Sunday 20 November 2011

കാണാതെ പോകുന്ന കാര്യങ്ങള്‍

മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയും പിന്നെ മാലോകര്‍ ആക്രോശിക്കുകയും ചെയ്ത കൊടിയത്തൂര്‍ നിവാസികളുടെ സദാചാര ബോധത്തിന് മുകളില്‍ പിച്ചും പേയും പറഞ്ഞ് അട്ടഹസിച്ചവര്‍ കാണാതെ പോയ സത്യങ്ങള്‍ക്ക് ,സ്വന്തം നാടും വീടും വിട്ട് മണലാരണ്ണ്യത്തിലെ  ഊഷരഭൂമിയില്‍ ചീറിയടിക്കുന്ന മണല്‍ക്കാറ്റിനോട് മല്ലടിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ജീവിതം ഹോമിച്ച ലക്ഷക്കണക്കിന്‌ വരുന്ന ഗള്‍ഫു മലയാളികളുടെ മനസ്സ് കാണാനായില്ല .പത്തു പുത്തന്‍ ഉണ്ടെങ്കില്‍ ഏതു പെണ്ണിനേയും വരുതിയിലാക്കാമെന്ന പുരുഷ മോഹത്തിന്‍റെ  മനക്കൊട്ടകള്‍ക്കും   , താലികെട്ടിയവന്‍റെ ചൂടും ചൂരും പങ്കിട്ട് പിന്നെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിച്ച്  മണിമാരന്‍റെ മാത്രമെന്നും പിന്നെ, ഇനി അങ്ങ് വരും വരെ കാത്തിരിക്കാമെന്നും ചൊല്ലി സ്നേഹപൂര്‍വ്വം കണ്ണീര്‍ പ്രവാഹത്തിന്‍റെ അകമ്പടിയോടെ യാത്രയയക്കുകയും ചെയ്ത്, ഇന്നലെ കണ്ട കാമുകന് പുഷ്പ്പതല്‍പ്പമൊരുക്കി കാത്തിരിക്കുകയും ചെയ്ത മനസ്സിന്‍റെ അകത്തളങ്ങളിലെക്കും ആരും കണ്ണോടിച്ചു കണ്ടില്ല.  ഒരു ഗ്രാമത്തിനെയാകെ അപഥ സഞ്ചാരത്തിന്‍റെ  പടുകുഴിയില്‍ നിന്ന്  കാത്തുരക്ഷിക്കാം എന്നു സത്യം ചെയ്ത് , ഒരു മനുഷ്യ ജീവന് പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാത്ത  അധമരെ ഒരിക്കലും പിന്താങ്ങുകയോ ഓശാന പാടുകയോ അല്ല . മറിച്ച്  കൊടിയത്തൂര്‍ സദാചാര പോലീസിനെയും അവരുടെ ക്രൂര കര്‍മ്മത്തെയും കുറിച്ച് വായിട്ടലച്ചവര്‍ കാണാതെ പോയ ഒരു പാവം മനുഷ്യ മനസ്സിന്‍റെ വേദന ...ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ആയിരക്കണക്കിന് പുരുഷ സ്ത്രീ ജന്മങ്ങളുടെ ഹൃദയത്തിന്റെ വിങ്ങല്‍ .. അതുകൂടി ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം ബാധ്യസ്ഥരാണ് .
എന്തിനും ഏതിനും കാര്യവും കാരണവും കണക്കുകളും നിരത്തി പ്രസംഗിക്കുന്ന മലയാളികളുടെ മനസ്സാക്ഷിക്കു മുമ്പില്‍ എനിക്ക് പറയുവാനുള്ളത് ഞാന്‍ സമര്‍പ്പിക്കുന്നു ...

Sunday 13 November 2011

ആത്മ വേദന .


അറിയില്ലെങ്ങനെ
അറിയിക്കും ഞാനെന്‍
ആത്മാവില്‍ നിറയും
അണയാത്ത വേദന.

അന്തരംഗം തുടിക്കും
അകലെയാണെങ്കിലും
അറിയാതെ നോവും
അണയാത്തയോര്‍മ്മയില്‍ ,
അനുപമമൊഴുകിടും
ആ നാദധാരയില്‍ .
അഴകായി വിടരും
അരുമ സ്വപ്നങ്ങളില്‍ .

അഴിയാത്ത കുരുക്കുകള്‍
അടവെച്ച ജീവിതം
അറിയാതെ നിന്നെ
അടര്‍ത്തി മാറ്റി .
അലയുന്നു ഞാനിന്നും
അലയായി ആഴിയില്‍
അവിരാമം തുടരുന്നെന്‍
ആത്മായനം .

