Thursday 18 October 2012

ഒരു പഞ്ചതന്ത്രം കഥ


വായന മരിച്ചു മരവിച്ച ഗ്രന്ഥശാലയുടെ 
ചിതലരിച്ചു പൊളിഞ്ഞ അലമാരയിലെ 
പഞ്ചതന്ത്രം കഥയുടെ പഴകിദ്രവിച്ച 
പുസ്തകത്താളില്‍ നിന്നും 
കാലങ്ങളായി മുന്തിരി പുളിക്കുമെന്ന് 
ഇല്ലാക്കഥ മെനഞ്ഞവരെ മനസ്സാ ശപിച്ച്
അവനന്ന് രാത്രി  ഒളിച്ചോടി ..

നിശ്ശബ്ദ യാമങ്ങളിലെ കുലുഷിതചിന്തകള്‍ 
വര്‍ഷങ്ങളായി ഉറക്കം കെടുത്തിയ 
മുന്തിരിത്തോട്ടം ലക്ഷ്യമാക്കി ഒരു പാലായനം ..

എന്നാല്‍ യാത്രയിലെ മനമുരുക്കുന്ന കാഴ്ചകള്‍ 
അവന്‍റെ സ്വപ്നങ്ങളുടെ ശബളിമക്ക് കത്തിവെച്ചു 
വടിവാളുകള്‍ മേയുന്ന തെരുവോരങ്ങള്‍............
അഭിസാരികകള്‍ ഇരതിരയുന്ന നാല്‍ക്കവലകള്‍........

മദ്യത്തില്‍  നനഞ്ഞു കുതിര്‍ന്ന് 
കാലുറക്കാതെ സ്വര്‍ഗ്ഗസവാരി നടത്തുന്നവര്‍ ..
ലഹരിപ്പുകയില്‍ വിലയം പ്രാപിച്ച്
ശാന്തിതീരമണഞ്ഞു സുകൃതം നേടിയവര്‍ ..
പീടികവരാന്തകളില്‍  വിശപ്പ്‌ സഹിക്കാതെ 
കരഞ്ഞു തളര്‍ന്നുറങ്ങും എല്ലിന്‍കൂടുകള്‍ ...

കാഴ്ചകള്‍ കാലില്‍ തീര്‍ത്ത വിലങ്ങുകള്‍ 
വര്‍ദ്ധിച്ച ഭീതിയോടെ കുടഞ്ഞെറിഞ്ഞ്‌ 
സ്വപ്നങ്ങളിലെ മുന്തിരിത്തോട്ടത്തിന് 
പുഴുക്കുത്തേറ്റ യാഥാര്‍ത്ഥ്യം മറക്കാന്‍ ശ്രമിച്ച് 
ചിതലരിച്ച ഗ്രന്ഥശാലയിലെ പുസ്തകത്താളില്‍ 
ഒഴിഞ്ഞു പോയ നിദ്രയെ കാത്ത്, 
ഇനിയൊരു മുന്തിരിത്തോട്ടം സ്വപ്നം കാണാനാവാതെ 
അവന്‍ വീണ്ടും ....  

2 comments:

  1. വളരെ നന്നായി എഴുതി
    നല്ല ബിംബകല്പ്പന

    ആശംസകള്‍

    ReplyDelete