Wednesday 21 September 2011

പഥികന്‍

പഥികന്‍ ഞാന്‍ പൊരിവെയിലില്‍
പലതവണ തലചായ്ച്ച
പൂമരം വെട്ടിയതാരണാവോ?
ലോകര്‍ക്ക് മുഴുവനും തണലേകി നിന്നോരീ
പൊന്‍ മരം വെട്ടിയതാരാണാവോ  ?

പൊരിവെയില്‍ പൊള്ളിച്ച പാദങ്ങളോടെ ഞാന്‍

പലതവണ കേറിക്കിടന്ന ഗേഹം ,
പകലറുതി വിതാനിച്ച പഴം തുണിക്കെട്ടുകള്‍
തലയിണയാക്കി കിടന്ന ഗൃഹം .
പലതും ചിന്തിച്ചു പിഞ്ഞിയ മനതാരില്‍
പലവര്‍ണ്ണ സ്വപ്‌നങ്ങള്‍ തെളിഞ്ഞ ലോകം .

പാതിമെയ്യും പിന്നെ പിറന്നൊരു മക്കളും

ദയയോട്ടുമില്ലാതെ എറിഞ്ഞ ദേഹം .
ജീവിതം തീരുന്ന കാലം വരേയ്ക്കും
തെണ്ടി തീര്‍ക്കേണ്ട പാപ ജന്മം .
ആരാരും കൂട്ടിനില്ലാത്തോരീ ജീവിത
സാഗരം താണ്ടേണ്ട മനുഷ്യ ജന്മം .

പാമ്പും തേളും  പെരുച്ചാഴിയും

വിഷസഞ്ചി നിറച്ചൊരീ മരച്ചുവട്ടില്‍
പാതി മെയ്യായവള്‍ക്ക് പകരമായ്
കൂടെ ശയിപ്പരിവര്‍ കൂട്ടുകാരായ്.

താണ്ടുവാനിനിയെത്ര ഉണ്ടെന്നറിയാതെ

തെണ്ടുന്നു ഞാനിന്നും ഏകനായി
താണ്ടി തീരുമ്പോള്‍ തെണ്ടിക്കഴിയുമ്പോള്‍
തീരുമെന്‍ ജന്മം പാഴ് ചണ്ടിയായ്.

കാലിലെ ഞരമ്പുകള്‍ പോലെ പിണഞ്ഞോരീ

വേരുകള്‍ വല തീര്‍ത്ത പൊന്‍ പൂമരം
ആരോരുമില്ലാത്തവര്‍ക്കായി പ്രകൃതി തന്‍
കൊട്ടാരമീ വന്‍ പൊന്‍ പൂമരം.

പച്ചയാം കുട നീര്‍ത്തി പരിലസിക്കുന്നോരീ

വന്മരക്കുടകളെ നശിപ്പിക്കുവോര്‍
മനുഷ്യ കുലത്തിന്‍റെ തായ് വേരറുത്തിടും
ഭൂമിയൊരു മരുഭൂവായ് മാറ്റിടും നിശ്ചയം ..! 

No comments:

Post a Comment