.

Pages

Thursday, November 22, 2012

ദിശായന്ത്രം

സീമന്ത രേഖയിലെ സിന്ദൂരം മായ്ച്ച്
താലിയറുത്ത് വെള്ള ചുറ്റി
എന്നില്‍നിന്ന് നീ ദൂരേക്ക്‌ മറഞ്ഞെന്ന്
ഞാനുറപ്പിക്കുന്നു ...
ജീവിതത്തിലെ ദിശ കാണിക്കുന്ന യന്ത്രം
കളഞ്ഞുപോയോടുവില്‍
ദിക്കറിയാത്ത മരുഭൂമിയിലിപ്പോള്‍
ഞാനും ഒറ്റക്കാവുന്നു ..
നിനക്ക് മാത്രം പകര്‍ന്നേകാവുന്ന
വിചാരങ്ങളും വികാരങ്ങളും
ഇനി എന്നില്‍തന്നെ ഞാന്‍
കുഴിവെട്ടി മൂടാം ...
എനിക്ക് മാത്രം അവകാശപ്പെട്ട
നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ളതാണ്‌
ഇനിയെനിക്കെന്‍റെ നിറങ്ങളില്ലാത്ത
ശിഷ്ട ജീവിതം ...
മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്കാണ്
യഥാര്‍ത്ഥത്തില്‍ ജീവന്‍ നഷടമാകുന്നതെന്ന
നിന്‍റെ വാക്കുകള്‍
ഞാനുമിപ്പോള്‍ തിരിച്ചറിയുന്നു ...

Wednesday, November 21, 2012

പിശാചുക്കളുടെ ഭൂമി

ഹേ ജൂതാ ....
നീയൊരു വാടകക്കൊലയാളിയാണ്
ഗാസയുടെ തെരുവീഥികളില്‍
പിശാചുക്കളുടെ അച്ചാരം വാങ്ങി
നിരാശ്രയരുടെ അവസാന തുള്ളി രക്തവും
ഊറ്റിക്കുടിക്കുന്ന വെറി മൂത്തവന്‍ ..

അധിനിവേശത്തിന്‍റെ  കറുത്ത കരം കൊണ്ട്
അലിവു വിളയേണ്ട ഭൂമികയില്‍
അശാന്തി പാകി ആര്‍ത്തട്ടഹസിച്ച്
തേരോട്ടം നടത്തുന്ന കാപാലികന്‍ ..

കുടിയേറ്റക്കാരായി വന്ന് 
കുടികിടപ്പുകാരായി മാറിയ കിരാതാ...
അഭയം തന്നവര്‍ക്കുനേരെ അമ്പെയ്യുന്നത്

നീയേതു തത്വശാസ്ത്രം കൊണ്ട്
എങ്ങിനെ ന്യായീകരിക്കും ?

പൂക്കളെപ്പോലെ പരിശുദ്ധരാകും
പിഞ്ചോമനകള്‍ക്ക് നേരെ
വെടിയുതിര്‍ക്കാന്‍ മാത്രം
കരളുറപ്പുള്ള ക്രൂരരാം നിങ്ങളെ
പേര് ചൊല്ലി വിളിക്കാനൊരു
പുതുവാക്ക് തേടുകയാണിപ്പോള്‍
നിഘണ്ടുവില്‍ ഞാന്‍..

ഒന്നോര്‍ക്കുക ...
വിണ്ണില്‍നിന്നുതിരുന്ന തീമഴയില്‍
വെന്തുരുകുന്ന ഭാഗ്യം കെട്ട ബാല്യങ്ങള്‍ക്ക്
ശപിക്കാനറിയുമായിരുന്നെങ്കില്‍
മുച്ചൂടും മുടിയുമായിരുന്ന
അഹന്തയ്ക്ക് മുകളിലാണ് നിന്‍റെ വാസം...!

