Sunday 24 February 2013

കാലഭേദങ്ങള്‍



നിലവിളക്കും നാമജപവും 
തുളസിത്തറയും സിന്ധൂരക്കുറിയും 
നാട്ടുവഴികളില്‍ ഉപേക്ഷിച്ച്  
തിരിഞ്ഞു നോക്കാതെ നടന്നേക്കുക.

വെറ്റിലച്ചെല്ലവും കൊളാമ്പിയും  
മുത്തശ്ശിയുടെ നിറമില്ലാത്ത ചിത്രവും   
ഇനി പായലും പൂപ്പലുമില്ലാത്ത 
അകത്തളങ്ങളിലേക്കെറിഞ്ഞേക്കുക ...

മുറ്റത്തെ മുല്ലയും വൈക്കോല്‍ കൂനയും 
ചാണകമിഴുകി മിനുക്കിയ മുറ്റവും 
ഓര്‍മ്മകളുടെ പാതാളത്തിലേക്ക് 
ചവിട്ടിത്താഴ്ത്തിയേക്കുക .....

ഇനി കണ്ണുകളടക്കുക......
നിങ്ങളിപ്പോള്‍ വര്‍ത്തമാനകാലത്തിലാണ്  ,
കളഞ്ഞുപോയതിനെപ്പറ്റി ഓര്‍ത്ത്‌ 
കരളു പുകയുന്നുവെങ്കില്‍ മാത്രം 
നിങ്ങളിപ്പോഴും ഭൂതകാലത്തിലും .



Monday 18 February 2013

കളിപ്പാട്ടം നഷ്ട്ടപ്പെടുമ്പോള്‍



കാത്തിരിക്കുന്നില്ല ഞാന്‍ 
കടം കൊണ്ട മോഹങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും
കലങ്ങിമറിഞ്ഞ കണ്ണുകള്‍ക്ക്‌ കരയാനറിയാതായിട്ടും 
കാലമേറെ കഴിഞ്ഞിരിക്കുന്നു ..

കനല്‍ കൂനകള്‍ക്ക് മുകളില്‍ 
കളിവീട് പണിത് കാത്തിരുന്നത് 
കഥയറിയാതെ ആയിരുന്നെന്ന്
അറിയാനിത്തിരി വൈകിയെന്നോ?

ചിലര്‍ ചിലപ്പോള്‍ അങ്ങനെയാണ് 
ചെറു ചിരിയോടെ വെച്ച് നീട്ടുന്നതെന്തും പിന്നെ 
ചെപ്പടിവിദ്യയിലെ മാന്ത്രിക തൊപ്പിയില്‍ വെച്ച് 
അദൃശ്യമാക്കി മികവു കാണിക്കും ...

കളിപ്പാട്ടം നഷ്ട്ടപ്പെട്ട കുട്ടികള്‍ക്ക് പക്ഷെ ,
വൈകിയാണെങ്കിലും എല്ലാം മറക്കാനൊത്തേക്കും  
എന്നാല്‍ അല്ലാത്തവര്‍ , ഇഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍
ജീവിതാന്ത്യം വരെ ഓര്‍മ്മകളെ ഓമനിച്ചേക്കും..

തിരിച്ചു വരവുകള്‍ക്ക് ഇനി സമയമില്ല 
നഷ്ട്ടപ്പെട്ടതിനു മുകളിലൊരു താജ്മഹല്‍ പണിയാനും ..
ഒരാള്‍ക്ക്‌ മുകളിലോരാള്‍ കനിഞ്ഞേകുന്ന ഒന്നുണ്ട് 
അതിനപ്പുറം ആര്‍ക്കും ഒന്നുമില്ലതന്നെ ..! 
 

Wednesday 13 February 2013

ഇനി നിനക്ക് മരിക്കാം


നിനക്കിനി ഒരു വഴിയില്ല
നിലാവില്ല , മഞ്ഞും മഴക്കാറുമില്ല
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി മരിക്കാം ...

