Friday 24 May 2013

ഉണ്ണീ നിനക്കായ്‌ ...



                 
ഉണ്ണീ എനിക്ക് നീ കുഞ്ഞായിരുന്നപ്പോള്‍ 
കണ്ടിരുന്നെത്ര കിനാക്കള്‍ നിന്നില്‍ 
കണ്ണ് നിറഞ്ഞു വളര്‍ന്നു വലുതാകാന്‍ 
കാത്തിരുന്നെത്ര കൊല്ലങ്ങള്‍ ഞാന്‍..

അച്ഛന്‍ പിരിഞ്ഞു നിന്‍ പിറവിക്കു മുന്‍പേ 
കൊച്ചു പ്രായത്തില്‍ തനിച്ചാക്കിയെന്നെ 
ആരും തുണച്ചില്ല അമ്മയാമെന്നെ 
അടര്‍ക്കള നടുവില്‍ ഉപേക്ഷിച്ചുവെന്നെ. 

നഷ്ടമെന്തോക്കെയാണെങ്കിലും ശരി
കഷ്ടമൊക്കെ സഹിച്ചു ഞാനെന്നും 
കണ്ണിന്‍റെ മണിപോലെ കരുതിയെന്നും
ഉണ്ണീ നിനക്കായി ത്യജിച്ചെന്‍റെ ജീവന്‍...................

ഇന്നു തളര്‍ന്നു കിടക്കുമ്പോളല്‍പ്പം 
കരുണ നനക്കുവാനില്ലയെന്‍ ചുണ്ടില്‍ 
ഇത്ര തിരക്കോ നിനക്കെന്‍റെയുണ്ണീ
എനിക്കിത്ര മതിയെന്നു നിനച്ചുവോ നീയും .

ജീവന്‍ ത്യജിച്ചും വളര്‍ത്തുന്നമ്മതന്‍ 
ജന്മ കര്‍ത്തവ്യമെന്നാകിലും 
ചൊല്ലി യാചിക്കാനില്ല ഞാനുണ്ണീ  
കരുണ തോന്നുവാനെന്മേലെയൊട്ടും. 

ആകാശം മുട്ടാന്‍ കൊതിച്ചു പറക്കും നീ 
നോക്കണം താഴെക്കൊരല്‍പ്പമെന്നുണ്ണീ 
ചിറകു തളരുന്ന നാളില്‍ നിനക്കൊന്നു 
വിശ്രമിച്ചീടാനൊരു മരക്കൊമ്പ് കാണുവാന്‍ ..

Saturday 18 May 2013

വിട സഖീ ...


നിലം പരിശാക്കപ്പെട്ട നമ്മുടെ ജീവിതത്തില്‍ 
നിറമുള്ള സ്വപ്‌നങ്ങള്‍ നമുക്കന്യമാണ് . 
ഇന്നോ നാളെയെ വരാനുള്ള  നല്ലകാലം 
ഇനിയൊരിക്കലും വരാതെ നീളുമ്പോഴും 
ഇവിടെയുരുകുന്ന പ്രതീക്ഷയുടെ തുരുത്തില്‍ 
ഇടറിയും പതറിയും നാം കണ്ട സ്വപ്നങ്ങള്‍ക്ക് 
തീര്‍ത്താല്‍ തീരാത്ത കടപ്പാട് ..

വേനല്‍ ചൂടില്‍ വിയര്‍ക്കുന്ന രാത്രികളില്‍ 
വേവലാതിയോടെ വെന്തുരുകുമ്പോള്‍ 
തണുത്തൊരു വേനല്‍ക്കാറ്റ് കിനാകണ്ട്‌ 
തിരുത്താനാവാതെ നമ്മള്‍ ഇവിടെയിങ്ങനെ...

വിശന്നു പൊരിഞ്ഞ് കരയുമ്പോഴാണ്‌ 
വിലക്കപ്പെട്ട കനികള്‍ പശിയടക്കാനേകി
സാത്താന്‍ നമ്മോട് കരുണ കാണിക്കുന്നത്....
പ്രലോഭനത്തിന്‍റെ  കനികളെ പ്രധിരോധിക്കാന്‍ 
അതിജീവിനത്തിന്‍റെ  മൃതസഞ്ജീവനി നഷ്ട്ടപ്പെത് 
തിരിച്ചറിയാന്‍ വൈകിപ്പോയതായിരിക്കും 
ഒരു പക്ഷെ നമുക്ക് പറ്റിപ്പോയ തെറ്റ് ....

