.

Pages

Sunday, July 29, 2012

ഭൂമിഗീതം

തിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ..!

പൂവും മലകളും പുഴകളും ഭൂമിക്ക്
കനിവോടെ നല്‍കി കനിഞ്ഞതീശന്‍,അത്
 കണ്ടില്ലയെന്ന് നടിച്ചു മുടിക്കും
കാല്‍ചക്ര  ലാഭത്തിനായി മര്‍ത്യര്‍...!

എന്തിനീ ഭൂമിതന്‍ തായ് വേരറുക്കുന്നു 
എന്തിനീ ചൈതന്യ കാന്തി കെടുത്തുന്നു
യന്ത്രങ്ങളായ യന്ത്രങ്ങളൊക്കെയും  
എന്തിനീ മണ്ണിന്‍റെ ചങ്ക് തുരക്കുന്നു ?.

നന്നേ ചെറുപ്പത്തില്‍ നാം കണ്ട കാഴ്ചകള്‍
പൂക്കളും ശലഭങ്ങള്‍ പൂത്തുമ്പികള്‍
ഇന്നീ വെളിച്ചത്തില്‍ ഇത്തിരി കാണാന്‍
കിട്ടാകനികള്‍  പഴങ്കാഴ്ചകള്‍...!

കുളിര്‍ നീര് നല്‍കുന്ന അരുവികളൊക്കെയും
ഒരു തുള്ളി ചുരത്താതെ വരണ്ടു പോകും
താനേ നിലച്ചിടും തെന്നലും കുളിരും
തൂമഞ്ഞു തൂകുമീ മകരവും വര്‍ഷവും ..!

വര്‍ണ്ണങ്ങള്‍ മാത്രം പൂത്തു നിന്നീടുന്ന
പൂവാടി വാടി കരിഞ്ഞു പോകും
സ്വര്‍ഗ്ഗീയ സൌന്ദര്യം അലയടിച്ചീടും
സൌന്ദര്യമൊക്കെയും നിലച്ചുപോകും .

തെളിനീരു വറ്റി വരണ്ട നെല്‍പ്പാടങ്ങള്‍
കണ്ണീരു നല്‍കും കര്‍ഷകര്‍ക്കായ്
മിഴിനീരുണങ്ങിയിട്ടൊട്ടുമുണ്ടാകില്ല 
നേരം, സ്വസ്ഥം മയങ്ങീടുവാന്‍..!

നിശയിത് നീളം കുറഞ്ഞിരിക്കും
നിലാവിന്‍റെ ശോഭക്കും മങ്ങലേറ്റീടും
പുറം തൊലി കരിച്ചിടാന്‍ ഉതിര്‍ന്നു വീഴും  
വാനില്‍ നിന്നോരായിരം പുതുരശ്മികള്‍..!

ഇന്ന് നീ ചെയ്യും പാതകമൊക്കെയും
നാളെ നിന്‍ ജീവനെ കഴുവേറ്റിടും
അന്നു കരഞ്ഞു വിളിച്ചാലതു  കേള്‍ക്കാന്‍
ഭൂവിതിലാരും ശേഷിക്കയില്ല ..!   

മതിയിനി നിറുത്തുക മതിയാക്കുക
മണ്ണിതു മാന്തി തുരക്കാതിരിക്കുക
മരമിതു വെട്ടി നിരത്താതിരിക്കുക
മണലൂറ്റി  പുഴയെ കൊല്ലാതിരിക്കുക ....!

Friday, July 27, 2012

രക്ത സാക്ഷികള്‍.

രക്തസാക്ഷിക്ക് മരണമേയില്ല
നോവുമാ ഓര്‍മ്മയ്ക്കും മരണമില്ല .

ജന്മദിനത്തെക്കാള്‍ ചരമദിനങ്ങള്‍

ആഘോഷമാക്കിയ വീരപുത്രര്‍ പിന്നെ,
നിലപാടുകള്‍ തന്‍ നേടും തൂണായ് നിന്ന്
നിണമൂറ്റി  മണ്ണ് നനച്ചോരിവര്‍.

ജീവിതമൂറ്റിയെടുത്ത പ്രസ്ഥാനങ്ങള്‍

വാരി നിറച്ച കടും നിറത്തില്‍
തീപ്പൊരി ചിന്തും വാക്കിനു താഴെ
ഓര്‍മ്മപ്പെടുത്തലായ് മാറിയവര്‍ .

പ്രത്യയശാസ്ത്ര കറയുള്ള താളില്‍

ഒരിക്കലും തെളിയാത്ത അക്ഷരങ്ങള്‍ ഇവര്‍ ,
മനം നിറഞ്ഞെന്നും സ്നേഹിച്ചവര്‍ക്കായി
തന്‍ തനു പൊലിച്ചെന്നും  വെളിച്ചമായോര്‍.

രാഷ്ട്രീയ കോലങ്ങള്‍ പക കെട്ടിയാടി

പങ്കിട്ടെടുത്ത ജീവിതങ്ങള്‍ , ഇവര്‍
സമര മുഖങ്ങളില്‍ കനലായ് ജ്വലിച്ചു
അമരത്തം നേടിയ പടയാളികള്‍ .

നേരിന്‍റെ ,നെറിയുടെ ഗോപുരം തീര്‍ത്തവര്‍

പോരിന്‍റെ തളരാത്ത വീര്യം സൂക്ഷിച്ചവര്‍,
പാരിന്നു മോചന മാര്‍ഗ്ഗം തിരഞ്ഞു
ചാരമായ് തീര്‍ന്നവര്‍ ചാവേറുകള്‍ .

