Monday 26 August 2013

ബലി , ദൈവനാമത്തില്‍........

ദരിദ്ര നാരായണരുടെ പെണ്‍മക്കള്‍ക്ക്
തെല്ലും കരുണ വിധിച്ചിട്ടില്ല,
അനാഥാലയത്തിലെ പാഴ് ജന്മങ്ങള്‍ക്കൊപ്പം
പതിര് വിളയാന്‍ മറ്റൊരു പാഴ്ച്ചെടി കൂടി...

വളര്‍ച്ചയുടെ കൊഴുത്ത മുഴുപ്പുകളിലേക്ക്
കൊളുത്തിവലിക്കുന്ന പിശാചിന്‍റെ കണ്ണുകള്‍
മനസ്സിനും മുന്‍പേ മേനി വളരുന്ന പൂക്കള്‍ക്ക്
പരിഹാരമില്ലാത്ത കൊടും ശാപമാണ് .

ദൈവനാമത്തില്‍ ദാനം നല്‍കുന്നതിന്
പരലോക മോക്ഷവും സ്വര്‍ഗ്ഗവുമല്ല
അറവുമാടുകളുടെ കൂടാരത്തില്‍ നിന്ന്
മൂപ്പെത്താത്ത ഇളം മേനിയത്രേ പ്രതിഫലം..

മതവിധി പ്രകാരം കടമ നിര്‍വ്വഹിക്കപ്പെട്ട്
ആളും ആരവവുമടങ്ങി ഇരയെയും വഹിച്ച്
കശാപ്പു ശാലയിലേക്കുള്ള യാത്രയില്‍ ,
തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം തേടി
ഉറ്റവര്‍ക്ക്‌ നേരെ പകച്ചു നോക്കിയിരിക്കണം
അമ്പരപ്പ് മാറാതെ ആ ബലിമൃഗം..

വാതിലിനു പുറത്ത് സ്വര്‍ഗ്ഗത്തിന്‍റെ  പേരെഴുതി
മലര്‍ക്കെ തുറന്ന നരകത്തില്‍
അലങ്കാരങ്ങള്‍ ചൂടി കാത്തിരിക്കുന്നത്  
രതി പരീക്ഷണങ്ങളുടെ അറപ്പുളവാക്കുന്ന ഭോഗശാല..!

അണമുറിയാത്ത ആവേശം ആറിത്തണുത്ത്
അടയാളങ്ങള്‍ ബാക്കിയാക്കി ,ആരാച്ചാര്‍ മടങ്ങും..
പേക്കിനാവ് ചവിട്ടി മെതിച്ച് മറ്റൊരു പൂമൊട്ട് കൂടി
പുഴുക്കുത്തേറ്റ്, വിടരും മുമ്പേ കൊഴിഞ്ഞു വീഴും...   .

പത്തു കാശിനു സ്വന്തം രക്തത്തെ
വില്‍പ്പനക്ക് വെക്കുന്നവരുടെ ന്യായങ്ങള്‍
ദൈവത്തിന്‍റെ ഒരു കണക്കു പുസ്തകത്തിലും
വരവ് വെക്കപ്പെടുകയില്ല.....!

ഓര്‍ക്കുക ...
പാതിപോലും വിടരും മുന്‍പേ
പുറം പോക്കില്‍ വിടരുന്ന പൂക്കളെ
പറിച്ചെടുത്തു നുകരുന്ന മാന്യര്‍ ,
ആര്‍ക്കും പ്രവേശനമേകാതെ
വേലികെട്ടി വേര്‍ത്തിരിക്കുന്നുണ്ട്
സ്വന്തം വീട്ടിലുമൊരു പൂന്തോട്ടം ..



Sunday 25 August 2013

അകക്കണ്ണ് തുറക്ക നീ

ഭോഗത്തിനായുള്ള വസ്തു മാത്രം ഈ 
ഭൂമിയില്‍ പെണ്ണെന്ന ചിന്തയൊന്നേ 
ഭരിക്കുന്നൊരസുര ജന്മങ്ങള്‍ വാഴും
ദൈവത്തിന്‍ സ്വന്തം നാട്ടിലിന്നും 

വാക്കാലറുത്തും  വാളാല്‍ മുറിച്ചും 
വഞ്ചിച്ചിതന്യന്‍റെ സമ്പാദ്യമൊക്കെയും 
തഞ്ചത്തില്‍ തന്‍റെതായ് മാറ്റുന്ന വിദ്യയില്‍ 
വ്യാപൃതരാണിന്നീ കുറുനരി കൂട്ടം 

നീതിയും നിയമവും കാറ്റില്‍ പറത്തി
നിരാലംബ ജനത്തിനു കൊലക്കയര്‍ നല്‍കി 
നാട്  ഭരിക്കുന്നു മറ്റൊരു കൂട്ടം  
നാണവും മാനവും ഇല്ലാത്ത വര്‍ഗ്ഗം. 

