Saturday 30 November 2013

മരണ ശിക്ഷ


ഞാനുമ്മറത്തിരുന്ന് നിശ്ശബ്ദം 
ചെറുമഴയുടെ നനുത്ത താളത്തിനൊപ്പം
നനയാതെ നനയുമ്പോഴായിരിക്കണം
അകത്തെ ഈര്‍പ്പം മൂടിയ ഇരുട്ട് മുറിയില്‍ 
നീ പിടഞ്ഞ് തീര്‍ന്നത് ...

കണ്ണ് തുറന്നിരുന്ന് സ്വപ്നം കാണുന്ന 
എനിക്ക് മുമ്പിലൂടെയായിരിക്കണം
ഉമ്മറപ്പടിയും കടന്ന് മരണം 
പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് 
പതിയെ ഒച്ചയനക്കമില്ലാതെ കയറിപ്പോയത് ...  
   
മരണത്തിനു മുമ്പുള്ള പരുക്കന്‍ ശൂന്യതയില്‍ 
നീ നിശബ്ദം നിലവിളിച്ചിരിക്കണം
നിശ്വാസം നിലയ്ക്കുമ്പോള്‍ വലിഞ്ഞു പൊട്ടുന്ന 
ശ്വാസകോശത്തിന്‍റെ നീറ്റലകറ്റാന്‍ 
ഉച്ച്വാസവായുവിന് വേണ്ടി നീ ദാഹിച്ചിരിക്കണം 

ഹൃത്തടം പൊട്ടിയകലുന്ന നോവാറ്റാന്‍ 
നെഞ്ചകം ഞാനൊന്ന് തലോടുമെന്ന് 
വെറുതെയെങ്കിലും നീ മോഹിച്ചിരിക്കണം
വരണ്ടുണങ്ങുന്ന തൊണ്ട നനയ്ക്കാന്‍ 
ഒരു തുള്ളി വെള്ളത്തിന് കൊതിച്ചിരിക്കണം.

മരണത്തിനൊപ്പം പടിയിറങ്ങുമ്പോള്‍ 
നീയെന്നെ അലിവോടെ നോക്കിയിരിക്കണം
മരിച്ചവരുടെ ഭാഷയില്‍ പതിയെ 
യാത്രാമൊഴിയെന്നോട് ചൊല്ലിയിരിക്കണം

ഒരു ചുമരിനിപ്പുറം ഞാനുണ്ടായിട്ടും 
ഒന്നും പറയാതെ നീ പടിയിറങ്ങുമ്പോള്‍  
ഒട്ടുമേ ഞാനതറിയാതെ പോയത്
ഉടയോന്‍ എന്നോട് കാണിച്ച സ്നേഹമോ 
അടിയാന്‍ ഞാനിത് അര്‍ഹിച്ച ശിക്ഷയോ....

Sunday 24 November 2013

ഓര്‍മ്മകളുടെ നിലവറ


നിലാവസ്തമിക്കും , കിഴക്കന്‍മല ചുവക്കും
നീളം കൂടിയ നിഴലുകള്‍ കുറുകി ചെറുതായി
നീണ്ടു നിവര്‍ന്ന് മരിക്കാന്‍ കിടക്കും
നിനക്കൊപ്പമുള്ള ഓര്‍മ്മകളുടെ താഴിട്ടു പൂട്ടിയ
നിലവറ ഞാനപ്പോള്‍ തുറന്നു വെക്കും . 

ഭൂമിക്കും അകാശത്തിനുമിടയില്‍ ഒറ്റക്കാകുമ്പോള്‍  
ഇതിപ്പോഴെനിക്കെന്നും ഒരു പതിവാണ് 
കൂട്ടിനാരും ഇല്ലാതാകുമ്പോഴാണല്ലോ 
സങ്കടങ്ങള്‍ പടകൂട്ടി പറന്നെത്തുന്നത് ..

തിരിച്ചെടുക്കാനാവാതെ ജീവിതത്തില്‍ പലതും
തീരാ ദുഖമായി മാറുമ്പോള്‍ മാത്രം 
പിറവിയെടുക്കുന്ന തിരിച്ചറിവുകളില്‍ നിന്നാണ് 
നമ്മളെപ്പോഴും പച്ചയായ ജീവിതം പഠിക്കുന്നത്‌.. 

ആരോടുംപറയാത്ത ചില മൌന ദുഃഖങ്ങള്‍ 
മനസ്സിങ്ങനെ ഒരു ഉല പോലെ നീറ്റി നീറ്റി  
ഓര്‍മ്മ മറയാത്ത കാലത്തോളമിതുപോലെ
വെന്തു കനലാറാതെ കിടക്കും 

പണ്ട്... 
വീതം വെച്ചപ്പോള്‍ കുറഞ്ഞു പോയതിന് 
വിഹിതമായി കിട്ടിയ മഞ്ചാടിമണികള്‍ 
വിതുമ്പലോടെ വലിച്ചെറിഞ്ഞ് മുഖംകറുപ്പിച്ചവള്‍ 
മനസ്സിലൊരു നീറ്റലാകുന്നത് എനിക്കങ്ങനെയാണ്..

