Friday 30 December 2011

ആത്മാവിന്‍ സൌഭാഗ്യ മന്ത്രം


അമ്പിളിമാമന്‍റെ വീട്ടില്‍
ആരോരുമറിയാത്ത നാട്ടില്‍
അഴകോലും താമര മൊട്ടുപോലെ
ആരോമല്‍ കാത്തിരിപ്പുണ്ടെന്നെ

അകിലിന്‍റെ മണമുള്ള പെണ്ണ്

അരുമയാം തക്കാളികവിള്
അലകളിളകുന്ന കണ്ണ്
അവളാണെന്‍ പൈങ്കിളി പെണ്ണ്

അവളോട്‌ കളിയൊന്നു ചൊന്നാല്‍

അറിയാതെ തുടുക്കുന്ന കവിളില്‍
അലിവോടെ ചുംബനമേകാന്‍
അധരങ്ങള്‍ തുടിച്ചിടും ചെമ്മേ

അറിയില്ലയെങ്ങനെ എന്‍റെ

അകതാരില്‍ പൂവിട്ടീ ചന്തം  ,
അല്ലിമലരൊത്ത സ്വപ്നം
ആത്മാവിന്‍ സൌഭാഗ്യ മന്ത്രം .

അളക്കുവാനാവില്ല  പ്രേമം,തെല്ലും

അണയ്ക്കുവാനാവില്ലീ  സ്നേഹം.
അവിരാമം തുടരുവാനെന്നും
ആഗ്രഹിക്കുന്നോരീ സത്യം

Wednesday 28 December 2011

ക്ഷമാപണം

അന്യനാട്ടില്‍ നിന്നെത്തിയ പെണ്ണിനിന്നു
അന്യമായ് ജീവിതം ദൈവനാട്ടില്‍
പ്രേമിച്ച പയ്യനെ തേടിയിറങ്ങിയ
പ്രേയസിയങ്ങനെ പാഴിലായി

പരിശുദ്ധ പ്രേമത്തിനെല്ലാം ത്യജിച്ചു നീ

പ്രതിശ്രുത വരനെ തേടിയിറങ്ങിയോ
പതിത മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുവാന്‍
എല്ലാമുപേക്ഷിച്ചു പോന്നുവോ നീ   

ദൈവത്തിന്‍ നാടിതു ,കൊള്ളാം മനോഹരം

ദയയില്ലാ ജന്തുക്കള്‍ ഇവിടെയെല്ലാം
പെണ്ണിന്‍റെ മാനവും പൊന്നുപോലെ
കവരാനുളുപ്പില്ലാ മനുഷ്യജന്മം.

സ്നേഹമാണഖില സാരമെന്നോതിയ

കവികള്‍ ജനിച്ചുള്ള ഭൂമിയിത്
കാമം കരിമ്പടം വാരിപ്പുതച്ചു 
മയങ്ങുവതെങ്ങനെ ആര്‍ക്കറിയാം ..

അമ്മയാണെങ്കിലും അന്തിക്ക് കാണുകില്‍

ആര്‍ത്തി തീര്‍ക്കുന്നൊരു  കാലമല്ലോ
കാമം ചുരമാന്തി വെറി പൂണ്ടു നില്‍ക്കും
കാലം ഇതെന്ന് നീ ഓര്‍ത്തില്ലയോ ,

കലികാലമെന്നു ചൊല്ലി മറന്നിടാം

കരയുന്ന കരളിനെ പാടെ മറന്നിടാം
കാമുക സവിധത്തിലണയാന്‍ കൊതിച്ചൊരു
പൂവിന്‍റെ തേങ്ങലും ഓര്‍ക്കാതിരിക്കാം .

പെങ്ങളേ ക്ഷമിക്കുക മറന്നീടുക

പാപികള്‍ ഞങ്ങടെ പേക്കൂത്തുകള്‍
നമിക്കുന്നു സ്നേഹത്തിനായിയെല്ലാം
സമര്‍പ്പിച്ച മനസ്സിനെയെന്നുമെന്നും .

Sunday 18 December 2011

അവസാന രാത്രി

എനിക്കീ രാത്രി.....
നിറം മങ്ങിയ കിനാവുകള്‍ക്ക് ...
നിറച്ചാര്‍ത്ത് നല്‍കാന്‍ ശ്രമിച്ച്..
പരാചയപ്പെട്ടത്‌....

എനിക്കീ രാത്രി..
നിറ രാവുകളില്‍ കനലാടിയ 
ചുടു ചിന്തയുടെത് .

എനിക്കീ രാത്രി ...
ചിതലരിച്ച സ്വപ്നങ്ങളുടെത് ..

എനിക്കിത് ..
നഷ്ടസ്വപ്നങ്ങളുടെ ...
അവസാന രാത്രി.

നാളെ ...
പോത്തിന്‍ പുറത്തെഴുന്നള്ളുന്ന..
മരണ ദേവന്‍റെ കയ്യിലെ കുരുക്കില്‍ ..
പിടഞ്ഞു തീരുന്ന ...
അവസാന രാത്രി .