Thursday 18 July 2013

എങ്കിലും എന്‍റെ വനജേ...

നാം തമ്മില്‍ പിരിഞ്ഞ ശേഷം നിന്നെക്കുറിച്ചോര്‍ത്ത് 
എനിക്കിപ്പോഴും ചിരി വരാറുണ്ട് .

മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍ 
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..

സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത് 
നീയിപ്പോള്‍ എന്നേ മറന്നിരിക്കും. 

നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഇന്നാ തിളക്കമില്ല 
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍ 
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്.... 

ഒരിക്കലും മറക്കാത്ത ആകാര വടിവ്   
കരിവണ്ടിന്‍ നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്‍മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ 
ഒന്നും ഒരല്‍പം പോലും വിശ്വസിക്കാനാവുന്നില്ല 

അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം 
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ 
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും 
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള 
കാന്തം പോലുള്ള കണ്ണുകളും മസിലുകളും 
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്‌...

പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട് 
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും 
എന്‍റെ വിഡ്ഢിത്തരമോര്‍ത്ത്....... 

Sunday 14 July 2013

പ്രിയതമക്ക് ..

പ്രിയേ ... 
ആരുമില്ലെന്ന തോന്നലില്‍ ഇനി നിനക്കെന്നും 
കരഞ്ഞു തളരേണ്ടി വരില്ല, 
നമുക്ക് ജീവിക്കാന്‍ വേണ്ടി മാത്രം  
ജീവിതം വില്‍ക്കേണ്ടിവന്നവനാണ് ഞാന്‍....
ആയുസ്സിന്‍റെ മണിക്കൂറും മാത്രകളും 
മസാന്ത്യം ലഭിക്കുന്ന പണക്കിഴിക്ക് പകരം 
അറുത്തു തൂക്കി വില്‍പ്പനക്ക് വെച്ചവന്‍........, .

അകലങ്ങളിലിരുന്ന് നിന്‍റെ ശബ്ദവീചികളില്‍  
മൂകം അലിഞ്ഞലിഞ്ഞില്ലാതായവന്‍, 
നിനക്കൊപ്പം കരഞ്ഞും ചിരിച്ചും വെറുതെ 
സ്വപ്നങ്ങളില്‍ അഭിരമിച്ചവന്‍ .. 

നീയോ.?
ആര്‍ക്കും വേണ്ടാത്ത വെളിച്ചം തൂകി 
എന്നോടൊപ്പം ഉരുകി ഒലിച്ചവള്‍ ,
ജീവിത സത്യങ്ങള്‍ ശീതക്കാറ്റായപ്പോള്‍ 
താഴ്വാരത്തില്‍ മരവിച്ചു നിന്നവള്‍ ...

ഒരു സന്തോഷത്തിന്‍റെ വെയില്‍ നാളം
മരവിപ്പിനെ അലിയിച്ചു കളയുമെന്ന 
മനക്കണക്കില്‍ വൃഥാ സംതൃപ്തയായി 
കനവുകള്‍ക്കു ജീവന്‍ കൊടുത്തവള്‍ ... 

കത്തിച്ചാരമാകാന്‍   ഇനിയെനിക്ക് ബാക്കിയുള്ളത്
നിന്‍റെ പാവനമായ കാല്‍പാദങ്ങളിലാവണം 
എരിഞ്ഞു തീരാന്‍ ഇനിയെനിക്കുള്ളത് 
മരിക്കും വരെ നിന്നോടോപ്പവും .. .

തെറ്റുകള്‍ തിരിച്ചറിയപ്പെടുമ്പോള്‍ 
തിരുത്താന്‍ വേണ്ട മനക്കരുത്തേകാന്‍ 
വേണം ഒരാശ്രയവും അത്താണിയുമായി 
എന്നും നീ എനിക്കൊപ്പം..... 

Sunday 7 July 2013

പ്രണയിനി

തിരഞ്ഞു നീയോരോ വരയിലും  ചെറു വരിയിലും 
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും 
വിരിയും മലരിലും  നറു മൊഴിയിലും 
തിര പുണരുമോരോ  കടല്‍ക്കരയിലും ..

നഭസ്സിലലയും മുകിലിലും,മഴവില്ലിലും 
ജലധി നിറയും അലയിലും ,പാല്‍ നുരയിലും 
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും, 
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...

തേടാന്‍ മറന്നു നീ നിന്‍ ഉള്ളിന്‍റെ ഉള്ളില്‍ 
തിരയാന്‍ മറന്നു നിന്‍ ഹൃത്തടം തന്നില്‍ 
തേടുകില്‍ നിന്‍ കണ്ണില്‍ തെളിഞ്ഞിരുന്നേനെ 
വിരഹത്തില്‍ ഉരുകും നിന്‍ ഹൃത്തിലായ് വേരാഴ്ത്തി 
വളരുമോരോ മധുര നോവായ്‌ തരള ചിന്തയായ് 
പൂത്തുലഞ്ഞിടും നിന്‍റെ മാത്രമീ പ്രണയിനി ..

Monday 1 July 2013

ദുഖഭാരം

നിന്നെയും പെറ്റൊരമ്മ തന്നെ 
എന്നെയും പെറ്റതീ മണ്ണില്‍ 
നിന്നെ വളര്‍ത്തിയ പ്രകൃതി തന്നെ 
എന്നെയും പോറ്റുന്നു മണ്ണില്‍  

എന്നിട്ടുമെന്തേ എനിക്ക് മാത്രം 
നിന്നെക്കാള്‍ വര്‍ണ്ണം കുറഞ്ഞു പോയി 
നിനക്കൊത്ത ചന്തവും സുഗന്ധവും 
നിന്നുടല്‍ ഭംഗിയുമില്ലാതെ പോയ് ..

പാടിപ്പുകഴ്ത്തിയെത്ര പേര്‍ നിന്നെ 
വാടിക്കലങ്കാരമാണെന്നു ചൊല്ലി 
പാടുവാനില്ലാരും എനിക്ക് മാത്രം
വാടിക്കരിയും വരെയെന്‍റെ ഗാത്രം.. 

പരിപൂര്‍ണ്ണ പൂജ്യര്‍ തന്‍ പാദങ്ങളില്‍  
പതിച്ചുമ്മ വെച്ചീടുവാന്‍ ഭാഗ്യമില്ലാ 
ദേവകള്‍ എല്ലാം തികഞ്ഞവര്‍ തന്‍ 
തിരുമുമ്പില്‍ തൊഴുതിടാന്‍ യോഗമില്ല 

ആര്‍ക്കും വേണ്ടാത്ത പാഴ് ജന്മമായ്
വേരറ്റു പോകാനാണെന്‍ വിധി,  
വാഴുന്നതെന്തിനു വ്യര്‍ത്ഥമായി 
ഊഴിയില്‍ ഇവ്വിധം ഏകമായി...