ഒരിക്കല്‍ പ്രിയപ്പെട്ടവളായിരുന്നത് കൊണ്ട്
ഒരു വേനല്‍ മഴ തേടിയുള്ള നിന്‍റെ പ്രയാണത്തെ 
തിരിച്ചറിഞ്ഞിട്ടും ഞാനൊട്ടും തടയുന്നതേയില്ല 
നിനക്കെന്നും നല്ലത് വരുത്താനുള്ള പ്രാര്‍ത്ഥനയോടെ  
വിട സഖീ ... 

Thursday 16 May 2013

രാധയോട്‌


രാവേറെയായിട്ടും ഉറങ്ങാത്തതെന്തു നീ  
രാധേ നിനക്കിന്നെന്തു പറ്റി ?
കാര്‍മേഘ വര്‍ണ്ണന്‍ കണ്ണന്‍റെ  ഓര്‍മ്മയില്‍ 
രാവിത് നിദ്രാ വിഹീനമായോ ..?

രാരിരം പാടിയുറക്കുവാനായിന്നു 
രാക്കുയില്‍ നിന്‍കൂടെ  ഇല്ലാഞ്ഞതോ 
പൂത്തൊരു പാരിജാതത്തിന്‍റെ മൊട്ടുകള്‍ 
തല്‍പ്പത്തില്‍ നീളെ വിതറാഞ്ഞതോ
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

തൂവെണ്ണ മേനിയില്‍ ചെമ്മേ പുരട്ടുവാന്‍ 
ചന്ദന ലേപമതില്ലാഞ്ഞതോ  
സഖിമാരു മൊഴിഞ്ഞൊരു കളിവാക്ക് നിന്നെ 
ചെറുതായോരല്‍പ്പം നോവിച്ചതോ 
എന്തിതു പറ്റി നിനക്കിന്നു നിദ്ര 
വഴിമാറി പോയതിതെന്തുകൊണ്ടോ ..?

ഒന്നുമില്ലെങ്കിലും കണ്ണന്‍റെ കനിയല്ലേ  
കണ്ണിന്‍റെ മണിയായി കരുതുന്ന സഖിയല്ലേ 
പാടില്ലയൊട്ടുമേ ഇത്രമേല്‍ ശോകം 
മറ്റാര്‍ക്കും കിട്ടും ഇത്രമേല്‍ ഭാഗ്യം !

Friday 10 May 2013

പൂവായ് പിറന്നാല്‍.....


          
വിധിക്ക്  മുന്നിലായ് കഴുത്തു നീട്ടുമീ 
വിരിഞ്ഞപൂക്കള്‍ തന്‍ വ്രണിത മാനസം 
വെറുമോരോമല്‍ കിനാവ്‌ പോലെയീ 
ചെറു മലര്‍വാടി കനിഞ്ഞ ജീവിതം ..

വിടര്‍ന്നതെന്തിനോ മണം, ചൊരിഞ്ഞതെന്തിനോ 
കടും നിറങ്ങളും നറു , സുഗന്ധവും പേറി 
ചെടിക്ക് ചന്തമായ് വിടര്‍ന്ന സൂനങ്ങള്‍ 
അടര്‍ന്നു വീണിടും വെറുമോരോര്‍മ്മയായ്..

നിറഞ്ഞ യൌവ്വനം കവര്‍ന്നു പോകുവാന്‍ 
വരുന്ന വണ്ടുകള്‍ മൊഴിയും വാക്കുകള്‍ 
തരുന്ന മാനസ  സുഖങ്ങളോക്കെയും 
തകരും ചില്ലിലായ് മെനഞ്ഞ മേട പോല്‍..

ഇറുത്തെടുത്തിടും കനിവതില്ലാതെ 
കൊരുത്തു ചാര്‍ത്തിടും പുലര്‍ന്ന വേളയില്‍ 
മറുത്തു ചൊല്ലുവാന്‍ കഴിവതില്ലാ 
ചെറുത്തു നിന്നിടാ വെറും മലരുകള്‍ ..