കാട്ടാള നീതിക്ക് കഴുത്തു നീട്ടീടാതെ

പട്ടാള നിയമത്തിന്നടിമപ്പെടാതെ
മുഠാളന്‍മാര്‍ക്കെതിരായി എന്നും
ചാട്ടവാര്‍ വീശി ചരിത്രം രചിച്ചവര്‍.

ചിതലരിച്ചിന്നും ചില്ലിന്‍റെ കൂട്ടില്‍

വരകളായ് മാറിയ നിറദീപങ്ങള്‍ ,ഇവര്‍
വീരരാം  രക്ത സാക്ഷികള്‍, ധീരരാം  ഷഹീദുകള്‍,
മരണത്തിനതീതരാം ശൂര ബാലിദാനികള്‍ ..!

Monday, July 23, 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?


Wednesday, July 11, 2012

വിട പറയുന്ന വസന്തങ്ങള്‍.

വിട പറയുമോരോ വസന്തങ്ങള്‍ ഗ്രീഷ്മങ്ങള്‍
വില മതിച്ചീടാനാവാത്ത സൗഹൃതങ്ങള്‍..
വിധിയഴിഞ്ഞാടിടും വില പേശിടും
വിടര്‍ന്നിടും കൊഴിഞ്ഞിടും പൂ മൊട്ടുകള്‍... .!

ആഗ്രഹിക്കുന്നോരോ സൌഭാഗ്യങ്ങള്‍ , നമ്മള്‍ ,

ആരറിഞ്ഞീടുമതിന്‍ ശേഷിപ്പുകള്‍ .!   
അര്‍ഹിക്കാത്തതെന്നറിഞ്ഞീടുകില്‍ പോലും
ആശിക്കുന്നതിന്‍മേലെ  മൂഡര്‍ മര്‍ത്യര്‍.

അലയോടുങ്ങാത്തതീ ജീവിതമെങ്കിലും

ആരും മോഹിക്കുകില്ലതൊട്ടും,
അണയുവാന്‍ നേരമണെഞ്ഞെന്നാകിലും  
അതറിയാതെ ചിരിക്കുന്നു നമ്മള്‍ മര്‍ത്യര്‍ ...!

തെറ്റുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കില്ലയൊട്ടും

തേങ്ങുമൊരു നാളില്‍  അതോര്‍ത്തെന്ന സത്യം ..!
താനെയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കണം
തെളിയുന്ന മരണത്തിന്‍ കൈരേഖകള്‍..!

അധമ മോഹങ്ങള്‍ക്കു കടിഞ്ഞാനിടാനൊട്ടും

അഭ്യാസിയല്ല നമ്മളാരും പക്ഷെ ,
അറിയാതെ ചെയ്യുമീ തെറ്റുകള്‍ക്കല്‍പ്പം
അലിവോടെ മാപ്പോന്നപേക്ഷിച്ചിടാം .


Thursday, July 5, 2012

നീതി

ആഡംഭരങ്ങളില്‍ ലയിച്ച്
അല്‍പ്പത്തം കാണിച്ച്
അഹങ്കരിച്ചവര്‍ക്ക്
അര്‍ഹിക്കാത്തത് നല്‍കി
അലിവുകാട്ടി ആരോ ..

വിധിയോടു മല്ലിട്ട്
വിയര്‍പ്പ് ഭക്ഷണമാക്കി
വിവശരായി തളര്‍ന്നവര്‍ക്ക്
അര്‍ഹിക്കുന്നത് നല്‍കാതെ
അപമാനിച്ചു ആരോ ....

നീതിയുടെ തുലാസ്
തുരുമ്പിച്ചതെങ്കിലും
ആശരണര്‍ക്ക് നേരെ
അഗതികള്‍ക്ക് നേരെ
അണഞ്ഞതേയില്ല ...

കണ്ണ് മൂടിക്കെട്ടിയ
കറുത്ത തുണിയഴിച്ച്
കറ തീര്‍ന്ന കാഴ്ചയോടെ
അങ്ങ്....
നീതി നടപ്പാക്കുന്നത്
ഇനി എന്നാണാവോ?

Sunday, July 1, 2012

നീയുറങ്ങുക...

മഴയത്ത് കുളിച്ച്
വെയിലത്ത് തോര്‍ത്തി
കാറ്റത്തു വിശ്രമിച്ച്‌
പൂമ്പൊടി ഭുജിച്ച്
പൂന്തേന്‍ കുടിച്ച്
നീയുറങ്ങുക...
നാളത്തെ പുലരിയില്‍
ഉണര്‍ന്നാലും ഇല്ലെങ്കിലും ....  

എന്‍റെ യാത്ര ....!

മോഹങ്ങളുടെ ശവക്കുഴികള്‍ക്ക്മേലെയാണ്
ഭൂമിയിലെ  ഈ മുടന്തന്‍ യാത്രകള്‍...
യാത്ര തീരുന്നിടത്ത്‌ പാത രണ്ടായി പിരിയുന്നു ..
ഒന്ന് വലത്തോട്ട് മറ്റൊന്ന് ഇടത്തോട്ട്...
ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും മറ്റൊന്ന് ....
ഓട്ട വീണ പാദരക്ഷകള്‍ മാത്രം
സമ്പാദ്യമായുള്ള എന്‍റെ വഴി
വലത്തോട്ടോ അതോ ഇടത്തോട്ടോ..?