നല്ലൊരു നാളെ ഇനിയൊന്നു പുലരാന്‍ 
നേരിന്‍റെ പുലരി എന്നിനി തെളിയാന്‍  
പാരിലീ പാവങ്ങളെത്തേടി അണയാന്‍ 
ആരിനി എന്നിനി  വന്നണഞ്ഞീടാന്‍... 

അകക്കണ്ണ് തുറക്ക നീ ദഹിപ്പിക്ക സര്‍വ്വമീ 
അകത്തലിവ് തീണ്ടാത്ത കൂട്ടങ്ങളെ 
അതിനു കഴിവെനിക്കില്ലാ അതല്ലേ 
ആ പാദങ്ങളില്‍ വീണു കേഴുന്നതും ...

Wednesday 21 August 2013

ആണായി പിറന്നവന്‍ .

ആണായി പിറന്നവന്‍ .

നാളെ സൂര്യോദയം വരെയും 
ഞാന്‍ നിന്‍റെതാണ് 
പിന്നെ നിറപറയും നിലവിളക്കും
കതിര്‍മണ്ഡപവും, തുള വീണ കന്യകാത്വവും 
മറ്റൊരാളുടെ വിയര്‍പ്പും 
എനിക്ക് നിന്നെ  അന്യനാക്കും...

പുതിയൊരു ജീവിതം മോഹിച്ച്  
പാറിയടുക്കുന്ന ഒരാള്‍കൂടി 
ഒരിക്കലുമണയാത്തൊരീ 
ചതിയുടെ ചിതയില്‍ നീറിയൊടുങ്ങും....  

ഒരാളെ മോഹിച്ച് 
മറ്റൊരാളെ കുടിയിരുത്തി 
പെണ്ണായി പിറന്ന ഞാന്‍ 
ഒരിക്കല്‍ക്കൂടി പരാജയപ്പെടും.... 

ജീവിതം മുഴുവന്‍ നിന്‍ ചിന്തകള്‍  
ഒരു പരാദം കണക്കെ അസ്വസ്തതയേകി 
ഒഴിവു നേരങ്ങളിലെന്‍റെ 
രക്തം കുടിച്ചു വീര്‍ക്കും.

നിനക്കോ ..?
പ്രണയ പൂവാടികളില്‍ വിടര്‍ന്ന 
പല പൂക്കളില്‍ ഒന്ന് കൂടി 
കരിഞ്ഞു വീഴും, 
കരയില്‍ പിടിച്ചിട്ട ഒരു മത്സ്യം കൂടി 
ആരും കാണാതെ പിടഞ്ഞ് തീരും..

നിലക്കാത്ത വേദനയേകി 
നീ പിരിഞ്ഞു പോകും മുന്‍പ് 
നിന്‍റെ പൊയ്മുഖംതീര്‍ത്ത എന്‍റെ
മുറിവുകളില്‍കൂടി മണ്ണിട്ട്‌ മൂടുക. 

ചൊല്ലിപ്പഴകിയ പ്രതിജ്ഞകളും 
പാഴ് കിനാക്കളും നല്‍കി
ഒരായുസ്സ് മുഴുവനെന്നെ 
നീറിമരിക്കാന്‍ വിധിച്ച്  
ഒളിച്ചോടിയ നിന്നെ ഞാന്‍ 
എന്‍റെ ജീവിതാന്ത്യം വരെ ,
സത്യം 
ആണായി പിറന്നവനെന്ന്‍ വാഴ്ത്തും  ...!

Sunday 18 August 2013

കാത്തിരിക്കുക ...!


രണശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍ 
ചോര മണക്കുന്ന ബലിക്കല്ല് നോക്കി 
പുഞ്ചിരി തൂകുന്നതില്‍ അര്‍ത്ഥമില്ല.. 
കൊലമരങ്ങളുടെ നിസ്സംഗതയെ   

അധിക്ഷേപിക്കുന്നതിലും...! 