Saturday, November 17, 2012

മണല്‍ത്തരിയോട്

നിലാവിനെയും നക്ഷത്രത്തെയും നോക്കി
നീ മോഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം
ആര്‍ത്തി പൂണ്ട തിരകള്‍ക്കൊപ്പം
കടലിലെക്കൊളിച്ചോടിയും
മറ്റൊരു തിരക്കൊപ്പം കരയിലേക്ക്
മദോന്മാത്തയായി തിരിച്ചോടിയും
വീണ്ടുമൊരു പാലായനം
സ്വപ്നം കണ്ടു  കിടപ്പാണ് നീ..

നീയൊന്നു മറിയുന്നില്ല ...
നിനക്ക് സ്നേഹമാണ് സര്‍വ്വരോടും,
ദൂരെ വിണ്ണില്‍ നിന്ന് പുഞ്ചിരി ചൂണ്ടയെറിയുന്ന
നിലാവിനോടും നക്ഷത്രത്തോടും,
ബാഷ്പകണികയുമായി തീരം ചുറ്റും കാറ്റിനോടും
പിന്നെ  എന്നും നിന്നെ തഴുകിത്തലോടും
നീലക്കടലിലെ തിരമാലയോടും....

നിനക്കറിയില്ല ഈ തിരകളെ...
നിനക്കൊപ്പം ആഴിയുടെ ആഴങ്ങളിലേക്ക്
നുരയും പതയും നല്‍കി ആനയിക്കുന്നത്
നിന്നെപ്പോലെ ആയിരങ്ങളേയാണ് ..

ആഴങ്ങളിലെക്കെത്തും മുന്‍പേ നിന്നില്‍
ആഴ്ന്നിറങ്ങി മതിയായി ഇടയിലുപേക്ഷിച്ച്
ഒരു ചെറു പുഞ്ചിരിയോടെ
മരതക നീലിമയിലേക്ക്‌ മറയുമവന്‍... .

പിന്നെ തീരമണയാന്‍ വെമ്പുന്ന
മറ്റൊരു തിരയുടെ കയ്യിലെ പാവയായ്‌
ഒരു കൊടും വഞ്ചനയുടെ കഥയറിയാതെ
നീ വീണ്ടും തീരമണയുന്നു..

നിനക്കൊന്നു മറിയില്ലെന്ന് എനിക്കറിയാം ...
എനിക്ക് പക്ഷേ സങ്കടമാണ്..
പൂന്തിരകള്‍ക്കൊപ്പമുള്ള ഓരോ പ്രയാണത്തിലും
നീ ഉരുകിയുരുകി ഇല്ലാതാവുന്നത്
ഞാനെങ്ങനെ സഹിക്കും ..?

Thursday, November 15, 2012

കാലദോഷം

കാടും മേടുമില്ലാത്ത ഭൂമിയില്‍
പെയ്യാന്‍ മടിച്ചു കര്‍ക്കിടക മേഘങ്ങള്‍...

നേരും നെറിയും കേട്ട മനുഷ്യ കുലത്തോട്‌
നീറിപ്പുകയും പ്രതികാരം തീര്‍ക്കാന്‍
അഗ്നിയെ പ്രണയിച്ച്  കുംഭ മീന മാസങ്ങള്‍ ..

മൂര്‍ച്ചയുള്ള വാളാല്‍ വെട്ടേറ്റ്
ഉദ്ധാരണം നഷ്ട്ടപ്പെട്ട് വേപഥുവോടെ
കന്നിമാസത്തിലെ ശ്വാനന്മാര്‍ ..

കോണ്‍ക്രീറ്റ് കാടുകള്‍ മണ്ണ് നിറയുമ്പോള്‍
മാളവും , ജീവിത താളവും നഷ്ട്ടപെട്ട്‌
ഒന്നിഴയാന്‍ പോലുമാവാതെ
വൃശ്ചികത്തിലെ നാഗങ്ങള്‍...

പൂവും പുല്‍മേടുകളും വിട ചൊല്ലിയ ഭൂമിയെ
പുല്‍കിപ്പുണരാന്‍  മറന്ന്
മകരമാസത്തിലെ മരം കോച്ചുന്ന മഞ്ഞ്  ..

