Wednesday 27 June 2012

നീയറിഞ്ഞില്ലല്ലോ.!

ചന്ദന മേഘങ്ങള്‍ തൊടുകുറി ചാര്‍ത്തുന്ന ചക്രവാള സീമയില്‍ പൂജ്യം വെട്ടി കളിക്കുന്ന പ്രഭുകുമാരന്മാര്‍ കളി മതിയാക്കി പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങി .കരവാളില്‍ പറ്റിപ്പിടിച്ച മനുഷ്യരക്തം തുടച്ചു നീക്കി വാള്‍മുനകൊണ്ട് പാപികള്‍ സ്നേഹഗീതങ്ങള്‍ രചിച്ചു .രാത്രി മുഴുവന്‍ വീണ മീട്ടി തളര്‍ന്ന ഗന്ധര്‍വ കിന്നരനമാര്‍ പുലരിപ്രഭയില്‍ സോമപാനം ചെയ്ത് ക്ഷീണമകറ്റി . പത്തിരി ചുട്ട് അട്ടത്ത് വെച്ച പാത്തുമ്മ അത് കട്ട് തിന്ന കുറിഞ്ഞിപൂച്ചയെ തെറി വിളിച്ചു .എന്നിട്ടും അരിശമകലാഞ്ഞ് അതിനെ ചിരവയെടുത്ത് എറിഞ്ഞു....
നീ എവിടെയാണ് ..? കാടും മേടും പൂവാടികളും പൂഞ്ചോലകളും ഞാന്‍ നിന്നെ തിരഞ്ഞേ നടന്നു . രാവ് വെളുക്കുവോളം ജോലി ചെയ്ത് ക്ഷീണിച്ച് സ്വര്‍ണ്ണത്തകിടുപോലെ ചുട്ട് പഴുത്ത പൊറോട്ടകല്ലില്‍ പായ വിരിച്ചു മയങ്ങിയ നിന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഭൂമി തിരിച്ചു കറങ്ങിയത് പോലും നീയറിഞ്ഞില്ലല്ലോ......

Saturday 16 June 2012

വിപ്ലവം

ഞാന്‍ ലോക സമാധാനത്തെ കുറിച്ച്
രണ്ടു വരി കവിതയെഴുതാം
നീയാ സമയം കൊണ്ട് രണ്ടാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട്
നിലവിളിയുടെ സ്വരജതി കൊണ്ട്
നിറുത്താതെ  വിപ്ലവകവിതകളെഴുതുക..

തിളങ്ങുന്ന വാള്‍ മുനകൊണ്ട്

തിരണ്ടിവാല് കൊണ്ട് ..
തിളങ്ങുന്ന നക്ഷത്രങ്ങളെ
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത

വിയര്‍പ്പിന്‍റെ വിലയറിയാത്ത
വിപ്ലവകാരികളുടെ കൂട്ടത്തെ
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ

വിലാപത്തിന്‍റെ  ഈണത്തില്‍ 
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ...

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍

നിന്‍റെ പാത പിന്തുടരുവാന്‍
നിയോഗിക്കപ്പെട്ട ഞങ്ങളെ
കഴുതകളെന്നു വിളിച്ചേക്കുക.

Friday 1 June 2012

ആനന്ദദായകം.

ഏകാന്തമായ രാത്രികളില്‍ നിര്‍മ്മലമായ  ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍  നക്ഷത്രങ്ങളോട്  നിങ്ങള്‍  പറയുന്നത് എന്തായിരിക്കും ..? മനസ്സിന്‍റെ അകച്ചെപ്പില്‍ ആരും കാണാതെ അടുച്ചു വെച്ച  നിശബ്ദ ദുഖങ്ങളോ ...? മനം നിറഞ്ഞൊഴുകുന്ന മധുര സ്വപ്നങ്ങളോ ..? പ്രതീക്ഷാ നിര്‍ഭരമായ നാളെയെ കുറിച്ചുള്ള നിറം പിടിപ്പിച്ച ചിന്തകളോ ...? നല്ലത് മാത്രം വരുത്തണമേയെന്ന മനമുരുകും പ്രാര്‍ത്ഥനയോ ..?. അതെന്തായാലും   , ഏകാന്ത രാത്രികളില്‍ പൂ പോലെ സുന്ദരമായ ഇളം നിലാവില്‍, മെല്ലെ വീശുന്ന കുഞ്ഞു  തെന്നലില്‍  ,ലോകം മുഴുവന്‍ സുഷുപ്തിയില്‍ ആണ്ടു കിടക്കവേ , നിറഞ്ഞ നിശബ്ദതയില്‍ മൂകമായി നക്ഷത്രങ്ങളോട് സംവദിക്കുന്നതിനേക്കാള്‍ ആനന്ദദായകം മറ്റെന്തുണ്ട് ..?