ചുടലക്കളങ്ങളിലെക്കുള്ള വഴികളില്‍ 
പൂക്കുന്ന തുമ്പച്ചെടികളുടെ പൂക്കള്‍ 
ചുവന്നു തുടുക്കുന്ന ഒരു കാലം വരും.. 
അന്ന് ,ചത്വരങ്ങളിലും
ചക്രവര്‍ത്തികള്‍ ചുരമാന്തുന്ന
ചില്ലു കൊട്ടാരങ്ങളിലും 
ഒരു പുതിയ സൂര്യനുദിക്കും .

പഞ്ചനക്ഷത്ര  സ്വര്‍ഗ്ഗങ്ങളില്‍ 
ഉടുമുണ്ടഴിക്കുന്ന അഭിസാരികകളുടെ 
നവദ്വാരങ്ങളില്‍ ചലവും ചോരയും 
നിറഞ്ഞൊഴുകും..

കള്ളപ്പണക്കാരുടെ വെള്ളിപ്പാത്രങ്ങളില്‍ 
പുഴുക്കള്‍ നുരക്കും 
കരിഞ്ചന്തക്കാരുടെ പാണ്ടികശാലകള്‍ 
ചിതലരിക്കും..

അശരണരെങ്കിലും തെരുവിലലയുന്നവരുടെ 
ചുടുനിശ്വാസങ്ങള്‍ തീപ്പന്തങ്ങളാകും.. 
അകലെയല്ലാത്ത ആ കാലത്തേക്ക് ,
കള വിളയാതെ കതിര് വിളയുന്ന 
നല്ല കാലത്തേക്ക് ,
കൈക്കരുത്തും മനക്കരുത്തും 
അണമുറിയാത്ത ആവേശവും 
കരുതിവെച്ചു കാത്തിരിക്കുക ..

Thursday 15 August 2013

തിരിച്ചു വരവും കാത്ത് ...

ഈ താഴ്വരയിലെ മാമരങ്ങള്‍
അവസാനത്തെ ഇലയും പൊഴിച്ച് 
വരണ്ട ഭൂമിക്കു മുകളില്‍ മെത്ത വിരിക്കുമ്പോള്‍ , 
ഒടുവിലെ തൂവലും പൊഴിച്ചൊരു നിലാക്കിളി 
ഒരിക്കലും വിരിയാ മുട്ടകള്‍ക്ക് അടയിരിയ്ക്കുമ്പോള്‍... 

കാട്ടുചോലകള്‍ അവസാന തുള്ളിയും ചുരത്തി 
ചെമ്മണ്‍ കുന്നുകളോട് വിട പറയുമ്പോള്‍,
ഇനിയൊരു കണികയും പൊഴിക്കാനില്ലാതെ
വിണ്ണിനും ഭൂമിക്കുമിടയിലെ ജീവിതം വിട്ട്‌ 
മഴമേഘങ്ങള്‍ യാത്രാമൊഴി ചൊല്ലിപ്പിരിയുമ്പോള്‍...   

എല്ലാം ഒടുങ്ങി ഈ ശ്മശാന മൂകതയും 
ശൂന്യതയും മാത്രം ബാക്കിയായാലും പ്രിയേ
നിനക്കായി മാത്രം കാത്തിരിക്കും ഞാന്‍ 
എന്നോടോരുനാള്‍ നീ ചേരുവോളം .. ..

Monday 12 August 2013

രണ്ടെന്ന സത്യം ..!

 
 
തീരാത്ത ദുഃഖത്തിന്‍ തീക്കടല്‍ തീര്‍ത്തു നീ 
തോരാത്ത കണ്ണുനീര്‍ പകരം നല്‍കി 
ദൂരെ ദൂരേക്ക്‌ മറഞ്ഞെങ്കിലും പ്രിയാ 
ചാരെ നീയുണ്ടെന്നറിയുന്നു ഞാന്‍ ..

എന്തിനോ യാത്രയാകുന്നോരീ വഴികളില്‍ 
കൂട്ടിനൊരാളില്ല കൂരിരുട്ടെങ്ങും 
കേട്ടിടുന്നോരോ ചെറു ശബ്ദങ്ങളില്‍ പോലും  
ഞെട്ടുന്നു ഞാനീ ഇരവിലും പകലിലും  .

ജീവിതം ഇരുട്ട് നിറയുന്നതെപ്പോഴും
ഈ വിധം കണ്ണുകള്‍ മരിക്കുമ്പോഴല്ല  
മനസ്സും ശരീരവും ഒന്നായിട്ടൂള്ളോരാള്‍ 
എല്ലാം വെടിഞ്ഞു പിരിയുമ്പോഴല്ലോ 

ഇണപിരിയാത്തൊരീ ഞങ്ങളിലൊന്നിനെ
പിണമാക്കി മാറ്റി പിരിച്ചെടുക്കുമ്പോള്‍ 
കളിയായിട്ടെങ്കിലും ഓര്‍ക്കാണോ ദൈവം 
മരിക്കുന്നതൊരാളല്ല രണ്ടെന്ന സത്യം ..!