അടുക്കുവാനാവില്ല
അലിയുവാനാകില്ല
അത്രക്കകന്നു നാം
അറിയുന്നുവെങ്കിലും ,
അശ്രു പുഷ്പങ്ങള്‍
ആ പാദാരവിന്ദത്തില്‍
അര്‍പ്പിച്ചിടട്ടെ ഞാന്‍
അരുമയാം തോഴീ ..

Saturday 5 November 2011

നിലാവിനോട് ...


പതയട്ടെ നിന്‍റെ നിലാവിന്‍റെ ലഹരി
നുരയട്ടെ രാഗവര്‍ഷത്തിന്‍ കാന്തി
വിടരട്ടെ പുഷ്പ്പവാടി തന്‍ ഭംഗി
പുലരട്ടെ നല്‍ ദിനങ്ങള്‍ തന്‍ ശാന്തി .

നിഴാലാട നീങ്ങിയ ഭൂമിക്കു കുളിരിന്‍റെ 
പൂവാട ചാര്‍ത്തിയ ചിത്രലേഖേ 
താഴത്ത് വിടരാതെ നിന്നെയും കാത്തു
നില്‍ക്കുന്നു പൊന്നാമ്പല്‍ ചിത്രലേഖേ 

നിന്നോളി ചിതറിയ നെല്‍വയല്‍ സാഗര
തീരത്ത്‌ വിളയാടും രാക്കിളികള്‍
പുലരും വരെ തീര്‍ക്കും രാഗധാര
കേട്ടോന്നു കുളിരുമെന്‍ ചിത്തമെന്നും .

മലര്‍വാടി തിങ്ങി സൂനങ്ങള്‍ പൂവിട്ടു
പുഞ്ചിരി തൂകുന്നു നിന്‍ മുഖം പോലെ
നിന്‍ തോഴിയാമിളം കാറ്റിന്‍റെ താളത്തില്‍
നൃത്തമാടുന്നീ രാവുതോറും.

ഇടവഴി നീളെ നിഴല്‍പൂ വിരിച്ചു നീ
തീര്‍ക്കുന്ന നയനമനോഹര ചാരുത
നാട്ടിന്‍പുറത്തെ കോള്‍മയിര്‍ കൊള്ളിക്കും
എന്നുള്ളം പോലവേ  എന്നുമെന്നും .

പുല്ലാനിക്കാട്ടില്‍ ഇളം കാറ്റ് തീര്‍ക്കുന്ന
നൃത്തച്ചുവടുകള്‍ കണ്ടുവോ നീ?
ആഴിതന്‍ ആഴത്തില്‍ ചിത്രം വരയ്ക്കുന്ന
പരല്‍മീന്‍ കൂട്ടത്തെ കണ്ടുവോ നീ?

ചീവീട് തീര്‍ക്കുന്ന കച്ചേരി കേട്ടു
താളം പിടിക്കുന്ന കാട്ടാറിന്‍ കൈവഴി
കൂട്ടിനായ് തൂകുന്ന കുളിര്‍മഞ്ഞും ചേര്‍ന്നാല്‍ 
പകലിനെക്കാളേറെ  സുന്ദരി നീ

പുലരും വരെയും വെളുക്കെ ചിരിച്ചു നീ
ദുഖങ്ങളെല്ലാം മറച്ചു വെക്കും
പുഞ്ചിരി പൂവിട്ട പൊന്നാട നെയ്തു നീ
പൊന്‍ തിങ്കള്‍ കലയായി ദൂരെ വാനില്‍

നീയില്ലയെങ്കില്‍ എന്ത് ഞാന്‍ ചൊല്ലേണ്ടു
ഘോരാന്ധകാരം  പരക്കുമീ ഭൂമിയില്‍  
മൌനികളാകും രാക്കിളികള്‍ പിന്നെ
പുഞ്ചിരി തൂകാത്ത പൂവാടികള്‍ .

പുലരാതിരിക്കുവാനാവില്ലയെങ്കിലും
പുഞ്ചിരി വാടാതെ സൂക്ഷിക്കയെന്നും
കളങ്കിതര്‍ ഞങ്ങള്‍ കറുപ്പിക്കും ലോകത്തെ
വെറുക്കാതിരിക്ക  നീ എന്നുമെന്നും.
  
പാലൊളി
തൂകുവാന്‍ മാത്രാമായ് നിന്‍ ജന്മം
പൂക്കളെ സ്നേഹിക്കാന്‍ മാത്രമായീ ജന്മം
പാരിതില്‍ സ്നേഹം വിളമ്പുവാനെന്നും
പ്രാര്‍ത്ഥിക്കാം നിനക്കായി ഞങ്ങള്‍ നിത്യം .