കറുത്ത മാനസം ഭരിക്കും ലോകമില്‍ 
കരുത്തരായിടാന്‍ കഴിവതില്ലെങ്കില്‍ ,
പിറന്നു പോയൊരാ പിഴവിതോര്‍ത്തെന്നും 
കരഞ്ഞു തീര്‍ത്തിടാം സ്വയം പഴിച്ചിടാം.

വരിക താരകം നിറഞ്ഞ മാനമേ 
തിരകള്‍ നീന്തുമീ നിറഞ്ഞൊരാഴിയേ 
വരും ദിനങ്ങളില്‍ ഉയര്‍ന്നു പൊങ്ങുവാന്‍ 
കരുത്തു നല്‍കുകെന്‍ മഹാ പ്രപഞ്ചമേ ....

Saturday 4 May 2013

മരണം കാത്ത് മുത്തശ്ശി


മരണം കാക്കുന്ന മുത്തശ്ശി ചിന്തയിലാണ് ,
മദം പൊട്ടി അലറുന്ന മഴക്കാല രാത്രിയില്‍ 
മാമാലകള്‍ക്കപ്പുറത്തെ മായാലോകത്ത് നിന്ന്
നിശബ്ദതയിലാരോ കയ്യിലൊരു കയറുമായി ....

കയറുമായി വരുന്നവനോട് ഇരിക്കാന്‍ പറയാം 
കുടിക്കാനെന്തെങ്കിലും കൊടുത്ത് സല്‍ക്കരിക്കാം... 
കരയാതെ കണ്ണീര്‍ തൂകാതെ ആരോടും പറയാതെ 
കരളു കല്ലാക്കി സധൈര്യം കൂടെ പോകാം 

അതല്ലെങ്കില്‍ ...

കയറുമായി വരുന്നവനോട് പൊട്ടിക്കരയാം 
കദനഭാരം നിറഞ്ഞ ചങ്ക് തുറന്നു കാണിക്കാം..
കരുണ ചെയ്യനപെക്ഷിച്ചു കനിഞ്ഞില്ലെങ്കില്‍ 
കൂടെ പോരില്ലെന്നു വാശി പിടിക്കാം 

രണ്ടായാലും..... 

കറുത്ത കഷായക്കറ പിടിച്ച മരക്കട്ടിലും 
കുഴമ്പ് മണം നിറഞ്ഞ പഞ്ഞിക്കിടക്കയും 
കണ്ടാല്‍ മുഖം തിരിക്കും കുടുംബത്തെയും 
കണ്ടില്ലെന്നു നടിച്ചു ഒന്നുകൂടി മയങ്ങാം....

കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
കാലനവന്‍ എഴുന്നള്ളും വരെയും ...

Wednesday 1 May 2013

മേഘരാഗം


മാരിക്കാറു നിറഞ്ഞൊരു മാനം 
വാരിത്തൂകും നീര്‍മണികള്‍ 
മണ്ണിന്‍ മാറില്‍ വീണു പടര്‍ന്നു
ജീവന്‍ തൂകും നീര്‍മണികള്‍ ..

പൊന്‍വെയില്‍ നാളം ജാലം കാട്ടി 
മഴവില്‍ തീര്‍ക്കും ചന്തത്തില്‍ 
വേനല്‍ തീര്‍ക്കും പാപക്കറകള്‍ 
കഴുകിക്കളയും വര്‍ഷത്തില്‍  ..

അരുവിയായ് ഒഴുകും കടലായ് മാറും 
കനിവായ് നിറയും ഭൂമിയിതില്‍
പതിരാല്‍ നിറയും അഴലിന്‍ പാടം 
കതിരായ് മാറ്റും നീര്‍മണികള്‍ ..

ഉതിരും വെണ്മണി മുത്തുകള്‍ പോലെ 
ഉണ്മകളായീ മഹി മേലെ ..
വാരിക്കോരി ചൊരിഞ്ഞിടുമെന്നും 
തോരാതുള്ളോരു സംഗീതം ..

കാണാനില്ലിത് കനവില്‍ പോലും 
കരയും മണ്ണിനു കളിയായ്‌ പോലും 
വരിയും നിരയും തെറ്റിത്തിരിയും 
ഉലകില്‍  ചെറിയൊരു കുളിരായ് പോലും ...