Sunday 30 October 2011

ജീവിതമെങ്ങനെ പുലരും ?

തബുരു മീട്ടിയിരുന്നാല്‍ നമ്മുടെ
ജീവിതമെങ്ങനെ പുലരും ?
തലവരയിങ്ങനെ എന്ന് നിനച്ചാല്‍
തളരാതെങ്ങനെ മുന്നേറും?


സ്വര്‍ഗ്ഗം ഭൂമിയിലെന്നു നിനച്ചു

സ്വപ്നം കണ്ടു നടന്നാലെങ്ങനെ
സ്വയമീ നരകക്കുഴിയില്‍ നിന്നും
സന്മാര്‍ഗ്ഗത്തെ പിന്‍പറ്റും ?


നന്നേ ചെറിയൊരു ജീവിതമെന്നത്‌

നിനച്ചീടാതെ നടന്നീടും
നാശം വന്നു ഭവിച്ചാല്‍ പിന്നെ
നാരായണനെ നമിച്ചീടും..! 


സുഖ ദുഃഖങ്ങള്‍ നിറഞ്ഞൊരു പാതയില്‍

സുരതം മാത്രം സുഖമെന്നോതി
സ്വയമേയിങ്ങനെ നശിച്ചു കഴിയും
സജ്ജനമെന്നു  കരുതും പലരും.


തമ്മിലിണങ്ങി പിണങ്ങിയൊഴുകും  

താളം തെറ്റി നുരഞ്ഞു പതയും 
തുടരും ജീവിത വഴിയില്‍ പലരും
തകരും തരിവള പോലെയുലകില്‍ .


പുലരും പുതിയൊരു പ്രഭാതം നിത്യം

അണയും നല്ലൊരു ജീവിത ലക്ഷ്യം
അടരാടീടുക തളരാതെന്നും
അകലെക്കാണും പുലരിക്കായി .


നല്ലത് ചൊല്ലാന്‍ നല്ലത് ചെയ്യാന്‍

നാവിന്‍ തുമ്പില്‍ നന്മ നിറക്കാന്‍
നാളെ നല്ലൊരു ഭൂമി ചമയ്ക്കാന്‍
നമ്മള്‍ക്കീശന്‍ വിധി നല്‍കട്ടെ ..
.!

No comments:

Post a Comment