Monday 26 September 2011

സ്വപ്നലോകം

ചന്ദനപ്പല്ലക്കില്‍ ഞാന്‍ പോയ ലോകങ്ങള്‍
ചാലിച്ചെടുത്തു നിനക്ക് ഞാന്‍ നല്‍കുകില്‍
മധുര സ്വപ്‌നങ്ങള്‍ പോലെ നിനക്കതു
മറക്കുവാനാവില്ല ജീവിതത്തില്‍

ചാമരം വീശുന്ന കൊച്ചു കാറ്റില്‍
ചാഞ്ചാടിയാടുന്ന കൊച്ചു മാവില്‍
ചെഞ്ചോര നിറമാര്‍ന്ന തേന്‍ കനികള്‍
ചെമ്മേ പഴുത്തു വിളഞ്ഞാടി നില്‍ക്കും.

തെളി നീരോഴുകുന്ന കുളിരരുവീ , ഇതില്‍
പാദം നനച്ചാല്‍ കുളിര് കോരും
പ്രകൃതിക്ക് കിട്ടിയതെവിടെന്നിത്രയും
മുത്തുകള്‍ വാരി വിതറുവാനായ്

ഇരുളും വെളിച്ചവും ഇണചേര്‍ന്നു രമിക്കുമീ
ബാല്യം തിമര്‍ത്തോരീ ഇടവഴികള്‍
പാദങ്ങള്‍ ചേര്‍ത്തൊന്നു വെക്കുകില്‍ ചൊല്ലിടും
പഴങ്കഥയേറെ നിനക്ക് കേള്‍ക്കാന്‍ .

ചെമ്പാവ് നിറകതിര്‍ ചാര്‍ത്തിയ പാടങ്ങള്‍
അതിരിട്ട കല്പ്പവൃക്ഷത്തിന്‍ തോപ്പുകള്‍ ,
പൂ ചൂടും മാമാരക്കുടകള്‍ക്ക്  താഴെ
നിറസന്ധ്യ കുങ്കുമം പൂശിയ ചെറു വഴികള്‍.

തൂമഞ്ഞു തൂകുന്നപ്രഭാതങ്ങള്‍ കണ്ടുവോ
തുള്ളിത്തെറിക്കുമീ മഴത്തുള്ളി കണ്ടുവോ
ഉള്ളം നിറയ്ക്കുമീ തണുത്ത കാറ്റും
പൊള്ളുന്ന വേനലും തൊട്ടറിഞ്ഞോ ?

പറയുവാനേറെയുണ്ടെങ്കിലും തോഴീ
ചൊല്ലുവാനാവില്ല നിറസ്വപ്നക്കാഴ്ചകള്‍ .
നേരിട്ട് കാണുവാനാവില്ല നിനക്കിതു
കാണുവാന്‍ സ്വപ്‌നങ്ങള്‍ മാത്രമാണാശ്രയം.

No comments:

Post a Comment