരമ്മയ്ക്ക് സ്തുതി...!

ഇത് ഞാനാണ് ചങ്കരന്‍ , വെറുതെ തള്ളാന്‍ വരരുതെന്ന്  
മുള്ള് വേലിയ്ക്ക് മുന്നറിയിപ്പ് കൊടുക്കും
പടിയ്ക്കലെത്തുമ്പോള്‍ എടീ പുലയാടി മോളെയെന്നു 
നല്ല പാതിയെ ഈണത്തില്‍ നീട്ടിവിളിയ്ക്കും  

വിളി കേള്‍ക്കുമ്പോള്‍ കാര്‍ത്യായനി ഉമ്മറപ്പടിയില്‍ 
വയലും വീടും കേട്ട് , കാലും നീട്ടി ഇരിയ്ക്കുകയാവും. 
കണവന്‍റെ സ്തുതി ഗീതം കേള്‍ക്കുമ്പോള്‍ 
കാര്‍ത്ത്യായനി പഴയ മര്‍ഫി റേഡിയോയുടെ 
തുരുമ്പിച്ച ചെവിയ്ക്കൊന്നു പിടിയ്ക്കും 
കൃഷി ഓഫീസര്‍ ചെമ്പന്‍ചെല്ലിയെക്കുറിച്ച്
അല്‍പ്പം കൂടി ഉച്ചത്തില്‍ ക്ലാസ്സെടുക്കും...   

പടിയ്ക്കലെ പഞ്ചാരിമേളം ഒന്ന് തണുക്കുമ്പോള്‍ 
കാര്‍ത്ത്യായനി മെല്ലെ എഴുന്നേല്‍ക്കും 
കണവന്‍ സവിധത്തിലേക്കു നടക്കുമ്പോള്‍ 
ഈശ്വരാ ഈ കാലന്‍ മുടിഞ്ഞു പോണേ ന്നു പ്‌രാകും

സഖിയെ കാണുമ്പോള്‍ ചങ്കരന്‍ ഒന്നുകൂടി ഉഷാറാകും
പുലയാട്ടു സംഗീതം അതിന്‍റെ പാരമ്യതയിലെത്തും
കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഉപദേശിച്ച്  
പുച്ഛത്തിന്‍റെ പെരുങ്കടല്‍ തീര്‍ത്ത്‌ ചുണ്ട് കൊട്ടി 
കാര്‍ത്ത്യായനി കാന്തനെ കോലായിലേക്ക് ആനയിക്കും. 

ഇത് പതിവാണ് , ചങ്കരനൊന്ന് ചുണ്ട് നനച്ച്
ഡീ പുലയാടി മോളേ ന്നു നീട്ടി വിളിക്കുന്നത്‌ 
പുറമേ പണ്ടാരടങ്ങട്ടെന്നു പ്‌രാകിയാലും  
കാര്‍ത്ത്യായനിക്ക് ഉള്ളിലോരുപാടിഷ്ടമാണ്‌.

അതുകൊണ്ടായിരിക്കും കള്ള് മോന്താന്‍ കാശില്ലാതെ
കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിയ്ക്കുന്ന ചങ്കരന് 
സംമ്പാദ്യക്കുടുക്ക പൊട്ടിച്ചെങ്കിലും കാര്‍ത്ത്യായനി 
അന്നത്തെ ചെലവിന് ഒപ്പിച്ചു കൊടുക്കുന്നത്...    

Thursday 23 October 2014

ഞാനുമെന്‍ പറുദീസയും...


ഴിയരികില്‍ എവിടെയെങ്കിലും വെച്ച് 
തോഴാ നിന്നെ കണ്ടുമുട്ടുമ്പോള്‍  
നിന്നോട് മൊഴിയാനെനിക്കൊരു 
വെറും വാക്ക് കടം തരണം. 

ജീവിതത്തിന്‍റെ സായന്തനത്തില്‍ 
എനിയ്ക്കെന്‍റെ അമ്മയെ ഇങ്ങനെ 
മരിയ്ക്കും വരെ പരിചരിയ്ക്കാന്‍ 
നിലവും പുരയും എനിയ്ക്കെഴുതി നല്‍കിയ  
കടലാസ്സിലൊരു അമ്മവിരലടയാളം വേണം.  

നമ്മള്‍ തമ്മില്‍ ഈ ലോകം മുഴുവന്‍  
സൗരഭം ചൊരിയുന്ന പ്രണയമാണെങ്കിലും     
എന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ 
നീയൊരു കൊട്ട പൊന്നു കൂടി കരുതണം 

കനിവും സ്നേഹവും ഉപ്പിലിട്ടു വെയ്ക്കാം
അലിവും ഉറവും ഓടയിലെറിയാം...
കരളിന്‍റെ സ്ഥാനത്ത് കനിവിന്‍റെ കടല്‍ തീര്‍ത്താല്‍ 
പിന്നെ ഞാനീ നിറമുള്ള പാരിലെങ്ങനെ 
ഇത് പോലൊരു പറുദീസ പണിയും ?

Monday 20 October 2014

അമാനുഷികരോട്...