Saturday 10 August 2013

കുഞ്ഞിമാളു , കുഞ്ഞാമിന പിന്നെ ഞാനും..


ചെറുകോട് നിന്ന് അയ്യപ്പന്‍കാവും താണ്ടി 
കൈത്തോട്‌ മുറിച്ചു കടന്ന് പാടവരമ്പിലൂടെ 
അന്തിമാഹാകാളന്‍ കാവിലേക്ക് ഒരു പോക്കുവരവുണ്ട് .

പണ്ട് തമ്പുരാന്‍ പിഴപ്പിച്ച കുഞ്ഞിമാളു 
പൊട്ടു തൊട്ട് ,കണ്ണെഴുതി ,നാലും കൂട്ടി മുറുക്കി 
വടക്ക് ചെറുകോട്പാടവും കൈതക്കാടും കടന്ന് 
ചൊവ്വാഴ്ച രാത്രികളില്‍ നടക്കാനിറങ്ങും 

ശുഭ്ര വസ്ത്രം ധരിച്ച് കാലില്‍ ചിലങ്കയണിഞ്ഞ്
കെട്ടിവച്ച മുടിയില്‍ പാലപ്പൂ തിരുകി 
നിലാവിന്‍റെ അരണ്ട വെളിച്ചത്തില്‍ ഏകയായി 
പാടവരമ്പിലൂടെ ഒരു നിശായാത്ര 

പേടിയില്ലെങ്കിലും ചൊവ്വാഴ്ച രാത്രി 
പാവം ഞങ്ങളാരും പക്ഷെ പുറത്തിറങ്ങാറില്ല
പൊടിപ്പും തൊങ്ങലും വെച്ച് ബുധനാഴ്ച രാവിലെ 
പപ്പേട്ടന്‍റെ ചായക്കടയില്‍ ചുടു ചായക്കൊപ്പം
പ്രക്ഷേപണം ചെയ്യും പുതിയ വാര്‍ത്തകള്‍ 

പട്ടാളക്കാരന്‍ വിശ്വനാഥന്‍ ,പ്രതാപശാലി 
മദയാനയുടെ മസ്തകം പോലെ നെഞ്ചുള്ളവന്‍ 
അതിര്‍ത്തികാത്ത് ക്ഷീണിച്ചൊരുനാള്‍ 
അര്‍ദ്ധരാത്രി ,ആരോടുമുരിയാടാതെ  നാട്ടിലെത്തി 

കുരുമുളക് കച്ചവടക്കാരന്‍ കുഞ്ഞേനാച്ചനെ
കിടപ്പറയില്‍ നിന്ന് പിടികൂടി ഒറ്റവെടിക്ക് കൊന്ന്
കൂടെയൊരു വെളുത്ത പുതപ്പും ചിലമ്പിനുമൊപ്പം   
കുളക്കടവില്‍ ചാക്കിലാക്കി കെട്ടിത്താഴ്ത്തി .

അന്നേക്കിന്നോളം കുഞ്ഞിമാളു പാലപ്പൂ ചൂടി 
അയ്യപ്പന്‍കാവ് വഴി ചെറുകോട് നിന്നും
വെള്ളയുടുത്തു ചിലമ്പിട്ട് ,ചൊവ്വാഴ്ചകളില്‍ 
രാത്രിയാത്ര നടത്തുന്നത് ഞങ്ങളാരും കണ്ടിട്ടില്ല . 

ഇപ്പൊ ഞാനൊരു ജോഡി ചിലങ്കയും 
വെളുത്തൊരു പുതപ്പും വാങ്ങിവെച്ചിട്ടുണ്ട്‌ 
കുഞ്ഞാമിനയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാത്തത് 
എനിക്കാരോടും പറയാന്‍ പറ്റില്ലല്ലോ ...!

Thursday 8 August 2013

ഓര്‍മ്മതന്‍ വെളിച്ചം


ചോരുന്ന കൂരയില്‍  നനയാതിരിക്കുവാന്‍ 
ചേലത്തലപ്പാല്‍ പുതച്ചെന്നെയമ്മ 
കൊരിച്ചോരിഞ്ഞന്നു പകതീര്‍ത്തു മാനം 
തീരെ പ്രതീക്ഷിക്കാതന്നത്തെ രാത്രിയില്‍..

