Friday 21 September 2012

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി ...?



വൃദ്ധ സദനത്തിലേക്കുള്ള കറുത്ത പാത
അയാളുടെ മനസ്സോളം ഇടുങ്ങിയതായിരുന്നില്ല 

ജീവനുള്ള രണ്ടു ശവങ്ങളെ പിന്‍ സീറ്റില്‍ വലിച്ചിട്ട്
ശകടത്തെ മുന്നോട്ടു തെളിക്കവേ തലച്ചോറില്‍ 
പ്രിയതമയുടെ വാക്കുകള്‍ പ്രകോപിതരായ 
കാട്ടുകടന്നല്‍ കൂട്ടം പോലെ മൂളിയാര്‍ത്തു .

ഏട്ടാ..ജീവിച്ചു തീര്‍ക്കാന്‍ ജീവിതം ഒന്നേയുള്ളൂ 
അതൊരു പ്രൈവസി ഇല്ലാതെ .. ഇങ്ങനെ ....
പരിഭവിച്ചും വാശി പിടിച്ചും പിണങ്ങിയും .. 
നൂറു കൂട്ടം ഉദാഹരണങ്ങളില്‍ അവള്‍ മുങ്ങിത്തപ്പി.... .

ഒടുവില്‍ വൃദ്ധസദനത്തിന്‍റെ  പടിവാതിലില്‍ 
ചര്‍ച്ചകള്‍ക്ക് വിരാമമായി .
ഇന്ന്, വൃദ്ധരായ ഇരു ജന്മങ്ങള്‍ക്ക്  
ജീവിതത്തിന്‍റെ അവസാന ദിവസമാണ് .
മറ്റൊരു കൂട്ടര്‍ക്ക് പുതു ജീവിതത്തിന്‍റെ ആരംഭവും.

അഭയം നല്‍കേണ്ട കൈകള്‍ നിര്‍ദ്ദയം 
ജീവിത സന്ധ്യയില്‍ കനല്‍ കോരിയിട്ടപ്പോള്‍
വിമ്മിക്കരയുവാന്‍ പോലും കഴിയുവാനാവാതെ 
കണ്ണീരു തീര്‍ന്നവര്‍  മകനെ ആളാക്കിയതോ
ജീവിതത്തില്‍ ചെയ്ത മഹാപാപം ...!

പിന്‍സീറ്റില്‍ അപ്പോഴും ആസന്നമായ ഭാവിയോര്‍ത്ത് 
ഒന്ന് വിയര്‍ക്കാന്‍ പോലുമാകാതെ  
മരണമാണെങ്കിലും അതൊരുമിച്ചെന്നുറച്ച്
വൃദ്ധന്‍ ശുഷ്ക്കിച്ച കൈത്തലം കൊണ്ട് 
പ്രേയസിയുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു .. 

ഒന്നോര്‍ത്താല്‍ അവളുടെ വാദവും ശരിയാണ് 
വൃദ്ധര്‍ക്കല്ലാതെ വൃദ്ധസദനങ്ങള്‍ 
പിന്നെയാര്‍ക്ക് വേണ്ടി..? 

No comments:

Post a Comment