Wednesday 28 December 2011

ക്ഷമാപണം

അന്യനാട്ടില്‍ നിന്നെത്തിയ പെണ്ണിനിന്നു
അന്യമായ് ജീവിതം ദൈവനാട്ടില്‍
പ്രേമിച്ച പയ്യനെ തേടിയിറങ്ങിയ
പ്രേയസിയങ്ങനെ പാഴിലായി

പരിശുദ്ധ പ്രേമത്തിനെല്ലാം ത്യജിച്ചു നീ

പ്രതിശ്രുത വരനെ തേടിയിറങ്ങിയോ
പതിത മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുവാന്‍
എല്ലാമുപേക്ഷിച്ചു പോന്നുവോ നീ   

ദൈവത്തിന്‍ നാടിതു ,കൊള്ളാം മനോഹരം

ദയയില്ലാ ജന്തുക്കള്‍ ഇവിടെയെല്ലാം
പെണ്ണിന്‍റെ മാനവും പൊന്നുപോലെ
കവരാനുളുപ്പില്ലാ മനുഷ്യജന്മം.

സ്നേഹമാണഖില സാരമെന്നോതിയ

കവികള്‍ ജനിച്ചുള്ള ഭൂമിയിത്
കാമം കരിമ്പടം വാരിപ്പുതച്ചു 
മയങ്ങുവതെങ്ങനെ ആര്‍ക്കറിയാം ..

അമ്മയാണെങ്കിലും അന്തിക്ക് കാണുകില്‍

ആര്‍ത്തി തീര്‍ക്കുന്നൊരു  കാലമല്ലോ
കാമം ചുരമാന്തി വെറി പൂണ്ടു നില്‍ക്കും
കാലം ഇതെന്ന് നീ ഓര്‍ത്തില്ലയോ ,

കലികാലമെന്നു ചൊല്ലി മറന്നിടാം

കരയുന്ന കരളിനെ പാടെ മറന്നിടാം
കാമുക സവിധത്തിലണയാന്‍ കൊതിച്ചൊരു
പൂവിന്‍റെ തേങ്ങലും ഓര്‍ക്കാതിരിക്കാം .

പെങ്ങളേ ക്ഷമിക്കുക മറന്നീടുക

പാപികള്‍ ഞങ്ങടെ പേക്കൂത്തുകള്‍
നമിക്കുന്നു സ്നേഹത്തിനായിയെല്ലാം
സമര്‍പ്പിച്ച മനസ്സിനെയെന്നുമെന്നും .

No comments:

Post a Comment