Monday 11 November 2013

സ്വര്‍ഗ്ഗയാത്രികര്‍

യാത്ര സ്വര്‍ഗ്ഗത്തിലേക്കാണ്.....
ആണ്ടറുതികളിലെക്കുള്ള വഴിയ്ക്കിരുവശവും
മോഹങ്ങളുടെ പൂക്കാമരങ്ങള്‍ നട്ടുനനച്ച്
സ്വപ്നം കണ്ട സ്വര്‍ഗ്ഗത്തിലേക്ക് ..

ജീവിതമോഹങ്ങള്‍ക്ക് മുകളില്‍ അടയിരിക്കും
വിധി, നിഴലുകള്‍ പോലെയാണ്
ആകാരത്തില്‍  ഏറിയും കുറഞ്ഞും എന്നും
വെളിച്ചത്തിനെതിരാകുന്നു അവ...

ഇന്നലെ പെയ്ത മഴയ്ക്ക് പിറന്നു വീണും
ഇന്നിന്‍റെ  വെളിച്ചത്തില്‍ പറന്നകന്നും
നാളെയുടെ പ്രഭാതത്തില്‍ മരിച്ചു വീണും
വീണ്ടുമൊരു പിറവിക്കായി കച്ചകെട്ടുന്നു
ഈയാംപാറ്റകളാകുന്ന മോഹങ്ങള്‍..

അറിഞ്ഞു കൊണ്ട് എരിഞ്ഞേ തീരുന്ന
മെഴുകുതിരി വെളിച്ചത്തിലെ ഈ നിഴല്‍ നാടകം
നൂറ്റൊന്നാവര്‍ത്തിച്ചു കുറുക്കിയെടുക്കുന്നു
മരുക്കാറ്റിലുലഞ്ഞുണങ്ങുന്ന ജീവിതങ്ങള്‍....

കത്തിത്തീരുന്നതിനു മുമ്പ് കറുത്ത പുക ശേഷിപ്പിച്ചു
കാലമെത്താതെ കെട്ട് പോയേക്കാം ..
കൂരിരുട്ടകറ്റാനാവാതെ മുനിഞ്ഞു കത്തി
കരുണയറിയാത്ത വിധിയുടെ കൊമ്പല്ലില്‍
കുരുങ്ങി പിടഞ്ഞ് തീര്‍ന്നേക്കാം..
എന്നിരുന്നാലും ,
സ്വര്‍ഗ്ഗത്തിലേക്കുള്ള മോഹയാത്രകള്‍
എന്നുമെപ്പോഴും ഇവര്‍ക്കുമാത്രം സ്വന്തം ..!  

Monday 4 November 2013

അതേ ഒറ്റവാക്ക്.....


ഇഷ്ട്ടമാണെന്നെ ഒറ്റവാക്ക് കൊണ്ട് കുത്തിനോക്കി 
ഇടക്കെപ്പോഴോ നീയെന്‍റെ മനമളന്നു
തുഴ മുറിഞ്ഞൊരു തോണി യാത്രയുടെ പകുതിയില്‍ 
തീരമണയാനുള്ള ജീവന്‍റെ അടങ്ങാത്ത വ്യഗ്രതയില്‍ 
നീ എനിക്ക് നീട്ടിയ കച്ചിത്തുരുമ്പ്....

നിമിഷാര്‍ദ്ധം കൊണ്ട് മറന്നൊരു ഫലിത കഥ പോലെ 

ദയയേതുമില്ലാതെ നീയിന്നത് തിരിച്ചെടുക്കുമ്പോള്‍ 
കരയാനാവാതെ കണ്ണീരൊളിപ്പിക്കേണ്ടി വന്നത് 
ചെയ്തു കൂട്ടിയ പാപകര്‍മങ്ങളുടെ പ്രതിഫലം ..

ആശകള്‍ക്കൊരു അതിരുണ്ടാകേണ്ടതായിരുന്നു

അഭിനിവേശത്തിന്‍റെ മായക്കാഴ്ചയില്‍
 കൈമോശം വന്ന ആഗ്രഹങ്ങള്‍ 
തിരിച്ചു കിട്ടാനാവാത്ത വിധം 
അടയാളങ്ങളായി ജീര്‍ണ്ണിച്ചു തീര്‍ന്നിരിക്കുന്നു. 

തീക്കൂനകള്‍ക്കിടയിലെക്കെന്നെ തള്ളിയിട്ടു നീ

തിരശ്ശീലയ്ക്കു പിറകില്‍ മറ്റൊരാളുടെ മനമളക്കുകയാണ് 
എനിക്കെപ്പോഴോ കാച്ചിത്തുരുമ്പായ അതേ വാക്കുകൊണ്ട് 
ഇഷ്ടമാണെന്ന ഒറ്റവാക്ക് കൊണ്ട് ....