കണ്ണുകളില്‍ കടല്‍ നിറച്ച്
കാതുകള്‍ കൊട്ടിയടച്ച്
കാണാമെന്നോതി കൈപിടിച്ച്
കൈകൊട്ടി വിളിക്കുന്ന
കാണാമറയത്തെ യുദ്ധഭൂമിയിലേക്ക് ,
ഇനിയൊരു യാത്ര ...

നിറം മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം
നിഴല്‍ പോലെ ഇരുണ്ട രൂപങ്ങള്‍ ,
നിദ്രക്കു ഭംഗം വരുത്തി ചുടു
നിശ്വാസത്തിലൊതുങ്ങിയ രാവുകള്‍ ..

മുജ്ജന്മം പാപത്തില്‍ മുക്കിയവര്‍ക്ക്
മുങ്ങിത്താഴനായി മാത്രം
മെനഞ്ഞെടുത്തതായിരിക്കാം
മണല്‍ക്കാടെന്ന  രണ്ടാം നരകം .

പെട്ട് പോയവര്‍ക്ക് കല്ലറയൊരുക്കി
തിരിച്ചോടാന്‍ ഒരു തിരിച്ചറിവിനായി
ബാക്കിവെച്ച കാല്‍പ്പാടുകള്‍ മായ്ച്ചു കളഞ്ഞ്
മണല്‍ക്കാറ്റ് ചിരിക്കുന്നു , വന്യമായി ...

അതുകൊണ്ട് ..
നിനക്കിനി ഒരു വഴിയുമില്ല ..
പൂക്കാത്ത സ്വപ്നങ്ങളുടെ പൂമരത്തിന്
പുലരുവോളം വെള്ളം കോരി
ഇനി നിനക്ക് മരിക്കാം ..

Saturday 9 February 2013

തീയാട്ടം


തലച്ചോറില്‍ മുരളുന്ന കടന്നല്‍ കൂട്ടത്തിന്‍റെ
നിണമുറയുന്ന കൊലവിളിയില്‍ നടുങ്ങിത്തെറിച്ച്
വാക്കുകള്‍ക്കു വിലങ്ങിട്ട് വ്യഥകള്‍ക്ക് തഴുതിട്ട്
വൃഥാ ഒരു സമാധിയിലാണ് ഞാന്‍ ..

വിലാപയാത്രകളുടെ മുന്‍ നിരയില്‍
പ്രതിഷേധങ്ങളുടെ പണിപ്പുരയില്‍
അനുസ്മരണ ചടങ്ങുകളുടെ പകല്‍ വെട്ടത്തില്‍
മിന്നിത്തിളങ്ങുന്നവരെ എനിക്കറിയാം ..


വികാരമറിയാത്ത ബാലികമാരുടെ
അടിയുടുപ്പുകളില്‍ രക്തക്കറ പുരട്ടി 

കന്യകമാരുടെ കന്യാചര്‍മ്മങ്ങളില്‍
വിയര്‍പ്പിനുപ്പും പാപക്കറയുമുരുക്കിയൊഴിച്ച്
വിളയാടുന്നവരിവര്‍ .......

കാരിരുമ്പിനെ വെല്ലാന്‍ കരളുറപ്പ് നേടി
കദനങ്ങള്‍ക്ക് മീതെ കൊലയറ പണിത്
പ്രതികരിക്കുന്നവന്‍റെ നാവിന് വിലപറഞ്ഞ്
കളിയാട്ടം തുടരുന്നവരിവര്‍ ..

ശക്തരില്‍ ശക്തരുടെ തീയാട്ടങ്ങളില്‍
ചിറകു കരിഞ്ഞു വീണ്
എനിക്കിനി പറന്നുയരാന്‍ വയ്യ '
പ്രതികരിക്കാനും ...

മുഖമേറ്റ് വാങ്ങിയ ശക്തമായ തുടര്‍ പ്രഹരങ്ങളില്‍
അക്ഷരങ്ങളുണങ്ങി വാക്കുകള്‍ വറ്റി
മഷിതീര്‍ന്ന പേനയുമായി ബോധം മരവിച്ച്
അന്തിച്ചിരിപ്പാണ് ഞാന്‍ ...