ചൂടുള്ള മഴനീരിതെവിടുന്നെന്നറിയാതെ 
അമ്മതന്‍ മുഖത്തേക്കുറ്റു ഞാന്‍ നോക്കവേ
തോരാതെ പെയ്യുന്ന മഴയല്ലതെന്നും 
ചുടുനീര് പെയ്യുന്നതമ്മതന്‍ കണ്ണെന്നും 
അറിഞ്ഞിട്ടുമെന്തോ ഞാന്‍ കരഞ്ഞതേയില്ല . 

മഴ തോര്‍ന്നുവെങ്കിലും പിന്നെയും പെയ്തു 
മേല്‍ക്കൂരക്കൊപ്പം  എന്നമ്മതന്‍ കണ്ണും
അറിയാം എനിക്കിന്നാ കണ്ണീരിന്‍ നൊമ്പരം 
അറിയുവാനായില്ല അന്നെനിക്കെങ്കിലും ..

ആടുന്ന ദേഹം അലങ്കാരമാക്കി 
പൊടിയില്‍ കുളിച്ചച്ഛന്‍ പടികടന്നെത്തി 
പേടിച്ച പേട മാനിന്‍റെ കണ്ണന്ന് 
എന്നമ്മയില്‍ കണ്ടതിന്നുമോര്‍ക്കുന്നു ഞാന്‍.

വാതില്‍ തുറക്കുവാനെന്തെടീ താമസം,നിന്‍ 
മറ്റവനെങ്ങാനും അകത്തിരിപ്പുണ്ടോ ,എന്‍  
മാനം കളഞ്ഞെന്നാല്‍ കൊന്നിടും നിന്നെ, 
അലറുമ്പോള്‍ അയാളെന്‍റെ അച്ഛനല്ലേതോ 
പിശാചിനെപ്പോലെയാണിന്നുമെന്നോര്‍മ്മയില്‍.. 

മുടിയില്‍ പിടിച്ചു ചുഴറ്റിയന്നച്ഛന്‍ 
ഞൊടിയില്‍ നിലത്തിട്ടു ചവിട്ടിയിട്ടോതി 
ആരെന്നു ചോല്ലെടീ ഈ പന്നി തന്‍ തന്ത 
അല്ലെങ്കിലിന്നു നീ ശവമായി മാറും ..

ഉയിരോടെ ദഹിച്ചതന്നാകുമമ്മ 
ഉടലോടെ ഉരുകിയതുമന്നാകുമമ്മ
പാതിവ്രത്യത്തിന്‍ വിലയറിയാത്തവന്‍
പുരുഷനല്ലാതെ മറ്റാരുണ്ടീ ഭൂമിയില്‍ ..? 

നായാട്ടു തീര്‍ന്നച്ഛന്‍ മയങ്ങിക്കിടന്നിട്ടും 
തോര്‍ന്നില്ല  അമ്മതന്‍ കണ്ണുകള്‍ മാത്രം 
ആലോചിച്ചെന്തോ ഉറപ്പിച്ചമട്ടില്‍, പിന്നെ 
തിളങ്ങിയാ കണ്ണുകള്‍  അന്നാദ്യമായി .

എന്നെ വിളിച്ചമ്മ മടിയിലുരുത്തി 
കെട്ടിപ്പിടിച്ചൊന്നു തേങ്ങിയമ്മ ,പിന്നെ 
സുഖമായുറങ്ങുവാന്‍ ചോല്ലിയെന്നോടും
പുതപ്പിച്ചെന്‍ ദേഹവും ഒരുമ്മയാലെ ..

പിറ്റേന്ന് കാലത്തു ഞാനറിഞ്ഞെല്ലാം 
ഒറ്റയ്ക്കെന്നെ വിട്ടെങ്ങോ പറന്നമ്മ 
കണ്ണീര്‍ നനച്ചും കരള്‍ പുകച്ചും തീര്‍ത്ത
ജന്മമെന്നെക്കുമായെന്നെ പിരിഞ്ഞു .

ഓര്‍മ്മകള്‍ക്കിന്നും എന്തു വെളിച്ചം 
എന്നമ്മതന്‍ പൂമുഖം പോലെ തെളിച്ചം
സദയം പൊറുക്കണം എന്നോട് തായേ 
അശ്രുകണങ്ങള്‍ അല്ലാതെയില്ലയാ 
തൃപ്പാദ പൂജക്കെന്നിലിന്നമ്മേ ....