Saturday 26 April 2014

ആമിനാ ...!

ആമിനാ ..
സമസ്താപരാധവും പൊറുക്കണം 
ആമം വെച്ച കൈകളില്‍ നിന്നെ 
കാമത്തോടെ നോക്കിയവന്‍റെ  
ചങ്കിലെ ചോരയുണ്ട് ...

കാരാഗൃഹത്തിലെ  ഇരുണ്ട മുറിയില്‍ 
കരഞ്ഞു തീരില്ല ഞാന്‍ 
മസ്തിഷ്കം തിന്നു തീര്‍ക്കുന്ന തടവറയിലെ 
മൌനത്തിലും നീയെന്‍റെ കൂട്ടിനുണ്ട് 
അത് മതി എനിക്കിനിയുള്ള കാലം .

എന്നെ ഉരുക്കിയില്ലാതാക്കുന്ന 
നിന്‍റെ പരിശുദ്ധ പ്രണയത്തിന് 
പകരം വെക്കാനൊന്നുമില്ലെങ്കിലും 
എന്‍റെ ജീവന്‍ നിറച്ച പാനപാത്രം 
ആമിനാ ...
അതെങ്കിലും ഞാന്‍ നിനക്ക് തരേണ്ടയോ?.

Thursday 10 April 2014

തനിക്കിതെന്ത് ഭ്രാന്താണെടോ ....?

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരോ ചോദിക്കുമ്പോഴും,
എനിക്കീ പുഴയിലെക്കൊന്നിറങ്ങണം
ഒന്ന് മുങ്ങി നിവരണം.

തനുവേ പുണരുന്ന കുഞ്ഞോളങ്ങളുടെ
നനുത്ത കുളിരിലോന്നുലയണം
കുന്നിന്‍ ചരിവ് താണ്ടി കാറ്റിനൊപ്പമെത്തുന്ന
നിന്‍റെ യാത്രയില്‍ എനിക്കും നിനക്കൊപ്പം
മനസ്സുകൊണ്ട് ചേരണം.

മാനമിരുണ്ടാലുറയുന്ന നിശ്ശബ്ദതയില്‍
നിന്‍റെ കദനങ്ങള്‍ക്ക്  കാതോര്‍ക്കണം
ഞാനും എന്‍റെ കുലവും ഇത്രകാലം
നിന്നോട് ചെയ്ത കൊടും പാപത്തിന്
മനമുരുകി മാപ്പിരക്കണം.

തനിക്കിതെന്ത് ഭ്രാന്താണെടോ
എന്നാരെക്കെയോ കരയിലലറുമ്പോഴും
എനിക്ക് നിന്നിലൊന്നലിഞ്ഞില്ലാതായി
പുണരിയില്‍ നിനക്കൊപ്പം ശയിക്കണം.

Thursday 3 April 2014

അത്രമാത്രം നമ്മളെ......

നിനക്കുമാത്രമല്ലിതു പോലെ 
എനിക്കും നിന്നെ മറന്നിടാം 
കണക്കു കൂട്ടിയത് പോലെ 
ഇനി നമുക്ക് പിരിഞ്ഞിടാം... 

ഇത്രയോക്കെയുള്ളൂവെങ്കിലും 
പിന്നെയൊക്കെയും  ഓര്‍ക്കുകില്‍ 
കണ്ണൊരല്‍പ്പം നനഞ്ഞിടാം 
കരളൊരല്‍പ്പം  കരഞ്ഞിടാം... 

എങ്കിലന്നു നാം ഓര്‍ക്കണം 
അന്ന് തോന്നിയില്ലെങ്കിലും 
അത്രമാത്രം ദൈവം നമ്മളെ 
ചേര്‍ത്തു വെച്ചിരുന്നുതായ്...