ഋതുക്കള്‍ മനം നൊന്തു ശപിക്കുമ്പോഴും
പ്രകൃതിയുടെ പൂമരം വെട്ടി മുറിച്ച്
ബോണസായി വൃക്ഷത്തില്‍ ഊഞ്ഞാലിടാന്‍
പരിശീലിക്കുകയാണ് നമ്മള്‍........!

Monday, November 12, 2012

ആറടി മണ്ണ്

രാ നര ബാധിച്ചവര്‍ക്കിനി
ആഗ്രഹിക്കാനൊന്നുമില്ല...
ജീവിതാന്ത്യം വരെ
വിയര്‍പ്പു ചിന്തി സമ്പാദിച്ചു കൂട്ടിയത്
സ്വപ്നം കണ്ടിരിപ്പുണ്ട്
അവകാശികള്‍....
വൃദ്ധസദനത്തിലേക്ക് വഴിയൊരുക്കി
സ്വന്തം രക്തത്തില്‍ പിറന്ന
അവകാശികള്‍ ..

ണക്കു കൂട്ടി ജീവിതത്തെ നേരിട്ട്
വിജയം വരിച്ചവര്‍ക്ക്
കൂട്ടാനും കിഴിക്കാനുമാവാത്ത കണക്കേകി
ജീവിതാവസാനം കൈകഴുകുന്നു ദൈവവും ..

ആരും ദയവു കാട്ടാത്ത വാര്‍ദ്ധക്യം
എനിക്കുണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍
അവകാശത്തര്‍ക്കങ്ങളില്ലാതെ എനിക്കും
പിറക്കും മുന്‍പേ മരിക്കാമായിരുന്നു

എങ്കിലും,എനിക്കുമുണ്ടൊരു രജത രേഖ....
ഉച്ചനീചത്വങ്ങള്‍ തെല്ലുമേശാതെ 
വാരിപ്പുണരാന്‍ കാത്തിരിക്കുന്നുണ്ടെന്നെ
അവകാശികള്‍ക്കാര്‍ക്കും വേണ്ടാത്ത
ആറടി മണ്ണ് ...

Wednesday, November 7, 2012

സ്വപ്നങ്ങളുടെ പട്ടട

ചുടു കാറ്റ് വീശുന്ന മരുഭൂമിക്ക്
ചിന്തകളുറങ്ങുന്ന ശ്മാശാനങ്ങളാണ് കൂട്ട്
ചിതകൂട്ടി കത്തിച്ച സ്വപ്നങ്ങളുടെ
ചാരം നിറഞ്ഞ ശ്മശാനങ്ങള്‍ ..

ചിതലരിക്കുന്ന ജീവിതത്തില്‍
ചോര്‍ന്നു പോകാത്ത മനക്കരുത്തും
ചിലനേരങ്ങളില്‍ മരുക്കാറ്റ് വീശി
ചിതറിത്തെറിക്കുന്നു ..

ചോദ്യങ്ങള്‍ പ്രിയതമയുടേതാകുമ്പോള്‍
ചേതനയറ്റ മനസ്സ് ഉത്തരങ്ങള്‍ക്കായി
ചെപ്പടി വിദ്യകളില്‍ അഭയം തേടുന്നു.
ചില്ലുകൊട്ടാരം പോലെ നാളെ തകര്‍ന്നടിയുന്ന
ചെപ്പടിവിദ്യകള്‍ ...

സത്യങ്ങളെന്നു നാം നിനക്കുന്ന ചിലത്
ചെറു സ്വപ്നദൈര്‍ഘ്യം പോലുമില്ലാതെ
കണ്ണടച്ച് തുറക്കും മുന്‍പേ
കരിഞ്ഞുണങ്ങി കളവായി മാറും

ജീവിതത്തിലെ നിറമാര്‍ന്ന കനവുകള്‍
പട്ടടയില്‍ ദഹിപ്പിച്ചാലും 
മരിച്ചു മണ്ണടിയും വരെയും
ഉയിര്‍ത്തെഴുന്നെല്‍ക്കുമെങ്കിലും
മണ്ണിട്ട്‌ മൂടാന്‍ പഠിക്കയാണ് ഞാന്‍....