ന്ധ്യതക്ക് മരുന്ന് തേടി എത്തുന്നവര്‍ക്ക് 
കൗരവരെ പ്രസവിക്കാന്‍ 
മരുന്ന് കൊടുക്കുന്നവരോട്...
പട്ടിണിക്കാരന്‍റെ ജീവിത വിജയത്തിന് 
വലംപിരി ശംഖ് വില്‍ക്കുന്നവരോട്..
ദേഹത്ത് കയറിയ പിശാചിനെ
ചൂരല്‍ വടിയുടെ മികവില്‍ 
ഏഴു കടലും കടത്തുന്നവരോട്..

ദുരിതത്തിലാണ് ഞാന്‍ , കര കയറ്റാന്‍ 
സര്‍വ്വൈശ്വര്യലബ്ദിയ്ക്കും..
എനിയ്ക്കുമൊരു യന്ത്രം ..?

Friday 17 October 2014

നീയാണ് ശരി ...!


വിയര്‍ക്കുമ്പോള്‍ സ്വയം നനഞ്ഞും 
കദനത്തില്‍ കൂടെ ഉരുകിയും 
നിരാശയില്‍ ആശ്വസിപ്പിച്ചും 
നീയുണ്ടായിരുന്നു കൂടെ.. 

ഓര്‍ക്കുന്നുവോ നീയിപ്പോഴും ..?
ഇന്നലെകളില്‍ ഈ മരുഭൂമി താണ്ടാന്‍  
എന്‍റെ കൈ പിടിച്ചെപ്പോഴും
നീയായിരുന്നു കൂടെ തപിച്ചവള്‍..!

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ് 
പരിചിതമല്ലെങ്കിലും ജീവിത വഴികളില്‍ 
നീയില്ലെങ്കില്‍ ഇനി എനിയ്ക്കെന്തിന്
കൂടെ നടക്കാന്‍ മറ്റൊരു കൂട്ട് ..?

എന്‍റെ സ്വപ്നങ്ങളെ ചങ്ങലക്കിട്ട് 
എണ്ണമറ്റ മോഹങ്ങളെ ചവിട്ടിയരച്ച് 
നീ ചെയ്തതാണ് ശരി ..
ഉരുകാന്‍ ഒരു ഹൃദയമില്ലാത്തവര്‍ക്ക് 
തകരാന്‍ ഒരു കരളില്ലാത്തവര്‍ക്ക് 
പിരിയുന്നതെന്നും ഒരു തമാശയല്ലോ...! 

Monday 13 October 2014

എന്തിനീ ദുഃഖം ....?


നിന്നോടിങ്ങനെ കലഹിച്ചും
പിന്നെയിങ്ങനെ സ്നേഹിച്ചും
പെണ്ണേ കൊഴിഞ്ഞിടും നാളുകള്‍
നമ്മള്‍ മണ്ണായ് മാറും വരേയ്ക്കും.

എന്നോടിനിയെന്നു കാണും
എന്നോതിയുള്ളീ പരിഭവം
എന്നേയെരിക്കുന്നു ചുടലയില്‍
ഒന്നായെന്‍ തനുവും മനവും...

വിണ്ണിലെ താരകള്‍ പോലും
കണ്‍ ചിമ്മിയുറങ്ങുന്ന യാമവും
കണ്ണീരുണങ്ങാതിരിക്കും ഞാന്‍
എണ്ണിയാല്‍ തീരാത്ത ചിന്തയാല്‍...

ഒന്നോര്‍ത്താല്‍ എന്തിനീ ദുഃഖം
കണ്ണ് തോരാതെയുള്ലൊരീ സങ്കടം
വന്നു ചേരാനുള്ളതായൊന്നും
തെന്നി മാറുകില്ലീ ഭൂവിലൊട്ടും ...!

Friday 10 October 2014

വല നെയ്യുന്ന ഭീതി


യസ്സായ മുത്തശ്ശിക്കാണിപ്പോള്‍
വയസ്സറിയിച്ച പെണ്ണുങ്ങളേക്കാള്‍ പേടി  
മരണത്തിനു തൊട്ടുമുമ്പ് വരേയിപ്പോള്‍
മാനത്തെക്കുറിച്ചുള്ള ഭീതി...

ചെറുപ്രായക്കാരെക്കാളിപ്പോള്‍ കാമം പൂക്കുന്നത്
അറുപത് കഴിഞ്ഞവരുടെ പൂമരങ്ങളിലാണ് 
ലഹരി നുരയുന്ന പാനീയങ്ങളാല്‍ ജീവിതം 
നട്ടു നനയ്ക്കുന്നവരുടെ പൂമരങ്ങളില്‍ ...

കെട്ടിയ്ക്കാറായ പെണ്ണും പ്രായമായ മുത്തശ്ശിയും 
കേട്ടോ , നമുക്കിപ്പോള്‍ ഒരുപോലെയാണ് 
രണ്ടും പുര നിറഞ്ഞു നില്‍ക്കുമ്പോള്‍ 
ഉറങ്ങാന്‍ കഴിയുന്നത്‌ നമുക്കെങ്ങനെയാണ്..?

പൂമരങ്ങളുടെ വലനെയ്യുന്ന വേരുകളില്‍ നിന്ന്
കന്യകയെ കെട്ടിച്ചയച്ചു രക്ഷ നേടാം .
പക്ഷെ മുത്തശ്ശി...?
വേറെന്തു വഴി ?ഇനി കണ്ണിമ ചിമ്മാതെ 
വേഗമാ ശ്വാസം നിലയ്ക്കാന്‍ കാത്തിരിക്കാം..